Sunday, February 3, 2013
സാമൂഹ്യസുരക്ഷാ മിഷന് പ്രവര്‍ത്തനം കുഴപ്പത്തില്‍
കെടുകാര്യസ്ഥതയും അഴിമതിയും സംസ്ഥാന സാമൂഹ്യസുരക്ഷാ മിഷന്റെ പ്രവര്‍ത്തനം അവതാളത്തിലാക്കിയതോടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കം അവശത അനുഭവിക്കുന്ന അരലക്ഷത്തോളം പേര്‍ക്കുള്ള സഹായവിതരണം അനിശ്ചിതത്വത്തിലായി. മിഷന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ധനശേഖരണം നിലച്ചു. സര്‍ക്കാരില്‍നിന്നുള്ള ധനസഹായം യഥാസമയം ചെലവഴിക്കാനാകുന്നില്ല. അഗതികള്‍, വൃദ്ധര്‍, സ്ത്രീകള്‍, കുട്ടികള്‍, വികലാംഗര്‍ തുടങ്ങിയ സഹായം അത്യാവശ്യമുള്ളവര്ക്കുള്ള കൈത്താങ്ങാണ് മിഷന് ഭരണനേതൃത്വത്തിന്റെ കെടുകാര്യസ്ഥതമൂലം നിഷേധിക്കപ്പെടുന്നത്. സ്റ്റാമ്പ് വില്‍പ്പനയാണ് മിഷന്റെ പ്രവര്‍ത്തനഫണ്ട് ശേഖരണത്തിനുള്ള പ്രധാന ഉപാധി. 11 കോടി രൂപ സമാഹരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം ഇത് സാധിച്ചിട്ടില്ല. 2011 ഒക്ടോബറിലാണ് മൂന്നു മാസത്തിനകം ഫണ്ട് പിരിക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയത്. തുടര്‍ന്ന്, 2012 മെയ് 31, ജൂലൈ 31, ഒക്ടോബര്‍ 30, ഡിസംബര്‍ 31 എന്നിങ്ങനെ നാലു തവണ തീയതി നീട്ടിനല്‍കി. എന്നിട്ടും രണ്ടു കോടിയോളം രൂപയുടെ സ്റ്റാമ്പാണ് വിതരണംചെയ്യാനായത്. അച്ചടിച്ച ബാക്കി സ്റ്റാമ്പ് മിഷന് ആസ്ഥാനത്ത് കെട്ടിക്കിടക്കുകയാണ്.
ആദ്യഘട്ടത്തില്‍ സ്റ്റാമ്പ് വിതരണച്ചുമതല അക്കൗണ്ട്സ് ഓഫീസര്‍ക്കും സാമൂഹ്യക്ഷേമ വകുപ്പില്‍നിന്ന് മിഷനിലേക്ക് ഡെപ്യൂട്ടേഷനിലേക്കു വന്ന പ്രോഗ്രാം കോ-ഓര്ഡിനേറ്റര്ക്കുമായിരുന്നു. പിന്നീട്, ഈ ചുമതലമാത്രം നല്കി ഒരു ക്ലര്ക്കിനെക്കൂടി ഡെപ്യൂട്ടേഷനില്‍ നിയമിച്ചു. എത്ര രൂപയുടെ സ്റ്റാമ്പ് വിതരണംചെയ്തെന്നോ, എന്തു തുക പിരിഞ്ഞുകിട്ടിയെന്നോയുള്ള കണക്ക് ലഭ്യമല്ല. പണം തിരിമറി നടത്തിയതായ ആക്ഷേപവും ശക്തം.
കഴിഞ്ഞവര്‍ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍നിന്ന് 15 കോടിയുടെ ധനസഹായം മിഷന് ലഭിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അതതു മേഖലയിലെ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ ഏറ്റെടുക്കാനാണിത് നല്‍കിയത്. എന്നാല്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍മാത്രമാണ് പ്രവര്‍ത്തനം നടന്നത്. കഴിഞ്ഞ വര്‍ഷം പദ്ധതിവിഹിതമായി ലഭിച്ച 13 കോടി രൂപയില്‍ നാലു കോടി ചെലവിട്ടില്ല. മിഷന്റെ സ്നേഹസാന്ത്വനം പദ്ധതിയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്കുന്ന പ്രതിമാസ പെന്ഷന് കൃത്യമായി വിതരണംചെയ്യുന്നില്ല. രോഗതീവ്രതയുടെ അടിസ്ഥാനത്തില്‍ ആയിരം മുതല്‍ രണ്ടായിരം രൂപവരെയാണ് സഹായം. ദുരിതബാധിതരുടെ കുട്ടികളുടെ വിദ്യാഭ്യാസ ധനസഹായം, 18 വയസ്സിനു താഴെയുള്ള കാന്‍സര്‍ രോഗികളായ കുട്ടികള്‍ക്കുള്ള പൂര്‍ണ സൗജന്യ ചികിത്സാ പദ്ധതി, കുട്ടികള്‍ക്കുള്ള താലോലം പദ്ധതി, ബധിരരും മൂകരുമായ കുഞ്ഞുങ്ങള്‍ക്കുള്ള കോക്ലിയാര്‍ ഇംപ്ലാന്റേഷന് ശസ്ത്രക്രിയക്കുള്ള സഹായം, വയോജനങ്ങള്‍ക്കുള്ള വിവിധ സഹായങ്ങള്‍, ചൂഷണത്തിനു വിധേയരായി അമ്മമാരായ അവിവാഹിതകള്‍ക്ക് പ്രതിമാസം 1000 രൂപ സഹായിക്കുന്ന സ്നേഹസ്പര്‍ശം, പ്രായാധിക്യത്താലും വിവിധ രോഗങ്ങളാലും ശയ്യാവലംബരായവര്‍ക്കും പരിചരിക്കുന്നയാള്‍ക്കും പ്രതിമാസം ധനസഹായം നല്കുന്ന ആശ്വാസകിരണം തുടങ്ങിയ പദ്ധതികളൊക്കെ നിലയ്ക്കുമെന്നാണ് സൂചന.
(ജി രാജേഷ്കുമാര്‍)
deshabhimani
Labels:
വലതു സര്‍ക്കാര്‍,
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment