Sunday, February 3, 2013

ലൈംഗികാതിക്രമം: ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ കയ്യൊപ്പ്


വിവിധ രാഷ്ട്രീയ പാര്‍ടികളുടെയും വനിതാ സംഘടനകളുടെയും മനുഷ്യാവകാശ സംഘടനകളുടെയും എതിര്‍പ്പുകള്‍ അവഗണിച്ച് ക്രിമിനല്‍ നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒപ്പുവെച്ചു. ലൈംഗികാതിക്രമ കേസുകളിലെ ശിക്ഷാവ്യവസ്ഥകളില്‍ മാറ്റം വരുത്തിയുള്ളതാണ് ഓര്‍ഡിനന്‍സ്. ലൈംഗികാതിക്രമ കേസുകളില്‍ നിയമഭേദഗതികള്‍ നിര്‍ദേശിക്കാനായി നിയോഗിക്കപ്പെട്ട ജസ്റ്റിസ് വര്‍മ സമിതിയുടെ നിര്‍ദേശങ്ങളില്‍ ചിലതൊക്കെ സ്വീകരിച്ചാണ് കേന്ദ്രസര്‍ക്കാര്‍ തിരക്കിട്ട് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുമ്പായി വിശദമായ ചര്‍ച്ച കൂടാതെ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് വിമര്‍ശനവിധേയമായിരുന്നു. പ്രത്യേകമായി ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്. ബലാല്‍സംഗത്തെ തുടര്‍ന്ന് ഇര കൊല്ലപ്പെടുകയോ അതല്ലെങ്കില്‍ കോമ അവസ്ഥയിലേക്ക് എത്തപ്പെടുകയോ ചെയ്യുന്ന ഘട്ടങ്ങളില്‍ പ്രതിക്ക് വധശിക്ഷ ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്യുന്നു.

ഇത്തരം കേസുകളില്‍ കുറഞ്ഞ ശിക്ഷ ഇരുപതുവര്‍ഷം തടവാണ്. അജീവനാന്തം തടവ്, വധശിക്ഷ എന്നിങ്ങനെ പരമാവധി ശിക്ഷയും. ഇപ്പോഴത്തെ ഓര്‍ഡിനന്‍സിലൂടെ ഇന്ത്യന്‍ ശിക്ഷാനിയമം, ക്രിമിനല്‍ നടപടിചട്ടം, തെളിവ് നിയമം എന്നിവയാണ് ഭേദഗതി ചെയ്യപ്പെടുന്നത്. ജസ്റ്റിസ് വര്‍മ്മാ സമിതി നിര്‍ദേശാനുസരണം ഒളിഞ്ഞുനോട്ടം, പിന്തുടരല്‍, വിവസ്ത്രയാക്കല്‍, ആസിഡ് ആക്രമണം എന്നിവയെ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ പ്രത്യേകം കുറ്റങ്ങളായി ഉള്‍പ്പെടുത്തി. ആസിഡ് ആക്രമണത്തിന് പത്തുവര്‍ഷമാണ് കുറഞ്ഞ തടവ്. പൊതുസ്ഥലത്ത് വിവസ്ത്രയാക്കിയാല്‍ മൂന്നു മുതല്‍ ഏഴുവര്‍ഷം തടവ് ലഭിക്കാം. ഒളിഞ്ഞുനോട്ടത്തിനും മൂന്നുവര്‍ഷം തടവ് കിട്ടാം. ക്യാമറകണ്ണുകളിലൂടെയുള്ള ഒളിഞ്ഞുനോട്ടവും ശിക്ഷയില്‍ വരും. കസ്റ്റഡിയില്‍ വെച്ചുള്ള ബലാല്‍സംഗത്തിന് കുറഞ്ഞത് പത്തുവര്‍ഷം മുതല്‍ ജീവപര്യന്തമായിരിക്കും ശിക്ഷ. വേഴ്ച സമ്മതത്തോടെയല്ലെന്ന സ്ത്രീയുടെ അവകാശവാദം അംഗീകരിക്കുക, ഇരയുടെ പൂര്‍വ്വ ലൈംഗിക ചരിത്രം മാനദണ്ഡമാക്കാതിരിക്കുക, തിരിച്ചറിയല്‍ പരേഡ് നടപടികള്‍ വിശദമാക്കല്‍, കേസന്വേഷണത്തിന് വനിത ഓഫീസര്‍മാര്‍ക്ക് മുന്‍ഗണന എന്നിവ ഓര്‍ഡിനന്‍സില്‍ ഉള്‍പ്പെടും.

