Saturday, February 9, 2013

സിബി മാത്യൂസിന്റെ മുഖംമൂടി അഴിഞ്ഞുവീഴുന്നു


സൂര്യനെല്ലിക്കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യനെ രക്ഷിക്കാന്‍ അന്വേഷണസംഘത്തലവനായിരുന്ന സിബി മാത്യൂസ് തന്നെ പലതവണ ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ ശ്രമിച്ചുവെന്ന് ലൈംഗിക പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ പുതിയൊരു കൊടുങ്കാറ്റിളക്കുന്നു.കുര്യന് എതിരായ തന്റെ മൊഴിമാറ്റി പറഞ്ഞില്ലെങ്കില്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നായിരുന്നു സിബി മാത്യൂസിന്റെ താക്കീതെന്ന് സൂര്യനെല്ലി പെണ്‍കുട്ടി ഒരു ചാനല്‍ അഭിമുഖത്തില്‍ അറിയിച്ചു. എന്നാല്‍ താന്‍ സമ്മര്‍ദ്ദത്തിനുവഴങ്ങിയില്ല. പീഡനം നടന്നുവെന്ന് പറയപ്പെടുന്ന രാത്രിയില്‍ കുര്യന് കുമിളിയില്‍ എത്താന്‍ കഴിയില്ലെന്നും അദ്ദേഹം തന്നോട് പറഞ്ഞു. മൊഴിമാറ്റി പറഞ്ഞില്ലെങ്കില്‍ മറ്റു പ്രതികളും രക്ഷപ്പെടുമെന്നായിരുന്നു സിബിമാത്യൂസ് തന്നെ ഓര്‍മ്മിപ്പിച്ചത്.

'എന്നെ ഒരുപാടു തവണ ഇതു പറയിപ്പിക്കാന്‍ നോക്കി. പക്ഷേ താന്‍ നടക്കാത്തതൊന്നും പറയാനാവില്ലെന്ന് അറിയിച്ചു. കേസിലെ ഇരുപത്തിമൂന്നാം പ്രതിയായ ഒരു അധ്യാപകനെയും ഇതിന് വേണ്ടി സിബി മാത്യൂസ് ഇടപെടുത്തി. ''സൂര്യനെല്ലി വിവാദം കത്തിക്കാളിയതോടെ ഏതാനും ദിവസമായി സ്വയം ഉള്‍വലിഞ്ഞു കഴിഞ്ഞ പെണ്‍കുട്ടി ഇന്നലെ ഒരു ചാനലിനോട് സംസാരിക്കവേ കേസ് അട്ടിമറിക്കാന്‍ സിബി മാത്യൂസ് നടത്തിയ ഹീനശ്രമങ്ങളുടെ കഥ പുറത്തെടുക്കുകയായിരുന്നു

തന്നെ പീഡിപ്പിച്ച കുര്യന്റെ പങ്കാളിത്തം മറച്ചുവെക്കാന്‍ സിബി മാത്യൂസിന്റെ ഭീഷണിക്ക് വഴങ്ങാത്ത താന്‍ എല്ലാ കാര്യങ്ങളും കോടതിയില്‍ പറഞ്ഞുകൊള്ളാം. കോടതിയില്‍ നിന്ന് നീതി കിട്ടുമെന്ന് തനിക്ക് പൂര്‍ണവിശ്വാസമുണ്ടെന്ന് അറിയിച്ച പെണ്‍കുട്ടി അന്വേഷണത്തിനിടയില്‍ ഡിവൈ എസ് പി രാജീവന്റെ പങ്കിലും സംശയം പ്രകടിപ്പിച്ചു.

ഇനി ഇതേക്കുറിച്ച് ആരോടും താന്‍ ഒന്നും പറയില്ലെന്നും എല്ലാം ഇനി നീതിപീഠത്തിനു മുമ്പാകെ മാത്രമേ പറയൂ എന്നും വ്യക്തമാക്കി. പീഡനവേളയിലെ കുര്യന്റെ ശരീരഭാഷയെക്കുറിച്ചും പെണ്‍കുട്ടി സംസാരിച്ചു. തന്നെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച കുര്യനോട് തന്നെ രക്ഷിക്കണമെന്ന് കെഞ്ചി. പക്ഷേ അദ്ദേഹം അതൊന്നും കേട്ടില്ല. കൂടുതല്‍ എന്തെങ്കിലും പറഞ്ഞാല്‍ കേസ് ദുര്‍ബലപ്പെടുമെന്ന് താന്‍ ഭയക്കുന്നതിനാല്‍ ഇനിയൊന്നും പറയില്ല. തിരിച്ചറിയല്‍ പരേഡിനുള്ള അവസരം പോലും നിഷേധിച്ചു. അല്ലായിരുന്നുവെങ്കില്‍ തന്നെ പീഡിപ്പിച്ച കുര്യനെ ചൂണ്ടിക്കാണിക്കാന്‍ താന്‍ 17 വര്‍ഷം കാത്തിരിക്കേണ്ടി വരില്ലായിരുന്നുവെന്നും പെണ്‍കുട്ടി അറിയിച്ചു.

ഈ വെളിപ്പെടുത്തലോടെ കുര്യനു മാത്രമല്ല സിബി മാത്യൂസിനും പ്രതികൂട്ടിലേക്കുള്ള വഴി തെളിയുന്നുവെന്നും നിയമവൃത്തങ്ങള്‍ കരുതുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ തെറ്റാണെന്നു പ്രതികരിച്ച ഇപ്പോഴത്തെ മുഖ്യ വിവരാവകാശ കമ്മിഷണറായ സിബി മാത്യൂസ് താന്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കില്‍ അക്കാര്യം കോടതിയില്‍ പറയാമായിരുന്നുവെന്ന് പറഞ്ഞ് മറ്റു ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി.

janayugom 090213

No comments:

Post a Comment