Monday, February 4, 2013
അന്വേഷണത്തിനിടയിലും വാള്‍മാര്‍ട്ട് ലോബിയിങ്
രാജ്യത്തെ ചില്ലറവില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം അനുവദിപ്പിക്കാനുള്ള ലോബിയിങ്, കോഴ എന്നിവയ്ക്കായി 2008 മുതല്‍ വാള്‍മാര്‍ട്ട് കമ്പനി ചെലവിട്ടത് 180 കോടിയോളം രൂപ. 2012 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍മാത്രം എട്ടുകോടി രൂപ ചെലവിട്ടു. അമേരിക്കന്‍ സെനറ്റിനുമുന്നിലുള്ള രേഖകളിലാണ് ഈ വിവരം. 2008 മുതല്‍ വാള്‍മാര്‍ട്ട് തുടര്‍ച്ചയായി നടത്തിയ ശ്രമങ്ങളുടെ വിവരങ്ങളാണ് രേഖയില്‍.
അമേരിക്കന്‍ സെനറ്റ്, ജനപ്രതിനിധിസഭ, അമേരിക്കന്‍ ട്രേഡ് റെപ്രസന്റേറ്റീവ്സ് എന്നിവയില്‍ വാള്‍മാര്‍ട്ട് സ്വാധീനം ചെലുത്തി. അമേരിക്കന്‍ ഭരണകൂടം അതനുസരിച്ച് ഇന്ത്യന്‍ ഭരണാധികാരികളില്‍ സമ്മര്‍ദം ചെലുത്തി. ഇന്ത്യയില്‍ അനുകൂലമായി തീരുമാനമെടുപ്പിക്കാന്‍ ആവശ്യമായ കോഴയും നല്‍കി. ഇതിനാണ് നാലുവര്‍ഷത്തിനുള്ളില്‍ 180 കോടി രൂപ ചെലവിട്ടത്. ഇന്ത്യയില്‍ വാള്‍മാര്‍ട്ട് കോഴ കൊടുത്തതുസംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ബഹളമുണ്ടാകുകയും ഇതുസംബന്ധിച്ച് അന്വേഷിക്കാമെന്ന് യുപിഎ സര്‍ക്കാര്‍ ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. 2012 ഡിസംബറില്‍ പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിലായിരുന്നു ഇത്. ഇന്ത്യയില്‍ ബഹളം നടക്കുമ്പോഴും വാള്‍മാര്‍ട്ട് അതിന്റെ ലോബിയിങ് തുടരുകയായിരുന്നുവെന്ന് സെനറ്റ് രേഖകള്‍ തെളിയിക്കുന്നു. വാള്‍മാര്‍ട്ടിന്റെ ഇന്ത്യയിലെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറെ കോഴയുമായി ബന്ധപ്പെട്ട് സസ്പെന്‍ഡ് ചെയ്തിരുന്നു. വാള്‍മാര്‍ട്ടും അമേരിക്കയും ലോബിയിങ്ങിനും കോഴ നല്‍കലിനും ഔദ്യോഗിക അംഗീകാരം നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇന്ത്യയില്‍ അത് വിവാദമായപ്പോള്‍ സ്വന്തം ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്ത് മുഖംരക്ഷിക്കാനാണ് അവര്‍ ശ്രമിച്ചത്. അമേരിക്കയിലും മറ്റു രാജ്യങ്ങളിലും ലോബിയിങ് അതിനുശേഷവും തുടര്‍ന്നു.
deshabhimani 040213
Labels:
അഴിമതി,
ചില്ലറവില്പന
Subscribe to:
Post Comments (Atom)
No comments:
Post a Comment