Saturday, February 9, 2013
ഗ്രാമീണരോടും ജോര്‍ജ്ജിന്റെ അധിക്ഷേപം
പാവം ഗ്രാമീണന്‍, വാ തുറന്നാല്‍...
നഗരത്തിലെ മാലിന്യം ഗ്രാമങ്ങളില്‍ തള്ളുന്ന പ്രവണത വര്‍ധിക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്. നഗരത്തിന്റെ കുപ്പത്തൊട്ടികളായി ഗ്രാമങ്ങളെ മാറ്റുന്നതുപോലെ എന്ത് അശ്ലീലവും ആഭാസവും പറഞ്ഞ് അത് ഗ്രാമത്തിന്റെ പേര് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചാലോ? പ്രതിപക്ഷാംഗങ്ങളെ തെറിവിളിച്ച് പ്രസംഗിച്ച ചീഫ്വിപ്പിന്റെ ശ്രമം ഇത്തരത്തിലായിരുന്നു. ഗ്രാമീണനായതിനാലാണ് താനങ്ങനെ പറഞ്ഞതെന്നായിരുന്നു ജോര്‍ജിന്റെ ന്യായീകരണം. അശ്ലീലവും ആഭാസവും അലങ്കാരമാക്കിയ യുഡിഎഫ് രാഷ്ട്രീയത്തിലെ മാലിന്യമായ ജോര്‍ജ് പാവപ്പെട്ട ഗ്രാമീണരെ അധിക്ഷേപിക്കുകയായിരുന്നു ഫലത്തില്‍ നിയമസഭയില്‍.
സൂര്യനെല്ലി പെണ്‍കുട്ടി, മുന്‍ മന്ത്രി എ കെ ബാലന്‍ എന്നിവരെ മോശംഭാഷയില്‍ പരാമര്‍ശിച്ച ജോര്‍ജ് നിയമസഭയ്ക്ക് പുറത്ത് നടത്തിയ പ്രസംഗം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനാണ് സഭയുടെ ശ്രദ്ധയില്‍കൊണ്ടുവന്നത്. പ്രതിപക്ഷത്തെ തെണ്ടികളെന്നു വിളിച്ച ചീഫ്വിപ്പ് ദളിതരെയും അനാഥാലയത്തിലെ അന്തേവാസികളെയും ആക്ഷേപിച്ച കാര്യം വി എസ് വിശദീകരിച്ചു. സാമൂഹ്യമര്യാദ ലംഘിച്ച് അധിക്ഷേപം ചൊരിയുന്ന ചീഫ്വിപ്പ് സര്‍ക്കാരിന്റെ പ്രതീകമോ അലങ്കാരമോ ആകുന്നതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. എന്നാല്‍, സഭയുടെ അന്തസ്സ് കെടുത്തിയ ജോര്‍ജ് മാപ്പ് പറഞ്ഞേതീരൂ. വിശദീകരണവുമായി എഴുന്നേറ്റ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ജോര്‍ജ് അത്തരം പരാമര്‍ശം പറഞ്ഞിട്ടില്ലെന്ന് വിശ്വസിക്കുകയാണെന്ന് പറഞ്ഞതോടെ പ്രതിപക്ഷത്ത് പ്രതിഷേധമായി. അതോടെ പറയാതിരിക്കട്ടെയെന്നാണ് ആഗ്രഹമെന്ന് മുഖ്യമന്ത്രി തിരുത്തി. പൊതുപ്രവര്‍ത്തകര്‍ കാട്ടേണ്ട മിതത്വവും മാന്യതയും വിവരിച്ചപ്പോള്‍ പ്രതിപക്ഷനിരയില്‍നിന്ന് ശബ്ദമുയര്‍ന്നു. അത് ജോര്‍ജിനോടുപദേശിക്കൂവെന്ന്. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും സി ദിവാകരനും ജോര്‍ജിനെതിരെ നടപടി ആവശ്യപ്പെട്ട് എഴുന്നേറ്റു. അതോടെ മുഖ്യമന്ത്രി നിശബ്ദനായി.
