Saturday, February 16, 2013
സാക്ഷി മദ്യപിച്ചെന്ന് സംശയം; ചന്ദ്രശേഖരന്‍ വധക്കേസ് വിചാരണ നിര്‍ത്തി
സാക്ഷി മദ്യപിച്ചിട്ടുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ടി പി ചന്ദ്രശേഖരന്‍ വധക്കേസ് വിചാരണ നിര്‍ത്തി. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം വിസ്താരം തുടങ്ങി 15 മിനിറ്റിനകമാണ് കോടതി വിചാരണ നിര്‍ത്തിയത്. രണ്ടാംസാക്ഷി ടി പി രമേശനെ പ്രതിഭാഗം അഭിഭാഷകന്‍ ബി രാമന്‍പിള്ള വിസ്തരിക്കുമ്പോഴാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പകല്‍ രണ്ടേമുക്കാലിനാണ് ഉച്ചഭക്ഷണ ഇടവേളയ്ക്കു ശേഷം വിസ്താരം തുടങ്ങിയത്. തുടക്കം മുതല്‍ ചോദ്യങ്ങള്‍ക്കൊന്നും രമേശനില്‍നിന്ന് മറുപടിയുണ്ടായില്ല. ചില നേരം കണ്ണടഞ്ഞുപോയി. ഇങ്ങനെ പോയാല്‍ സാക്ഷിക്ക് മറുപടിയൊന്നുമില്ലെന്ന് രേഖപ്പെടുത്തേണ്ടിവരുമെന്നും സമയം നഷ്ടപ്പെടുത്തരുതെന്നും ജഡ്ജി ആര്‍ നാരായണ പിഷാരടി മുന്നറിയിപ്പു നല്‍കി.
ചോദ്യങ്ങള്‍ക്ക് മറുപടി കിട്ടാഞ്ഞപ്പോള്‍ അഡ്വ. രാമന്‍പിള്ള സാക്ഷിക്കൂട്ടിനരികിലേക്ക് നീങ്ങി. ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ഇടക്കിടെ കയര്‍ത്തുകൊണ്ടിരുന്ന രമേശന്‍ സീനിയര്‍ അഭിഭാഷകനായ രാമന്‍പിള്ളയോട് മോശമായി പെരുമാറിയപ്പോഴാണ് വിചാരണ നിര്‍ത്തിവയ്ക്കുന്നതായി ജഡ്ജി ഉത്തരവിട്ടത്. സാക്ഷിക്കൂട്ടില്‍നിന്ന് ഇറങ്ങിപ്പോകാന്‍ രമേശനോട് ജഡ്ജി ആവശ്യപ്പെട്ടു. പൊലീസുകാരോട് രമേശനെ ലഹരി പരിശോധനക്ക് ഉടന്‍ വിധേയനാക്കാനും റിപ്പോര്‍ട്ട് നല്‍കാനും ഉത്തരവിട്ടു. രമേശനെ പൊലീസെത്തി പുറത്തേക്ക് മാറ്റി. വെള്ളം കുടിച്ച് പുറത്തിരുന്ന രമേശനെ അരമണിക്കൂര്‍ കഴിഞ്ഞാണ് പൊലീസ് വാഹനത്തില്‍ ബീച്ചാശുപത്രിയില്‍ വൈദ്യപരിശോധനക്ക് കൊണ്ടുപോയത്. പ്രാഥമികപരിശോധനയില്‍ ലഹരി പദാര്‍ഥം ഉപയോഗിച്ചതായി കണ്ടെത്തിയെന്നാണ് സൂചന. രക്തപരിശോധനക്കുള്ള ശ്രമം രമേശന്‍ തടഞ്ഞതിനെത്തുടര്‍ന്ന് വിശദപരിശോധനയ്ക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. രമേശന്‍ മദ്യപിച്ചിട്ടില്ലെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. രക്തത്തില്‍ ലഹരിയുടെ അംശം ഉണ്ടോ എന്നത് വിശദമായ ലാബ്റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ വ്യക്തമാകൂ എന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
