പാലക്കാട്: അടുക്കളയിലും തൊഴിലിടങ്ങളിലും സര്‍ക്കാര്‍ നയങ്ങള്‍ ദുരിതം വിതയ്ക്കുമ്പോള്‍ പണിമുടക്കിലൂടെ പ്രതിഷേധ ജ്വാല തീര്‍ക്കുകയാണ് സ്ത്രീസമൂഹം. തൊഴില്‍ മേഖലയിലെ ചൂഷണവും അവശ്യസാധനങ്ങളുടെ വിലക്കയറ്റവും സ്ത്രീകളെയാണ് നേരിട്ട് ബാധിച്ചിട്ടുള്ളത്. ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാനുള്ള ഐതിഹാസിക പോരാട്ടത്തിന് സ്ത്രീ തൊഴിലാളികള്‍ ഒന്നടങ്കം കൈകോര്‍ക്കുകയാണ്. നിര്‍മാണ മേഖല, ആര്‍ട്ടിസാന്‍സ്, തോട്ടം, കാര്‍ഷികം, അങ്കണവാടി, ആശ തുടങ്ങി സ്ത്രീകള്‍ക്ക് മുന്‍തൂക്കമുള്ള എല്ലാ മേഖലയിലും പണിമുടക്ക് പൂര്‍ണമാണ്. നിര്‍മാണം, ആര്‍ട്ടിസാന്‍ മേഖലയില്‍ 70 ശതമാനവും സ്ത്രീകളാണ് പണിയെടുക്കുന്നത്. നിര്‍മാണ സാധനങ്ങളുടെ വിലക്കയറ്റവും ദൗര്‍ലഭ്യവും കാരണം മേഖലയാകെ പ്രതിസന്ധിയിലുമാണ്. ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കി തങ്ങള്‍ക്ക് തൊഴില്‍സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യമാണ് ഇവര്‍ ഉയര്‍ത്തുന്നത്. സ്ത്രീകള്‍ പൂര്‍ണമായും ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുന്നതോടെ കഞ്ചിക്കോട് വ്യവസായ മേഖല പൂര്‍ണമായും സ്തംഭിക്കും. ഇവിടെ പണിയെടുക്കുന്നവരില്‍ ഏറെയും സ്ത്രീത്തൊഴിലാളികളാണ്. ഭൂരിഭാഗംപേരും കരാര്‍ത്തൊഴിലാളികളും. കൂലി കുറച്ചു നല്‍കിയാല്‍ മതിയെന്ന കാരണത്താലാണ് ഇവിടെ കൂടുതല്‍ സ്ത്രീ തൊഴിലാളികളെ ജോലിക്ക് വച്ചിരിക്കുന്നത്. തൊഴില്‍നിയമം ലംഘിച്ചുള്ള വന്‍ ചൂഷണമാണ് ഇവിടെ സ്ത്രീകള്‍ക്കുമേല്‍ നടക്കുന്നത്. തൊഴിലാളികള്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങള്‍പോലും നിഷേധിക്കപ്പെടുന്നു. ഇതിനെതിരെയുള്ള സ്ത്രീകളുടെ പ്രതിഷേധാഗ്നി തന്നെയാവും കഞ്ചിക്കോടുനിന്ന് ഉയരുക.
അങ്കണവാടിക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കണമെന്നും മിനിമം വേതനം പതിനായിരം രൂപയാക്കണമെന്നുമുള്ള ആവശ്യം ഏറെ നാളായി ഉയര്‍ത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ പ്രക്ഷോഭത്തില്‍ പങ്കാളികളാവേണ്ടത് അവരെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. ഇവര്‍ക്കുവേണ്ടിയുള്ള മുദ്രാവാക്യങ്ങള്‍ പണിമുടക്കില്‍ ഉയര്‍ത്തുന്നുണ്ട്. മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകത്തൊഴിലാളികളുടെ പ്രതിഷേധത്തിനും പണിമുടക്ക് സാക്ഷിയാവും. കാര്‍ഷിക മേഖല പൂര്‍ണമായും സ്തംഭിക്കും. തോട്ടം മേഖലയിലെ മുഴുവന്‍ സ്ത്രീകളുടെയും സാന്നിധ്യമുണ്ടാകും. എല്‍ഐസി, ബാങ്കിങ്, സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെ വനിതാ ജീവനക്കാരും പണിമുടക്കും. ചുരുക്കത്തില്‍ ജോലിയും കൂലിയുമൊക്കെ അനിശ്ചിതാവസ്ഥയിലായ, ദുരിതത്തിലായ സ്ത്രീകളുടെ ജീവിക്കാന്‍ വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗം കൂടിയായി പണിമുടക്ക് മാറും.
പങ്കാളികളാവുന്നത് ലക്ഷത്തില്‍പ്പരം സ്ത്രീകള്‍
തൃശൂര്‍: ചരിത്രം കുറിക്കുന്ന പണിമുടക്കില്‍ കണ്ണിചേരാന്‍ ജില്ലയില്‍ ലക്ഷത്തില്‍പ്പരം സ്ത്രീകളും. പണിമുടക്ക് തൊഴിലാളിസ്ത്രീകള്‍ക്ക് അവകാശപ്പോരാട്ടം മാത്രമല്ല, ജീവിതം ദുസ്സഹമാക്കുന്ന സര്‍ക്കാര്‍ നയങ്ങളോടുള്ള പ്രതിഷേധംകൂടിയാണ്. ജില്ലയില്‍ ആറായിരത്തോളം വരുന്ന അങ്കണവാടി ജീവനക്കാര്‍ക്ക് ഇത് മിനിമം കൂലിക്കും തൊഴില്‍സുരക്ഷയ്ക്കും സാമൂഹ്യസുരക്ഷാ പദ്ധതികള്‍ക്കുംവേണ്ടിയുള്ള പോരാട്ടമാണ്.
"മിനിമം വേതനത്തിനായുള്ള സമരത്തിന്റെ തുടര്‍ച്ചയാണ് ഞങ്ങള്‍ക്ക് ഈ പണിമുടക്ക്. മുന്‍ സര്‍ക്കാര്‍ വര്‍ക്കര്‍മാര്‍ക്ക് 500ഉം ഹെല്‍പ്പര്‍മാര്‍ക്ക് 300ഉം രൂപ പെന്‍ഷന്‍ അനുവദിക്കുകയും വര്‍ഷാവര്‍ഷം ഈ തുക പുനഃപരിശോധിക്കുമെന്ന് ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍, ഈ ധാരണ കാറ്റില്‍ പറത്തിയപ്പോള്‍ പ്രതിഷേധിക്കാതെ വയ്യ." അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എസ് ലീലാവതി പറഞ്ഞു.
വര്‍ക്കര്‍മാര്‍ക്ക് 4000, ഹെല്‍പ്പര്‍മാര്‍ക്ക് 2500 രൂപ വീതമാണ് നിലവിലെ ശമ്പളം. വിലക്കയറ്റം രൂക്ഷമായതോടെ ഈ വരുമാനത്തില്‍ എങ്ങനെ മുന്നോട്ടുപോകുമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ്. പണിമുടക്കില്‍ നൂറുശതമാനം പങ്കാളിത്തത്തിനായി പ്രാദേശികതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ലീലാവതി അറിയിച്ചു. ജില്ലയിലെ നാലരലക്ഷത്തോളം വരുന്ന നിര്‍മാണത്തൊഴിലാളികളില്‍ 60 ശതമാനം സ്ത്രീകളാണ്. സമരങ്ങളോട് സ്ത്രീകള്‍ മുഖംതിരിച്ചുനിന്ന കാലം കഴിഞ്ഞെന്നും സ്വന്തം പ്രശ്നങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചേ മതിയാകൂ എന്ന് തിരിച്ചറിയുന്നുവെന്നും നിര്‍മാണത്തൊഴിലാളി യൂണിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ഷീല അലക്സ് പറഞ്ഞു.
നിര്‍മാണമേഖലയിലെ പ്രശ്നങ്ങളുയര്‍ത്തി സമരം നടക്കുമ്പോഴൊക്കെ സ്ത്രീകള്‍ മുന്നിട്ടിറങ്ങുന്ന കാഴ്ചയാണിപ്പോള്‍. തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷയ്ക്കും വിലക്കയറ്റത്തിനുമെതിരായി നടത്തിയ സമരങ്ങളില്‍ ഇത് പ്രകടമായിരുന്നു. സംഘടിക്കാന്‍പോലും അവകാശമില്ലാതെ തൊഴിലുടമയുടെ ചൂഷണങ്ങള്‍ക്ക് നിരന്തരം വിധേയമാകേണ്ടി വരുന്ന അസംഘടിതമേഖലയിലെ ജീവനക്കാരും പണിമുടക്കിനൊപ്പമാണ്. സെയില്‍സ് ജോലി ചെയ്യുന്നവരും പെട്രോള്‍ പമ്പിലെ ജീവനക്കാരും കൈത്തൊഴില്‍ ചെയ്യുന്നവരുമായി ജില്ലയിലെ അസംഘടിതമേഖലയിലെ 80 ശതമാനം തൊഴിലാളികള്‍ സ്ത്രീകളാണ്. മിനിമം വേതനവും തൊഴില്‍നിയമങ്ങളും പാലിക്കപ്പെടണമെന്നും ജോലിസുരക്ഷിതത്വം ഉറപ്പാക്കണമെന്നും സ്ത്രീത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നു. അതുകൊണ്ടുതന്നെ കടകളടയ്ക്കില്ലെന്ന് വ്യാപാരികള്‍ പറയുമ്പോഴും തൊഴിലാളികള്‍ പണിമുടക്കിന് തയ്യാറെടുക്കുകയാണ്. രാഷ്ട്രീയത്തിനതീതമായി സ്വന്തം ജീവിതത്തിനുവേണ്ടിയുള്ള സമരമാണിതെന്ന് സ്ത്രീകള്‍ തിരിച്ചറിയുന്നുണ്ടെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ ആര്‍ വിജയ പറഞ്ഞു.
(ഡെസ്നി സുല്‍ഹ്)
deshabhimani 200213
No comments:
Post a Comment