കെ എസ് ടി എ സമ്മേളനം തുടങ്ങി
മലപ്പുറം: പൊതുവിദ്യാഭ്യാസം സംരക്ഷിക്കാന്‍ പോരാട്ടം ശക്തിപ്പെടുത്തണമെന്ന ആഹ്വാനത്തോടെ കെഎസ്ടിഎ 22-ാം സംസ്ഥാന സമ്മേളനത്തിന് ഉജ്വല തുടക്കം. വിദ്യാഭ്യാസമേഖല ജാതി-മതശക്തികള്‍ക്ക് തീറെഴുതാനുള്ള യുഡിഎഫ് ശ്രമം ചെറുത്തുതോല്‍പ്പിക്കാനുള്ള ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും മൂന്നുനാള്‍ നീളുന്ന സമ്മേളനം വേദിയാകും. "പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക, സാമൂഹ്യ നന്മകള്‍ വീണ്ടെടുക്കുക" എന്ന മുദ്രാവാക്യമുയര്‍ത്തി 12 വരെയാണ് സമ്മേളനം.
ഞായറാഴ്ച രാവിലെ പ്രസിഡന്റ് കെ എന്‍ സുകുമാരന്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനം തുടങ്ങിയത്. ബാബു അമ്പാടി നഗറില്‍ (മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയം) പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പ്രതിനിധിസമ്മേളനം ഉദ്ഘാടനംചെയ്തു. കെ എന്‍ സുകുമാരന്‍ അധ്യക്ഷനായി. കെ രാജേന്ദ്രന്‍, എ ശ്രീകുമാര്‍, എന്‍ ശ്രീകുമാര്‍, ജോസ് പ്രകാശ് എന്നിവര്‍ സംസാരിച്ചു. പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ സ്വാഗതവും കെഎസ്ടിഎ ജനറല്‍ സെക്രട്ടറി എം ഷാജഹാന്‍ നന്ദിയും പറഞ്ഞു. കെ എന്‍ സുകുമാരന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ടി തിലകരാജ് രക്തസാക്ഷി പ്രമേയവും പി ഡി ശ്രീദേവി അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ എന്‍ സുകുമാരന്‍, എന്‍ ബാലകൃഷ്ണന്‍, ഡി വിമല, കെ ജി ഹരികുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ഞായറാഴ്ച പകല്‍ മൂന്നിന് നടന്ന സാമ്പത്തിക സെമിനാറില്‍ പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ പ്രൊഫ. വെങ്കിടേഷ് ആത്രേയ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ ചരിത്ര പ്രദര്‍ശനമായ ഭ"നേരറിവിന്റെ തീക്കുറികള്‍"അച്ചടിപ്പതിപ്പ് അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി എ വിജയരാഘവന്‍ പ്രകാശനം ചെയ്തു. വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്തു. തായാട്ട് ശങ്കരന്റെ "ഇന്ത്യന്‍ വിദ്യാഭ്യാസം നൂറ്റാണ്ടുകളിലൂടെ" പുസ്തകം അദ്ദേഹം പ്രകാശനം ചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ പുസ്തകം ഏറ്റുവാങ്ങി. ഡോ. ബി ഇക്ബാല്‍ അധ്യാപകലോകം അവാര്‍ഡ് വിതരണം ചെയ്തു. പ്രൊഫ. ജയകുമാര്‍, പ്രൊഫ. പി മമ്മദ്, പി കെ കൃഷ്ണദാസ്, എ വി ഇന്ദുലാല്‍, കെ വി ദേവദാസ് എന്നിവര്‍ സംസാരിച്ചു. കെ എന്‍ സുകുമാരന്‍ അധ്യക്ഷനായി. എം ഷാജഹാന്‍ സ്വാഗതവും കെ ജെ ഹരികുമാര്‍ നന്ദിയും പറഞ്ഞു. തിങ്കളാഴ്ച പ്രതിനിധി സമ്മേളനത്തില്‍ പൊതുചര്‍ച്ച നടക്കും. പകല്‍ 12ന് സിഐടിയു സംസ്ഥാന സെക്രട്ടറി കെ കെ ദിവാകരന്‍ ട്രേഡ് യൂണിയന്‍ പ്രഭാഷണം നടത്തും. വൈകിട്ട് നാലിന് നടക്കുന്ന ട്രേഡ് യൂണിയന്‍ സൗഹൃദ സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി പി നന്ദകുമാര്‍ ഉദ്ഘാടനംചെയ്യും.
