Sunday, February 17, 2013
അനുരാധയുടെ ആത്മഹത്യ കന്ദയ്ക്കും അരുണക്കും എതിരെ കേസ്
ന്യൂഡല്‍ഹി: അനുരാധ ശര്‍മ്മയുടെ ആത്മഹത്യയെ തുടര്‍ന്ന് ഹരിയാന മുന്‍ ആഭ്യന്തരമന്ത്രി ഗോപാല്‍ കന്ദയ്ക്കും സഹായി അരുണ ഛദ്ദയ്ക്കുമെതിരെ ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുത്തു.
ആത്മഹത്യ ചെയ്ത മുന്‍ എയര്‍ഹോസ്റ്റസ് ഗീതികാ ശര്‍മ്മയുടെ അമ്മയാണ് ആത്മഹത്യ ചെയ്ത അനുരാധ ശര്‍മ്മ. ഗീതികയുടെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായ ഗോപാല്‍ കന്ദയും അരുണയും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇപ്പോള്‍ അനുരാധയുടെ മരണത്തിനും അവര്‍ ഉത്തരവാദികളാണെന്ന് അനുരാധ എഴുതിയ ആത്മഹത്യാകുറിപ്പില്‍ നിന്നും വെളിവാക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ പ്രേരണാകുറ്റത്തിനുകൂടി കേസെടുത്തിരിക്കുന്നത്. വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ അശോക് വിഹാറിലുള്ള വീട്ടില്‍ ഫനില്‍ കെട്ടിത്തൂങ്ങി മരിച്ചനിലയിലാണ് അനുരാധയെ കണ്ടത്.
മൃതദേഹത്തിനരികില്‍ നിന്നും അവര്‍ മകനെഴുതിയ ആത്മഹ്യാകുറിപ്പ് കണ്ടെടുത്തു. ധീരനാവണമെന്ന് അനുരാധ കുറിപ്പില്‍ മകനോട് ആവശ്യപ്പെട്ടതായി ഡല്‍ഹി പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ പി കരുണാകരന്‍ പറഞ്ഞു. കുറിപ്പിലെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. മുന്‍മന്ത്രി കന്ദ ഗീതികയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നോ എന്നകാര്യം അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.കന്ദയുടെ വിമാനകമ്പനിയായ എ ഡി എല്‍ ആറില്‍ എയര്‍ഹോസ്റ്റസായിരുന്ന ഗീതിക (23) 2012 ഓഗസ്റ്റ് 5 നാണ് ആത്മഹത്യ ചെയ്യുന്നത്.
ആത്മഹത്യയ്ക്ക് കാരണം കന്ദയും അരുണയുമാണെന്ന് അന്ന് ഗീതിക കുറിപ്പില്‍ എഴുതിയതിനെത്തുടര്‍ന്ന് രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മകളുടെ മരണത്തെത്തുടര്‍ന്ന് കടുത്ത ദു:ഖത്തില്‍ കഴിഞ്ഞിരുന്ന അമ്മ അനുരാധ വളരെ അസ്വസ്ഥയായിരുന്നെന്ന് അടുത്ത ബന്ധുക്കള്‍ പറഞ്ഞു. കുടുംബസുഹൃത്ത് കൂടിയായിരുന്ന മുന്‍ ആഭ്യന്തരമന്ത്രി കന്ദയില്‍ നിന്നും ഇവര്‍ക്ക് നിരന്തര ഭീഷണിയുണ്ടായിട്ടുണ്ടാകാം എന്നാണ് സംശയിക്കുന്നത്.
സംഭവം നടക്കുമ്പോള്‍ ഭര്‍ത്താവ് ദിനേഷ് ശര്‍മ്മ ജോലി സംബന്ധമായ യാത്രയിലായിരുന്നു. മകന്‍ ഓഫീസിലുമായിരുന്നു. വീടിനടുത്തുള്ള ഓഫീസിലായതുകൊണ്ട് കൂടെ ഉച്ചഭക്ഷണം കഴിക്കാന്‍ മകന്‍ ക്ഷണിച്ചെങ്കിലും അനുരാധ വീട്ടില്‍ കഴിക്കാമെന്ന് പറഞ്ഞ് പോയില്ല. വൈകുന്നേരമാണ് അമ്മയെ ആത്മഹത്യ ചെയ്തനിലയില്‍ മകന്‍ കാണുന്നത്. അനുരാധയുടെ അടുത്ത ബന്ധുവായ ജ്യോതിയാണ് മൃതദേഹം ആദ്യം കാണുന്നത്. അവര്‍ മകന്‍ അംകിത് ശര്‍മ്മയെ വിവരം അറിയിക്കുകയായിരുന്നു.
janayugom 170213
Subscribe to:
Post Comments (Atom)
No comments:
Post a Comment