Saturday, February 9, 2013

വിനോദ് റായ് ആഞ്ഞടിക്കുന്നു അടിയാളനല്ല


മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ കുംഭകോണങ്ങളുടെ കുംഭമേള തുറന്നുകാട്ടിയ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായ് അഴിമതിയില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുന്നു യു പി എ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുന്നു.

'ഞാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അടിയാളനല്ല. അവരുടെ റബര്‍ സ്റ്റാമ്പുമല്ല'. അമേരിക്കയില്‍ ഹാവാര്‍ഡ് സര്‍വകലാശാലയിലെ കെന്നഡി സ്‌കൂളില്‍ നടത്തിയ പ്രഭാഷണത്തില്‍ വിനോദ് റായ് തുറന്നടിച്ചു. ഇന്ത്യന്‍ ജനാധിപത്യം വളര്‍ച്ചയുടെ ഒരു പരിപക്വമായ പാതയിലാണ്. മധ്യവര്‍ഗം ജനാധിപത്യത്തിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി വിമര്‍ശിക്കാന്‍ തക്കവിധം വളര്‍ന്നത് നല്ലൊരു സന്ദേശമാണ്. ജനങ്ങളാണ് ഈ ജനാധിപത്യ പ്രക്രിയയിലെ അന്തിമമായ പങ്കാളികള്‍ എന്നനിലയിലേയ്ക്കാണ് ഇന്ത്യയില്‍ കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത് ഹാവാര്‍ഡ് സ്‌കൂളില്‍ സമീപകാലത്തു നടന്ന ഏറ്റവും ശ്രദ്ധേയമായ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ അഴിമതികളുടെ വേലിയേറ്റത്തെക്കുറിച്ച് വിശദമായി പ്രതിപാദിച്ച വിനോദ് റായ് മുതലാളിത്തത്തിന്റെയും മൂലധനശക്തികളുടേയും കടന്നാക്രമണങ്ങളെയും നിശിതമായി വിമര്‍ശിച്ചു. സംരംഭങ്ങളെയാണ് നേരേമറിച്ച് സംരംഭകരെയല്ല പ്രോത്സാഹിപ്പിക്കേണ്ടതെന്നു വ്യക്തമാക്കിയ അദ്ദേഹം മന്‍മോഹന്‍ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു.

അഴിമതി പൂര്‍ണമായി തുടച്ചുനീക്കാനാകില്ലായിരിക്കാം. എന്നാല്‍ സി എ ജി എന്ന നിലയില്‍ തന്റെ കടമ മൂലധനശക്തികള്‍ നടത്തുന്ന അഴിമതികളുടെ ഉദാഹരണങ്ങള്‍ തുറന്നുകാട്ടലാണെന്ന് വിനോദ് റായ് പറഞ്ഞു. സി എ ജി റിപ്പോര്‍ട്ടുകള്‍ പാര്‍ലമെന്റിനു മുന്നില്‍ വഴിപാടുപോലെ സമര്‍പ്പിക്കാനുള്ള രേഖയല്ല. ടു ജി സ്‌പെക്ട്രം, കല്‍ക്കരിപ്പാടം അഴിമതികള്‍ പൊതുസമൂഹത്തിന്റെ ഓഡിറ്റര്‍ എന്ന നിലയില്‍ പുറത്തറിയിക്കേണ്ട ബാധ്യത തനിക്കുണ്ട്. ജനങ്ങളുടെ സംവേദക ക്ഷമതയുള്ള പ്രതികരണങ്ങള്‍ വിളിച്ചുവരുത്തുന്ന അഴിമതിയുടെ കണക്കുകള്‍ തുറന്നുകാട്ടുന്നതാണ് ജനസമൂഹത്തോടു കണക്കു പറയേണ്ടയാള്‍ എന്ന നിലയില്‍ സി എ ജിയുടെ ചുമതലയെന്നും വിനോദ് റായ് വ്യക്തമാക്കി.

ഗ്രാമീണ ജനതയുടെ ആരോഗ്യം പ്രാഥമിക വിദ്യാഭ്യാസം, ജലമലിനീകരണം, പരിസ്ഥിതിനാശം, കുടിനീര്‍ക്ഷാമം എന്നീമേഖലകളിലെ അഴിമതികളെ കുറിച്ചു മിണ്ടിക്കൂടെന്നാണോ സര്‍ക്കാര്‍ പറയുന്നത്? കേരളാ കേഡറിലെ ഐ എ എസുകാരന്‍ കൂടിയായ വിനോദ് റായ് ഹാവാര്‍ഡ് സര്‍വലാശാലയിലെ വിദ്യാര്‍ഥികളുടെ കരഘോഷങ്ങള്‍ക്കിടെ ചോദിച്ചു. ജനമനസ്സുകളുടെ സംരക്ഷകരാണ് ഓഡിറ്റര്‍മാര്‍. പൊതുപണം പൊതുസമൂഹത്തിനുവേണ്ടിയാണോ ചെലവഴിക്കുന്നതെന്നു പരിശോധിക്കാന്‍ സി എ ജിക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു.

എന്നാല്‍ വിദേശമണ്ണില്‍ നിന്ന് ഇന്ത്യയെ വിമര്‍ശിച്ച വിനോദ്‌റായ് ഭരണഘടനാധിഷ്ഠിത സ്ഥാപനത്തിന്റെ മേധാവിയെന്നകാര്യം മറന്ന് ലക്ഷ്മണരേഖ കടക്കുകയാണെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി മനീഷ്തിവാരി പറഞ്ഞു. ടു ജി കുംഭകോണത്തില്‍ സി എ ജിയുടെ കണക്കുതെറ്റിപ്പോയെന്ന കണ്ടുപിടിത്തവും തിവാരി നിരത്തി. ഇന്ത്യയിലെ കാര്യങ്ങള്‍ വിദേശത്തെ വേദിയിലേയ്ക്കല്ല വലിച്ചിഴക്കേണ്ടതെന്നും തിവാരി കരുതുന്നു.

janayugom 090213

No comments:

Post a Comment