ബോധപൂര്‍വ്വമായ സ്പര്‍ശം, മോശപ്പെടുത്തുന്ന സംസാരം, പ്രവര്‍ത്തികള്‍, ആംഗ്യം എന്നിവയെല്ലാം ലൈംഗികാതിക്രമത്തില്‍ ഉള്‍പ്പെടും. തട്ടികൊണ്ടു വന്നവരെ വീട്ടുവേലയ്ക്കും മറ്റും ഉപയോഗിക്കുന്നത് അഞ്ചുവര്‍ഷം തടവിന് അര്‍ഹമായിരിക്കും. എന്നാല്‍ വര്‍മ സമിതിയുടെ പല സുപ്രധാന ശുപാര്‍ശകളും അംഗീകരിക്കാതെയാണ് ഓര്‍ഡിനന്‍സെന്ന വിമര്‍ശം ശക്തമാണ്. പാര്‍ലമെന്റ് സമ്മേളനത്തിന് തൊട്ടുമുമ്പായി ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത് ജനാധിപത്യവിരുദ്ധമാണെന്ന് സിപിഐ എം കുറ്റപ്പെടുത്തിയിരുന്നു. ബലാല്‍സംഗത്തെ സ്ത്രീകള്‍ക്കെതിരായ കുറ്റമായി കാണണമെന്ന വര്‍മ സമിതി ശുപാര്‍ശ സര്‍ക്കാര്‍ പരിഗണിച്ചില്ല. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ യഥാസമയം നടപടിയെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കുള്ള ശിക്ഷ വര്‍ധിപ്പിക്കണമെന്നതും പരിഗണിച്ചില്ല. ആസിഡ് ആക്രമണത്തിന് വിധേയരാകുന്നവര്‍ക്ക് ധനസഹായം കൂട്ടിനല്‍കല്‍, സായുധസേനകളെയും ക്രിമിനല്‍ ശിക്ഷാനിയമത്തിന് കീഴില്‍ കൊണ്ടുവരല്‍ തുടങ്ങിയ നിര്‍ദേശങ്ങളും അവഗണിക്കപ്പെട്ടുവെന്ന് സിപിഐഎം കുറ്റപ്പെടുത്തി.

വിവാഹബന്ധത്തിന്റെ മറവില്‍ നടക്കുന്ന ബലാല്‍സംഗം, ലൈംഗിക സ്വയംനിര്‍ണയാധികാരം, ഇതര ലൈംഗികതകളുടെ വിഷയങ്ങള്‍ എന്നിവ അവഗണിക്കപ്പെട്ടതാി ജനാധിപത്യ മഹിളാ അസോസിയേഷനുകളും മറ്റ് വനിതാ-മനുഷ്യാവകാശ സംഘടനകളും വിമര്‍ശിച്ചിരുന്നു. ലിംഗപരമായ വിവേചനം ബലാല്‍സംഗത്തിന്റെയും മറ്റും കാര്യത്തില്‍ വര്‍മ കമീഷന്‍ പരിഗണിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അവഗണിച്ചു. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വേറിട്ടുപരിശോധിക്കുന്നില്ല. ബലാല്‍സംഗം സ്ത്രീകള്‍ക്കെതിരായ നിഷ്ഠൂരമായ അക്രമണമാണെന്നത് അവഗണിക്കപ്പെട്ടു- സംഘടനകള്‍ ചൂണ്ടിക്കാട്ടി.

deshabhimani

No comments:

Post a Comment