Thursday, February 7, 2013
വ്യാജ ബയോഡാറ്റയുള്ള മാധ്യമപ്രവര്‍ത്തകനെ ഗെയില്‍ പിആര്‍ഒ ആക്കാന്‍ നീക്കം
ടോം ജോസ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ വ്യാജ ബയോഡാറ്റ പരിഗണിച്ച് പൊതുമരാമത്ത്വകുപ്പില്‍ പിആര്‍ഒ ആക്കിയ മാധ്യമപ്രവര്‍ത്തകനെ ഗെയിലിന്റെ എല്‍എന്‍ജി പൈപ്പ്ലൈന്‍ പദ്ധതിയുടെ പിആര്‍ഒ ആക്കാന്‍ നീക്കം. ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങളിലെ പ്രവൃത്തിപരിചയം കാണിച്ചാണ് പൊതുമരാമത്ത്വകുപ്പിലെ ലോകബാങ്ക് പദ്ധതിയുടെ പിആര്‍ഒ ആയത്. നിലവില്‍ കെഎസ്ഐഡിസി എംഡി ആയ ടോം ജോസ് തന്നെയാണ് ഇദ്ദേഹത്തെ പുതിയ തസ്തികയിലേക്കും നിര്‍ദേശിച്ചതെന്നാണ് വിവരം.
വിദേശ പിആര്‍ സ്ഥാപനത്തിന്റെ പേരിനൊപ്പം "സ്ട്രാറ്റജിക്" എന്നുകൂടി ചേര്‍ത്താണ് തിരുവനന്തപുരം സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ തന്റെ സ്ഥാപനത്തിന് പേരിട്ടിട്ടുള്ളത്. കേരള സര്‍ക്കാരിന്റെ മാധ്യമ ഉപദേശകന്‍ എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. സിഎന്‍എന്നിന്റെ ഇന്റര്‍നാഷണല്‍ കറസ്പോണ്ടന്റ്, പ്രചാരമുള്ള ദേശീയ ഇംഗ്ലീഷ് പത്രങ്ങളുടെയെല്ലാം വിദേശ കറസ്പോണ്ടന്റ്, മുപ്പതോളം വിദേശരാജ്യങ്ങളില്‍ പത്രപ്രവര്‍ത്തനപരിചയം, ലോകബാങ്കിന്റെ റോഡ് സേഫ്റ്റി പാര്‍ട്ണര്‍ഷിപ്പിന്റെ സിഇഒ, ലോകബാങ്കിന്റെ കമ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റ് എന്നിങ്ങനെയുള്ള യോഗ്യതകള്‍ തനിക്കുള്ളതായാണ് ഇദ്ദേഹത്തിന്റെ അവകാശവാദം. സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍ ഇതെല്ലാം നിരത്തിയിട്ടുമുണ്ട്. ഈ യോഗ്യതകളെല്ലാം കാണിച്ച് പൊതുമരാമത്ത്വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് ഇദ്ദേഹം നിയമനം നേടിയത്.
മാധ്യമപ്രവര്‍ത്തകന്‍ ഹാജരാക്കിയ യോഗ്യതാപത്രങ്ങള്‍ വ്യാജമാണെന്ന് പിന്നീട് വ്യക്തമായിട്ടും ഉദ്യോഗസ്ഥതലത്തില്‍ ഇദ്ദേഹമുണ്ടാക്കിയ സ്വാധീനംമൂലം കാലാവധി കഴിയുംവരെ തസ്തികയില്‍ തുടര്‍ന്നു. ലോകബാങ്കിന്റെ താല്‍പ്പര്യപ്രകാരം സൃഷ്ടിച്ച തസ്തികയായതിനാല്‍ രണ്ടുവര്‍ഷത്തെ സേവനത്തിന് ലക്ഷങ്ങള്‍ പ്രതിഫലവും പറ്റി. നിലവില്‍ ഒരു വാണിജ്യമാസികയുടെ പത്രാധിപര്‍കൂടിയായ ഇദ്ദേഹം ആ സ്വാധീനംകൂടി ഉപയോഗിച്ചാണ് ഗെയിലില്‍ കയറിപ്പറ്റാന്‍ ശ്രമിക്കുന്നത്. ഗെയിലും കെഎസ്ഐഡിസിയും ചേര്‍ന്ന സംയുക്ത കമ്പനിയാണ് എല്‍എന്‍ജി പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നത്. പൈപ്പ്ലൈന്‍ സ്ഥാപിക്കലിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് പിആര്‍ഒയെ നിയമിക്കാന്‍ തീരുമാനിച്ചത്. പ്രതിഷേധത്തില്‍ മുങ്ങി പൈപ്പ്ലൈന്‍ സ്ഥാപിക്കല്‍ പൂര്‍ണമായി തടസ്സപ്പെട്ടപ്പോള്‍ ടോം ജോസ് തന്നെയാണ് ഈ ആശയം അവതരിപ്പിച്ചത്.
deshabhimani 070213
Labels:
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment