Thursday, February 7, 2013

പി സി ജോര്‍ജിനെതിരെ പ്രതിഷേധം പുകയുന്നു


പ്രതിപക്ഷ എംഎല്‍എമാരെയും ദളിതരെയും അനാഥ യുവതികളെയും ആക്ഷേപിച്ച ചീഫ്വിപ്പ് പി സി ജോര്‍ജിനെതിരെ പ്രതിഷേധം പുകയുന്നു. ഒരു സ്വകാര്യപരിപാടിയിലാണ് കഴിഞ്ഞ ദിവസം പി സി ജോര്‍ജ് മാന്യതയില്ലാത്ത പ്രതികരണം നടത്തിയത്. ഈ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്ത ചാനല്‍ പ്രവര്‍ത്തകരെയും ജോര്‍ജ് ആക്ഷേപിച്ചു.

പ്രതിപക്ഷം സഭ ബഹിഷ്കരിച്ചതിനെക്കുറിച്ച് "ഓടിച്ചാടി എല്ലാ തെണ്ടികളും കൂടി ഇറങ്ങിപ്പോയി" എന്നാണ് ജോര്‍ജ് പറഞ്ഞത്. ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ എങ്ങനെയെങ്കിലും ഒരു സ്ഥാനത്തെത്തിയാല്‍ ഉടനെ ചെന്ന് ഏതെങ്കിലും അനാഥാലയത്തിലെ പെണ്‍കുട്ടികളെ കല്യാണം കഴിക്കും. അത് കരുണ കൊണ്ടല്ല തൊലിവെളുത്ത പെണ്ണുങ്ങളെ കിട്ടാനാണെന്നും ജോര്‍ജ് പരിഹസിച്ചു. അനാഥപ്പെണ്ണുങ്ങള്‍ക്ക് എങ്ങനെ തൊലിവെളുപ്പ് കിട്ടിയെന്ന് പറഞ്ഞാല്‍ പ്രശ്നമാകുമെന്നതിനാല്‍ താന്‍ പറയുന്നില്ലെന്നും ജോര്‍ജ് കളിയാക്കി.

പ്രതിപക്ഷത്തെ അപമാനിച്ച ചീഫ് വിപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് വി എസ് സുനില്‍കുമാര്‍ സ്പീക്കര്‍ക്ക് കത്തു നല്‍കി. അനാഥാലയത്തില്‍ നിന്നും വിവാഹം കഴിക്കുന്നവരെ സമൂഹം ബഹുമാനത്തോടെ കാണുമ്പോള്‍ അവരെ അപമാനിച്ച ജോര്‍ജിനെ ദൈവം ശിക്ഷിക്കട്ടെയെന്ന് ടി എന്‍ പ്രതാപന്‍ എം എല്‍എ പ്രതികരിച്ചു. വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്ത ചാനല്‍ പ്രവര്‍ത്തകരെ ജോര്‍ജ് ഭീഷണിപ്പെടുത്തി. ചാനല്‍ പത്രപ്രവര്‍ത്തക യൂനിയന് പരാതി നല്‍കി. കഴിഞ്ഞ ദിവസം സൂര്യനെല്ലി പെണ്‍കുട്ടിയെയും ജോര്‍ജ് ഇത്തരത്തില്‍ അപമാനിച്ചു.

deshabhimani 080213

No comments:

Post a Comment