Monday, February 11, 2013

കവി ഡി വിനയചന്ദ്രന്‍ അന്തരിച്ചു


മലയാള കവിതയില്‍ തീവ്രാനുഭവങ്ങളുടെ നവഭാവുകത്വം നിറച്ച കവി ഡി വിനയചന്ദ്രന്‍ അന്തരിച്ചു. സംസ്കാരം പിന്നീട്. അവിവാഹിതനായിരുന്നു. ഇടപ്പഴഞ്ഞിയിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു. ആശാന്‍ സ്മാരക കവിതാ പുരസ്കാരം,കേരള സാഹിത്യ അക്കാദമി പുരസ്കാരം എന്നിവ നേടിയുണ്ട്.

1946 മെയ് 16 ന് കൊല്ലം ജില്ലയിലെ പടിഞ്ഞാറെ പല്ലടയില്‍ ജനനം. ഭൗതികശാസ്ത്രത്തില്‍ ബിരുദവും മലയാള സാഹിത്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടി. വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. 1993 മുതല്‍ ല്‍ എം ജി യൂനിവേഴ്സിറ്റി സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ അദ്ധ്യാപകനുമായിരുന്നു.വിരമിച്ചശേഷം സാംസ്കാരികരംഗത്തും സാമൂഹ്യപ്രശ്നങ്ങളിലും സജീവമായി ഇടപെട്ടു.

നരകം ഒരു പ്രേമകവിത എഴുതുന്നു, ഡി വിനയചന്ദ്രന്റെ കവിതകള്‍, ദിശാസൂചി, കായിക്കരയിലെ കടല്‍, വീട്ടിലേയ്ക്കുള്ള വഴി, സമയമാനസം, സമസ്തകേരളം പി ഒ (കവിതാസമാഹാരങ്ങള്‍), പൊടിച്ചി, ഉപരിക്കുന്ന് (നോവല്‍), പേരറിയാത്ത മരങ്ങള്‍ (കഥകള്‍), വംശഗാഥ (ഖണ്ഡകാവ്യം), കണ്ണന്‍ (മൃണാളിനി സരാഭായിയുടെ കാവ്യത്തിന്റെ പരിഭാഷ), നദിയുടെ മൂന്നാംകര (ലോകകഥകളുടെ പരിഭാഷ), ജലംകൊണ്ട് മുറിവേറ്റവന്‍ (ലോര്‍ക കവിതകളുടെ പരിഭാഷ), ആഫ്രിക്കന്‍ നാടോടിക്കഥകള്‍ (പുനരഖ്യാനം), ദിഗംബര കവിതകള്‍ (പരിഭാഷ) എന്നിവയാണ് പ്രധാന കൃതികള്‍. യൂണിവേഴ്സിറ്റി കോളെജ് കവിതകള്‍, കര്‍പ്പൂരമഴ (പി യുടെ കവിതകള്‍), ഇടശ്ശേരിയുടെ തിരഞ്ഞെടുത്ത കവിതകള്‍, എന്നീ പുസ്തകങ്ങളുടെ എഡിറ്ററായിരുന്നു.

deshabhimani

1 comment: