Thursday, February 7, 2013
ജില്ലാബാങ്ക് പിടിച്ചെടുക്കല്‍ നീക്കം എന്തുവില നല്‍കിയും ചെറുക്കും: എല്‍ഡിഎഫ്
കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് ജനാധിപത്യവിരുദ്ധ മാര്‍ഗങ്ങളിലൂടെ പിടിച്ചെടുക്കാനുള്ള നീക്കം ചെറുക്കുമെന്ന് എല്‍ഡിഎഫ് ജില്ലാ കമ്മറ്റി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1267 സംഘങ്ങളാണ് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍ ഉള്ളത്. ഇതില്‍ 550 എണ്ണത്തിന് നിയപ്രകാരം വോട്ടവകാശമില്ല. ഇവ പ്രവര്‍ത്തനരഹിതവും ലിക്വിഡേറ്റ് ചെയ്തതും രജിസ്ട്രഷന്‍ റദ്ദാക്കപ്പെട്ടതും ജില്ലാ ബാങ്ക് ഓഹരിസംഖ്യ തിരികെ നല്‍കിയതുമാണ്. എന്നാല്‍ എല്ലാ നിയമവും കാറ്റില്‍പ്പറത്തി ഈ സംഘങ്ങള്‍ക്ക് ഉള്‍പ്പടെ വോട്ടവകാശം നല്‍കാനുള്ള നീക്കമാണ് യുഡിഎഫ് നടത്തുന്നതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജനും ജില്ലാ ബാങ്ക് മുന്‍ പ്രസിഡന്റ് പി ഹരീന്ദ്രനും പറഞ്ഞു.
മേല്‍വിലാസക്കാരനില്ലെന്ന കാരണത്താല്‍ വോട്ടെടുപ്പ് അധികാരപത്രം മടങ്ങിവന്ന സംഘങ്ങളാണ് സംഘങ്ങളില്‍ പലതും. ലിക്വിഡേറ്റ് ചെയ്ത 203 സംഘങ്ങളുടെ സ്വത്തുവകകള്‍ ഗസറ്റ് വിജ്ഞാപനത്തിലൂടെ സഹകരണവകുപ്പ് ഏറ്റെടുത്തതാണ്. വ്യാജവോട്ടര്‍മാരിലൂടെ ഈ സംഘങ്ങളെ വോട്ട് ചെയ്യിക്കാനാണ് ശ്രമം. ഇക്കാര്യം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അധികാരപത്രം വോട്ടവകാശമുള്ള സംഘങ്ങളുടെ ലിസ്റ്റ്് പ്രസിദ്ധീകരിക്കണമെന്നും പകര്‍പ്പ് സ്ഥാനാര്‍ഥികള്‍ക്ക് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഹൈക്കോടതി വിധി നടപ്പാക്കാതെ നിയമസംവിധാനം തകിടം മറിക്കുകയാണ് യുഡിഎഫ്. പട്ടിക പൊലീസ് സാനിധ്യത്തില്‍ പോലും നല്‍കാന്‍ തയ്യാറാകുന്നില്ല. എല്‍ഡിഎഫ് നിയന്ത്രണത്തിലുള്ള സംഘങ്ങള്‍ക്ക് വോട്ടവകാശം നിഷേധിക്കുകയും പ്രവര്‍ത്തനരഹിതമായ സംഘങ്ങളുടെ പേരില്‍ ഗുണ്ടകളെ ഇറക്കി വോട്ടുചെയ്യിക്കാനുമാണ് ഗൂഡാലോചന. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഈ നീക്കങ്ങള്‍ ജനങ്ങളെ അണിനിരത്തി ചെറുക്കും. സ്ഥാനാര്‍ഥികള്‍ ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള പട്ടികയുടെ പരിശോധനക്ക്് ആവശ്യപ്പെട്ടപ്പോള്‍ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സഹകരണ മന്ത്രിയും യുഡിഎഫ് നേതൃത്വവും അറിഞ്ഞാണ് ഈ നീക്കങ്ങളെല്ലാം. യഥാര്‍ഥ വോട്ടര്‍മാര്‍ക്ക് വോട്ടവകാശം നിഷേധിച്ച് വ്യാജസംഘങ്ങളിലൂടെ കള്ളവോട്ട് രേഖപ്പെടുത്തി സഹകരണ ജനാധിപത്യം തകര്‍ക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. സിപിഐ ജില്ലാ സെക്രട്ടറി സി രവീന്ദ്രന്‍, എ അബ്ദുള്‍ ലത്തീഫ്, ഹമീദ് ഇരിണാവ് എന്നിവരും പങ്കെടുത്തു.
deshabhimani
Labels:
കണ്ണൂര്‍,
സഹകരണ മേഖല
Subscribe to:
Post Comments (Atom)
No comments:
Post a Comment