വിശദീകരണം നല്‍കിയ ജോര്‍ജ്, ഞാനൊരു ഗ്രാമീണനാണ്, പാവം ഗ്രാമീണന്‍ എന്ന് പറഞ്ഞ് പ്രസംഗത്തിലേക്ക് നീണ്ടപ്പോള്‍ പ്രതിപക്ഷത്തോടൊപ്പം സ്പീക്കറും ഇടപെട്ടു. പ്രസംഗംവേണ്ട. ഗ്രാമീണനായ എന്നില്‍നിന്ന് തെണ്ടികള്‍ എന്ന വാക്ക് വീണുപോയതാണ്. ഖേദംപ്രകടിപ്പിക്കുന്നു എന്നായി ജോര്‍ജ്. എന്നാല്‍, ചീഫ്വിപ്പിനെതിരെ നടപടിവേണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചുനിന്നു. കെ കെ ലതികയും കോവൂര്‍ കുഞ്ഞുമോനും വി എസ് സുനില്‍കുമാറും ടി വി രാജേഷും ബി സത്യനും പി ടി എ റഹീമും വി ശിവന്‍കുട്ടിയും എ പ്രദീപ്കുമാറും മുന്‍നിരയിലേക്ക് കുതിച്ചു. ആഭാസംപറയുന്ന ചീഫ്വിപ്പിനെ മാറ്റണമെന്ന മുദ്രാവാക്യമുയര്‍ന്നു. ബഹളം തുടര്‍ന്നതോടെ 11ന് സഭ നിര്‍ത്തി. 50 മിനിറ്റിനുശേഷം സഭ വീണ്ടും ചേര്‍ന്നപ്പോള്‍ നടപടി ആവശ്യം കോടിയേരി ഉന്നയിച്ചു. ജോര്‍ജിന്റെ യോഗത്തിന്റെ സിഡി പരിശോധിച്ച് അറിയിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞതോടെ ഉപക്ഷേപം തുടര്‍ന്നു.
അനൗദ്യോഗികബില്ലുകള്‍ പരിഗണിക്കുന്ന വെള്ളിയാഴ്ച ബില്ലിലേക്ക് കടക്കാനിരിക്കെ കോടിയേരി ഇടപെട്ടു. സൂര്യനെല്ലി പെണ്‍കുട്ടിക്ക് നീതിതേടിയുള്ള സമരത്തില്‍ എംഎല്‍മാരെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ എഡിജിപി റിപ്പോര്‍ട്ട് കോടിയേരി ഉന്നയിച്ചു. ബിജിമോളുടെ സാരി വലിച്ചഴിക്കുന്ന ദൃശ്യമുള്ള പത്രമുയര്‍ത്തി സി ദിവാകരന്‍ പടത്തില്‍ കാണുന്ന പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി പറഞ്ഞ തിരുവഞ്ചൂര്‍ നടപടിക്ക് വിസമ്മതിച്ചു. ജുഡീഷ്യല്‍ അന്വേഷണവുമായി സഹകരിക്കില്ലെന്ന് കോടിയേരി വ്യക്തമാക്കി. മൂന്നോ നാലോവര്‍ഷം കഴിഞ്ഞുവരുന്ന ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടുവരെ കാത്തിരിക്കേണ്ട. പത്രത്തിലെ ചിത്രം തെളിവായെടുത്ത് നടപടി ഉടന്‍ വേണം. ഭരണപക്ഷം നിഷേധഭാവം സ്വീകരിച്ചതോടെ മുദ്രാവാക്യമുയര്‍ന്നു. എംഎല്‍എമാരെ തല്ലിച്ചതയ്ക്കും തിരുവഞ്ചൂരിന്റെ ധിക്കാരത്തിനെതിരായ സാജുപോളിന്റെ മുദ്രാവാക്യവുമായി പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. പ്രതിപക്ഷം രംഗം വിട്ടതോടെ എം പി വിന്‍സന്റിന്റെ അനൗദ്യോഗികബില്‍, കേരള സംസ്ഥാന എക്സ്ഗ്രേഷ്യ പെന്‍ഷന്‍ബില്‍ പരിഗണനയ്ക്കെടുത്ത് സഭയും പരിഞ്ഞു.
ജില്ലാസഹകരണബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറിച്ച് യുഡിഎഫ് വരുതിയിലാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് രാവിലെ പ്രതിപക്ഷം ഇറങ്ങിപ്പോയിരുന്നു. ഇ പി ജയരാജനാണ് അടിയന്തരപ്രമേയത്തിന് അനുമതിതേടിയത്. പൊലീസിനെയും ഗുണ്ടകളെയും കൈയൂക്കിനെയും ആയുധമാക്കി സഹകരണപ്രസ്ഥാനത്തെ തകര്‍ക്കുകയാണെന്ന് ഇ പി പറഞ്ഞു. കാസര്‍കോട്ട് ബിജെപിയെ അടക്കം സഖ്യകക്ഷിയാക്കിയാണ് കോണ്‍ഗ്രസും ലീഗും ഭരിക്കുന്നതെന്ന ഇ പിയുടെ വാദത്തിന് പ്രതികരിച്ച മുഖ്യമന്ത്രി ബിജെപി ബന്ധം നിഷേധിച്ചില്ലെന്നത് ശ്രദ്ധേയമായി.
പി വി ജീജോ deshabhimani 090213
Labels:
നിയമസഭ,
രാഷ്ട്രീയം,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment