Sunday, February 3, 2013

കേരളത്തിന്റെ "ലിന്ക്സ് " ഒഴിവാക്കാന്‍ നീക്കം


ഐടി വിദ്യാഭ്യാസത്തില്‍ സ്വതന്ത്ര സോഫ്റ്റ്വെയറായ "ലിനക്സ്" ഫലപ്രദമായി ഉപയോഗിച്ച് കേരളം ലോകത്തിനു കാണിച്ചുകൊടുത്ത മാതൃക അട്ടിമറിക്കാന്‍ നീക്കം. പൊതുഖജനാവിന് ഓരോ അധ്യയനവര്‍ഷവും കോടിക്കണക്കിനു രൂപ ലാഭമുണ്ടാക്കുന്ന സോഫ്റ്റ്വെയര്‍ ഒഴിവാക്കി ഉടമസ്ഥാവകാശ സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നതുവഴി വന്‍ കച്ചവടത്തിന് കളമൊരുങ്ങും. എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് കംപ്യൂട്ടര്‍ ടാബ്ലറ്റ് നല്‍കി അതിന്റെ മറവില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപേക്ഷിക്കാനാണ് നീക്കം. വിദ്യാഭ്യാസവകുപ്പിലെ പല കച്ചവടപരിഷ്കാരങ്ങളും എതിര്‍ക്കുന്ന ഡിപിഐയെ വകവയ്ക്കാത്ത ഐടി അറ്റ് സ്കൂള്‍ പദ്ധതി മേധാവിയെയാണ് ഭരണക്കാര്‍ ഈ ദൗത്യം ഏല്‍പ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സ്വതന്ത്ര സോഫ്റ്റ്വെയര്‍ കൈകാര്യം ചെയ്തിരുന്ന പ്രോഗ്രാം ഓഫീസര്‍മാരെ കഴിഞ്ഞദിവസം കൂട്ടത്തോടെ പിരിച്ചുവിട്ടു. പണിമുടക്കില്‍ പങ്കെടുത്തത് പിരിച്ചുവിടാനുള്ള കാരണമാക്കി. ലക്ഷ്യം ലിനക്സ് പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കുകയായിരുന്നു.

പരീക്ഷാ സോഫ്റ്റ്വെയര്‍ തയ്യാറാക്കാത്തതിനാല്‍ എസ്എസ്എല്‍സി ഐടി മോഡല്‍പരീക്ഷ തുടങ്ങാനായിട്ടില്ല. 2005ല്‍ ഇ ടി മുഹമ്മദ് ബഷീര്‍ വിദ്യാഭ്യാസമന്ത്രിയായിരുന്ന ഘട്ടത്തിലാണ് ഐടി അറ്റ് സ്കൂള്‍ പദ്ധതിയില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ നടപ്പാക്കിയത്. അന്ന് ഉടമസ്ഥാവകാശ സോഫ്റ്റ്വെയര്‍ ഉപയോഗിക്കാന്‍ നീക്കം നടന്നെങ്കിലും അധ്യാപക സംഘടനകള്‍ ഒറ്റക്കെട്ടായി ചെറുത്തു. അടുത്ത അധ്യയനവര്‍ഷംമുതല്‍ എട്ടം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ കംപ്യൂട്ടര്‍ ടാബ്ലറ്റ് നല്‍കാനുള്ള കരാര്‍ ബംഗളൂരുവിലെ ഒരു കമ്പനിയെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ചര്‍ച്ച തുടങ്ങി. കമ്പനിയുടെ ടാബ്ലറ്റില്‍ സ്വതന്ത്ര സോഫ്റ്റവെയര്‍ ഉപയോഗിക്കാനാകില്ല. പകരം, ടാബ്ലറ്റില്‍ ഉപയോഗിക്കുന്ന ഉടമസ്ഥാവകാശ സോഫ്റ്റ്വെയറിന്റെ ചെലവുകള്‍ നിശ്ചിത വര്‍ഷത്തേക്ക് കമ്പനിതന്നെ വഹിക്കാമെന്നാണ് വാഗ്ദാനം. അതോടെ ഐടി അറ്റ് സ്കൂള്‍ ലിനക്സ് ഉപേക്ഷിക്കേണ്ടി വരും. എല്ലാം വിന്‍ഡോസിലേക്ക് മാറുന്നതോടെ മൈക്രോസോഫ്റ്റിന്റെ ഓരോ സോഫ്റ്റ്വെയറിനും 6000 രൂപവരെ ചെലവഴിക്കേണ്ടിവരും. ഇത് കോടികളുടെ സാമ്പത്തികബാധ്യത വരുത്തും. ഇപ്പോള്‍ ഉപയോഗിക്കുന്ന ലിനക്സ് സോഫ്റ്റ്വെയര്‍ മലയാളികളായ ഐടി വിദഗ്ധര്‍ തയ്യാറാക്കിയതാണ്. പൊതുവിദ്യാഭ്യാസത്തിന്റെ മുഴുവന്‍ പ്രൊജക്ടറുകളുടെയും വരാനിരിക്കുന്ന പദ്ധതികളുടെയും സോഫ്റ്റവെയര്‍ ലിനക്സില്‍ തയ്യാറാക്കാമെന്നിരിക്കെയാണ് ഇതുപേക്ഷിക്കുന്നത്.
(എം വി പ്രദീപ്)

deshabhimani

No comments:

Post a Comment