Monday, February 4, 2013

പ്രതിയുടെ വക്കീലിന്റെ ഉപദേശം വേണ്ട: പിണറായി


പാലക്കാട്: സൂര്യനെല്ലിക്കേസില്‍ പി ജെ കുര്യനെതിരെ പുനരന്വേഷണം നടത്തണമെന്ന ആവശ്യത്തില്‍ അഡ്വക്കറ്റ് ജനറലില്‍നിന്ന് നിയമോപദേശം തേടരുതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

ഇതേ കേസില്‍ പ്രതിഭാഗത്തിനുവേണ്ടി കോടതിയില്‍ മുമ്പ് ഹാജരായ അഭിഭാഷകന്‍ കെ പി ദണ്ഡപാണിയാണ് ഇപ്പോഴത്തെ അഡ്വക്കറ്റ് ജനറല്‍. ഇദ്ദേഹത്തെ മാറ്റിനിര്‍ത്തി പുനരന്വേഷണത്തിന് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇത്തരത്തിലുള്ള കേസ് വരുമ്പോള്‍ വാദം കേള്‍ക്കുന്നതില്‍നിന്ന് ജഡ്ജിമാര്‍പോലും ഒഴിയുകയാണ് പതിവെന്ന് പിണറായി പറഞ്ഞു. പ്രതിക്കുവേണ്ടി വാദിച്ചയാളില്‍നിന്ന് നിയമോപദേശം തേടിയാല്‍ കേസിന്റെ ഗതിയെന്താകുമെന്ന് പറയേണ്ടതില്ലല്ലോ. മുമ്പ് സ്വീകരിച്ച സമീപനം സ്വാധീനിക്കും. ഇക്കാര്യം ഗൗരവമായി കാണാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

കുര്യനെതിരെ അന്വേഷണം വേണ്ടെന്ന മുഖ്യമന്ത്രിയുടെ സമീപനം ശരിയല്ല. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴി മുഖവിലയ്ക്കെടുത്ത് മുഖ്യമന്ത്രി സമീപനം തിരുത്താന്‍ തയ്യാറാവണം. തന്നെ പീഡിപ്പിച്ചവരുടെ കൂട്ടത്തില്‍ കുര്യനുണ്ടെന്ന് അന്നേ പെണ്‍കുട്ടി പറഞ്ഞതാണ്. എന്നാല്‍, ആ പരാതി പരിഗണിക്കപ്പെട്ടില്ല. അതിനാലാണ് വീണ്ടും അക്കാര്യം ഉയര്‍ത്തിയത്. സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സമൂഹം ഏറ്റെടുക്കണമെന്നും പിണറായി അഭ്യര്‍ഥിച്ചു. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസായ യൂത്ത് സെന്റര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു പിണറായി.

ഇതിനിടെ, പുനരന്വേഷണസാധ്യത അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ തൃശൂരിലും പുലാമന്തോളിലും പറഞ്ഞു. പെണ്‍കുട്ടിയുടെ പരാതിയില്‍ സര്‍ക്കാര്‍നടപടി എന്തെന്ന് മനസിലാക്കിയശേഷം ഇക്കാര്യത്തില്‍ താനും നിയമോപദേശം തേടുമെന്ന് വി എസ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കി. പുനരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ കത്ത് കിട്ടിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ന്‍ പറഞ്ഞു.

deshabhimani 040213

No comments:

Post a Comment