അന്വേഷണ സംഘത്തിലെ ഡിവൈഎസ്പി ജോസി ചെറിയാന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി. പരിശോധനയെ സ്വാധീനിക്കാനാണിതെന്ന് ആരോപണമുണ്ട്. വെള്ളിയാഴ്ച രാവിലെ രമേശനെ വിസ്തരിക്കാന്‍ തുടങ്ങിയിരുന്നു. അപ്പോള്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നില്ല. മൂന്നാംസാക്ഷി ടി പി മനീഷ്കുമാര്‍ ആര്‍എംപി പ്രവര്‍ത്തകനാണെന്ന് രമേശന്‍ മൊഴി നല്‍കി. പ്രതികളുടെ ശരീരപ്രകൃതി പറഞ്ഞുകൊടുത്തപ്പോള്‍ പൊലീസ് അവരുടെ പേരുകള്‍ പറഞ്ഞുതന്നുവെന്ന് പൊലീസില്‍ മൊഴി നല്‍കിയിട്ടില്ലെന്ന് രമേശന്‍ പറഞ്ഞു. അപ്രകാരം മൊഴിയുണ്ടെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഒന്നും പറയാനില്ലെന്നായിരുന്നു മറുപടി. പിന്നീട് പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ടെന്ന് മാറ്റിപ്പറയാനുള്ള രമേശന്റെ ശ്രമം ജഡ്ജി ആര്‍ നാരായണ പിഷാരടി തടഞ്ഞു. മൊഴി മാറ്റുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കേസില്‍ ഉള്‍പ്പെട്ടതായി ആരോപണമുള്ള ഇന്നോവ കാര്‍ രമേശന്‍ തിരിച്ചറിഞ്ഞു. സംഭവം നടക്കുമ്പോള്‍ കാറിന്റെ മുന്നിലും പിന്നിലും കണ്ട അറബി അക്ഷരങ്ങള്‍ ഇപ്പോള്‍ കാണുന്നില്ലെന്ന് രമേശന്‍ മൊഴി നല്‍കി.
deshabhimani 160213
ഒന്നാംസാക്ഷിയുടെ പ്രതിഭാഗം വിസ്താരം പൂര്‍ത്തിയായി
കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒന്നാംസാക്ഷി വള്ളിക്കാട് സ്വദേശി കെ കെ പ്രസീതിന്റെ പ്രതിഭാഗം വിസ്താരം പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. പ്രോസിക്യൂഷന്‍ സൃഷ്ടിച്ച കൃത്രിമസാക്ഷിയാണ് എന്നു ബോധ്യപ്പെടുത്തുന്നതാണ് പ്രസീതിന്റെ മൊഴി. പ്രതിഭാഗത്തിന്റെ വിസ്താരത്തിനുമുമ്പില്‍ പരസ്പരവിരുദ്ധ മൊഴിയാണ് പ്രസീത് നല്‍കിയത്. പ്രതികളുടെ പേരുവിവരം പൊലീസാണ് പറഞ്ഞുതന്നതെന്ന് ജഡ്ജി ആര്‍ നാരായണപിഷാരടിക്കുമുമ്പാകെ നടന്ന ക്രോസ് വിസ്താരത്തില്‍ പ്രസീത് മൊഴി നല്‍കി. പ്രതികളുടെ ശരീരപ്രകൃതി പൊലീസിനു പറഞ്ഞുകൊടുത്തപ്പോള്‍ അവരുടെ പേരുകള്‍ പറഞ്ഞുതരികയായിരുന്നു. കൊല നടന്ന ദിവസം വടകര എസ്ഐയുടെ നേതൃത്വത്തില്‍ പൊലീസ് എത്തുമ്പോള്‍ താനും രാമചന്ദ്രനും മാത്രമേ അവിടെയുണ്ടായിരുന്നുള്ളുവെന്ന് പ്രസീത് പറഞ്ഞു. നേരത്തെ, സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ വിസ്താരവേളയില്‍ സംഭവസ്ഥലത്ത് നാലുപേരുണ്ടെന്നായിരുന്നു പ്രസീതിന്റെ മൊഴി.
ചന്ദ്രശേഖരനെ പൊലീസെത്തി കൊണ്ടുപോകുമ്പോള്‍ സംഭവത്തിന് ദൃക്സാക്ഷിയാണെന്ന് എസ്ഐയോടു പറഞ്ഞിട്ടില്ല. കാവല്‍ നിര്‍ത്തിയ രണ്ടു പൊലീസുകാരോടും പറഞ്ഞിട്ടില്ല. സംഭവത്തിനുശേഷം വീട്ടിലേക്കു പോയതായും പിറ്റേന്ന് സാധാരണപോലെ പതിനൊന്നരയോടെയാണ് വീട്ടില്‍ നിന്നിറങ്ങിയതെന്നും പ്രസീത് മൊഴി നല്‍കി. മൊബൈല്‍ ഫോണില്‍നിന്ന് ആരെയെങ്കിലും വിളിച്ചതായോ തിരിച്ച് ആരെങ്കിലും വിളിച്ചതായോ ഓര്‍മയില്ല. ആര്‍എംപി പ്രവര്‍ത്തകനായിരുന്ന സുഹൃത്ത് രാമചന്ദ്രന്‍ പറഞ്ഞതനുസരിച്ചാണ് ഡിവൈഎസ്പി മുമ്പാകെ മൊഴി നല്‍കാന്‍ പോയത്. തന്റെ സഹോദരന്റെ ഭാര്യ ശ്രീഷ ചോറോട് ഗ്രാമപഞ്ചായത്ത് പത്താംവാര്‍ഡില്‍ മത്സരിച്ചിട്ടുണ്ട്. ആര്‍എംപി സ്ഥാനാര്‍ഥിയായാണോ എന്ന ചോദ്യത്തിന് സ്വതന്ത്ര സ്ഥാനാര്‍ഥിയാണെന്നായിരുന്നു മറുപടി. രാമചന്ദ്രന്റെ ഭാര്യ പ്രസീത വൈക്കിലശേരി വാര്‍ഡില്‍നിന്ന് ബ്ലോക്ക് പഞ്ചായത്തിലേക്കും മത്സരിച്ചിട്ടുണ്ട്. മത്സരിച്ചത് ഉദയസൂര്യന്‍ ചിഹ്നത്തിലാണോയെന്ന് ഓര്‍മയില്ലെന്നും പ്രസീത് മൊഴി നല്‍കി. കഴിഞ്ഞദിവസം വിസ്താരത്തില്‍ ഇവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് ഓര്‍മയില്ലെന്നായിരുന്നു പ്രസീതിന്റെ മൊഴി.
പ്രതിഭാഗത്തിനുവേണ്ടി ബി രാമന്‍പിള്ള, കെ ഗോപാലകൃഷ്ണക്കുറുപ്പ്, എം അശോകന്‍, പി വി ഹരി, സി ശ്രീധരന്‍നായര്‍, കെ പി ദാമോദരന്‍നമ്പ്യാര്‍, കെ എം രാമദാസ്, കെ വിശ്വന്‍, വിനോദ്കുമാര്‍ ചമ്പളോന്‍ എന്നിവരാണ് വ്യാഴാഴ്ച പ്രസീതിനെ വിസ്തരിച്ചത്. വെള്ളിയാഴ്ച രണ്ടും മൂന്നും സാക്ഷികളായ ടി പി രമേശന്‍, ടി പി മനീഷ്കുമാര്‍ എന്നിവരെ പ്രതിഭാഗം വിസ്തരിക്കും. തിങ്കളാഴ്ച വിചാരണയുണ്ടാവില്ല.
Subscribe to:
Post Comments (Atom)
No comments:
Post a Comment