പൊതുവിദ്യാഭ്യാസം വീണ്ടെടുക്കാന്‍ പ്രക്ഷോഭം: കെഎസ്ടിഎ
മലപ്പുറം: പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന നയങ്ങള്‍ തിരുത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് കെഎസ്ടിഎ രൂപംനല്‍കുമെന്ന് ജനറല്‍ സെക്രട്ടറി എം ഷാജഹാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലപാടുകള്‍ തിരുത്തിയില്ലെങ്കില്‍ സര്‍ക്കാരുമായി സഹകരിക്കുന്ന കാര്യം പുനരാലോചിക്കേണ്ടിവരും. വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത പാരമ്പര്യമാണ് സംഘടനയ്ക്കുള്ളത്. എന്നാല്‍, അത് ദൗര്‍ബല്യമായി സര്‍ക്കാര്‍ കാണരുത്. വിദ്യാലയങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച പല പദ്ധതികളും ഇതിനകം സര്‍ക്കാര്‍ നിര്‍ത്തലാക്കി. കേന്ദ്രപദ്ധതിയായ രാഷ്ട്രീയ മാധ്യമ ശിക്ഷക് അഭിയാന്‍ (ആര്‍എംഎസ്എ) നിലച്ചമട്ടാണ്. എസ്എസ്എയുടെ കോടിക്കണക്കിന് രൂപയുടെ ഫണ്ട് പാഴാക്കി. രണ്ട് വിദ്യാഭ്യാസ പ്രോജക്ടുകള്‍ക്കും ഡയറക്ടര്‍മാരില്ലാതായിട്ട് മാസങ്ങളായി. അധ്യാപക പരിശീലന പരിപാടി പൂര്‍ണമായി അട്ടിമറിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം എങ്ങുമെത്താത്തതിനാല്‍ തസ്തിക നിര്‍ണയം നീളുന്ന അവസ്ഥയാണ്. നൂറുകണക്കിന് അധ്യാപകരുടെ ജോലി സുരക്ഷയെ ബാധിക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.
സിബിഎസ്ഇ സ്കൂളുകള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ല. കേസില്‍ കെഎസ്ടിഎ കക്ഷി ചേരും. എല്‍ഡിഎഫ് സര്‍ക്കാര്‍ രാജ്യത്തിനുതന്നെ മാതൃകയാകുന്ന രീതിയില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ഐടി @ സ്കൂള്‍ തകര്‍ച്ചയുടെ വക്കിലാണ്. റിസോഴ്സ് പോര്‍ട്ടല്‍ സംവിധാനം കാര്യക്ഷമമല്ല. ലക്ഷങ്ങള്‍ ചെലവിട്ട് പാഠപുസ്തകങ്ങള്‍ അച്ചടിച്ചിട്ടും വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്പെടാത്ത സ്ഥിതിയാണ്. എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ആരംഭിക്കാനായിട്ടും ഇക്കാര്യത്തില്‍ അനശ്ചിതത്വം തുടരുകയാണ്. പണിമുടക്കില്‍ പങ്കെടുത്തതിന്റെ പേരില്‍ ഐടി @ സ്കൂളിലെ 34 ജീവനക്കാരെ പിരിച്ചുവിട്ടു. ഇവരുടെ കഴിവ് ഉപയോഗപ്പെടുത്തി സംഘടന അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. സ്വതന്ത്ര സോഫ്റ്റ്വെയറായ "ലിനക്സ്" ഒഴിവാക്കാനുള്ള നീക്കം ചെറുക്കും. ഐടി @ സ്കൂളിനെ സംരക്ഷിക്കാന്‍ സേവ് ഫോറം രൂപീകരിക്കുന്ന കാര്യം സമ്മേളനം ഗൗരവമായി ചര്‍ച്ച ചെയ്യും.
പങ്കാളിത്ത പെന്‍ഷനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കും. സമരത്തില്‍ പങ്കെടുത്ത അധ്യാപകര്‍ക്കെതിരായ ശിക്ഷാനടപടി പിന്‍വലിക്കുമെന്ന ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല. സസ്പെന്‍ഡ് ചെയ്യപ്പെട്ടവരെ തിരിച്ചെടുക്കാനോ കേസുകള്‍ റദ്ദാക്കാനോ തയ്യാറായിട്ടില്ല. നിലപാട് തിരുത്തിയില്ലെങ്കില്‍ മറ്റ് സംഘടനകളുമായി ആലോചിച്ച് യോജിച്ച പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നുനാള്‍ നീണ്ടുനല്‍ക്കുന്ന സമ്മേളനത്തില്‍ താഴെപറയുന്ന കമ്മിറ്റികളെയും തെരഞ്ഞെടുത്തു. മിനുട്സ്: എസ് അജയകുമാര്‍ (കണ്‍വീനര്‍), ടി വി മദനമോഹനന്‍, കെ എന്‍ പുഷ്പലത. ക്രഡന്‍ഷ്യല്‍: പി വേണുഗോപാല്‍ (കണ്‍വീനര്‍), പി കെ സുധാകരന്‍, പി അനിതകുമാരി, കെ എസ് റംലബീഗം, പി നാരായണന്‍, കെ ബീന, മോഹനചന്ദ്രന്‍. പ്രമേയം: കെ ജെ ഹരികുമാര്‍ (കണ്‍വീനര്‍), ശ്രീകുമാര്‍, പി എന്‍ സജീവന്‍, കെ അച്യുതന്‍കുട്ടി.
സാധാരണക്കാരന് വിദ്യാഭ്യാസം അപ്രാപ്യമാകും: ആത്രേയ
മലപ്പുറം: സേവന മേഖലകളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുന്നതോടെ സാധാരണ ജനവിഭാഗത്തിന് വിദ്യാഭ്യാസം അപ്രാപ്യമാകുമെന്ന് പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ വെങ്കിടേഷ് ആത്രേയ പറഞ്ഞു. കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ മേഖലകളില്‍ ഉള്‍പ്പെടെ സാമൂഹ്യ നന്മകള്‍ നഷ്ടമായി. ലാഭമുണ്ടാക്കാനുള്ള കുറുക്കുവഴികളാണ് എല്ലാവരും അന്വേഷിക്കുന്നത്. സേവന മേഖലകളില്‍ സര്‍ക്കാരിന്റെ പിന്മാറ്റം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. പുത്തന്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ രാജ്യത്തെ ബഹുഭൂരിപക്ഷംവരുന്ന സാധാരണ ജനവിഭാഗത്തിന് ഗുണമുണ്ടാക്കിയിട്ടില്ല. കുത്തകകള്‍ക്കും വിദേശ മൂലധന ശക്തികള്‍ക്കും വേണ്ടിയുള്ള നയരൂപീകരണമാണ് രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത്. സേവന മേഖലയില്‍ ചെലവഴിക്കാന്‍ പണമില്ലെന്നാണ് സര്‍ക്കാര്‍ വാദം. രാജ്യത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും മാസം 35 കിലോ ഭക്ഷ്യധാന്യം നല്‍കാന്‍ 1.4 ലക്ഷം കോടി രൂപ മതി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 5.29 ലക്ഷം കോടിയുടെ നികുതിയിളവാണ് കേന്ദ്രസര്‍ക്കാര്‍ കുത്തകകള്‍ക്ക് അനുവദിച്ചത്. ഭരിക്കുന്നവര്‍ക്ക് ആരോടാണ് പ്രതിബദ്ധതയെന്നതാണ് ഇത് വ്യക്തമാക്കുന്നത്. സാമ്പത്തിക പരിഷ്കാരങ്ങളുടെ മറവില്‍ അടിയന്തരാവസ്ഥ പുതിയ രൂപങ്ങളില്‍ മടങ്ങി വരികയാണ്. സാമ്പത്തിക വളര്‍ച്ച കൈവരിച്ചെന്ന വാദം പൊള്ളയാണ്. കാര്‍ഷിക മേഖല പൂര്‍ണമായും തകര്‍ന്നിട്ടും പാഠം പഠിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
deshabhimani 110213
No comments:
Post a Comment