സ്പെക്ട്രം ലൈസന്‍സ് ലഭിക്കാത്തവര്‍ മൊബൈല്‍ സേവനം നിര്‍ത്തണം
ന്യൂദല്‍ഹി: നവംബറില്‍ നടന്ന 2ജി സ്പെക്ട്രം പുനര്‍ലേലത്തില്‍ പങ്കെടുക്കാത്തവരും പുതിയ ലൈസന്‍സ് ലഭഭിക്കാത്തവരുമായ മൊബൈല്‍ കമ്പനികള്‍ ഉടന്‍ സേവനം നിര്‍ത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. നവംബറിലെ പുനര്‍ലേലത്തില്‍ സ്പെക്ട്രം അനുമതി ലഭിച്ചവര്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്നും ജസ്റ്റിസ് ജി എസ് സിങ്വി, ജ. കെ എസ് രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു. സിസ്റ്റമ ശ്യാം ടെലിസര്‍വ്വീസസ് (എം ടി എസ് ഐാബൈല്‍), യൂണിനോര്‍, ടാറ്റ ടെലി സര്‍വ്വീസസ്, ഐഡിയ സെല്ലുലാര്‍ എന്നീ കമ്പനികള്‍ക്ക് ചില സര്‍ക്കിളുകളിലെ അവരുടെ സേവനം അവസാനിപ്പിക്കേണ്ടിവരും.
കൈറ്റോണ്‍ ഗുളികകളുടെ വില ഭീമമായി വര്‍ധിപ്പിച്ചു
കൊല്ലം: അമിതവണ്ണവും കൊളസ്ട്രോളും നിയന്ത്രിക്കുന്ന കൈറ്റോണ്‍ ക്യാപ്സൂളുകളുടെ വില കുത്തനെ വര്‍ധിപ്പിച്ചു. ഭക്ഷണത്തിലെ കൊഴുപ്പ് വലിച്ചെടുത്ത് ആരോഗ്യം പ്രദാനം ചെയ്യുന്ന ക്യാപ്സൂളുകള്‍ക്കു മത്സ്യഫെഡ് അഡ്മിനിസ്ട്രറ്റീവ് കമ്മിറ്റിയാണ് ഫെബ്രുവരി ഒന്നുമുതല്‍ വില കുത്തനെ വര്‍ധിപ്പിച്ചത്. ഈ ഉല്‍പ്പന്നം വില്‍ക്കുന്ന സ്വകാര്യ ഡീലര്‍മാര്‍ക്ക് ഉയര്‍ന്ന കമീഷന്‍ ലഭ്യമാക്കുന്നതിനാണ് വില വര്‍ധിപ്പിച്ചതെന്നു ആക്ഷേപമുണ്ട്.
മൂന്നുരൂപ 50 പൈസയ്ക്ക് ലഭിച്ചിരുന്ന ഒരു ക്യാപ്സൂളിന്റെ വില ആറുരൂപയായി വര്‍ധിപ്പിച്ചു. 60 ക്യാപ്സൂളുകളടങ്ങിയ ഒരു കുപ്പിക്ക് 210 രൂപയായിരുന്നത് 350 ആയി. 40 ക്യാപ്സൂളുകളുള്ള കുപ്പിക്ക് 240 രൂപയായും വര്‍ധിപ്പിച്ചു. ഇതു നേരത്തെ 140 രൂപയായിരുന്നു. 105 രൂപ വിലയുണ്ടായിരുന്ന 30 ക്യാപ്സൂളുകള്‍ക്ക് 180 ആയി വര്‍ധിപ്പിച്ചു. ഒരു തവണ 6000 ക്യാപ്സൂളുകള്‍ വാങ്ങുന്നവര്‍ക്ക് 31 ശതമാനം കമീഷന്‍ നല്‍കണമെന്ന് വ്യവസ്ഥയുണ്ട്. മത്സ്യഫെഡിന്റെ യൂണിറ്റ് സഹസംഘങ്ങള്‍, സ്വയംസഹായസംഘം അംഗങ്ങള്‍ എന്നിവ വഴി വിതരണം ചെയ്യുന്നതിന് 25 ശതമാനം കമീഷന്‍ നല്‍കുമ്പോഴാണ് സ്വകാര്യ ഡീലര്‍മാര്‍ക്ക് 31 ശതമാനം നല്‍കുന്നത്. വിതരണശൃംഖല രൂപപ്പെടുത്തുന്നതിലും ഉല്‍പ്പാദനശേഷി ഉപയോഗപ്പെടുത്തുന്നതില്‍ വന്ന വീഴ്ചയും വില വര്‍ധനക്കിടയാക്കി. മത്സ്യഫെഡിന്റെ നീണ്ടകരയിലുള്ള കൈറ്റിന്‍-കൈറ്റോസാന്‍ പ്ലാന്റില്‍ ചെമ്മീന്‍, ഞണ്ട് എന്നിവയുടെ തോടില്‍ നിന്നാണ് ഗുളികകള്‍ ഉല്‍പ്പാദിപ്പിക്കുന്നത്.
ബാങ്കുകള്‍ കാര്‍ഷികവായ്പ വെട്ടിക്കുറയ്ക്കുന്നു
പാലക്കാട്: വാണിജ്യബാങ്കുകള്‍ കാര്‍ഷികവായ്പ വെട്ടിക്കുറയ്ക്കുന്നത് കര്‍ഷകര്‍ക്ക് ഇരുട്ടടിയാവുന്നു. വരള്‍ച്ചയെതുടര്‍ന്ന് കൃഷി ഉണക്കുഭീഷണിയിലായ ഘട്ടത്തിലാണ് വിവിധ കാരണം പറഞ്ഞ് സഹകരണ- ദേശസാല്‍ക്കരണ ബാങ്കുകള്‍ വായ്പ നിഷേധിക്കുന്നത്. നിക്ഷേപ-വായ്പ അനുപാതം പാലിക്കണമെന്ന റിസര്‍വ് ബാങ്ക് നിര്‍ദേശം നടപ്പാക്കാനാണ് ഈ നടപടിയെന്നാണ് ബാങ്കുകളുടെ വിശദീകരണം. കാര്‍ഷികവായ്പ പൂര്‍ണമായും നല്‍കാതിരിക്കുന്നത് പ്രതിഷേധത്തിന് ഇടയാക്കുമെന്നതിനാല്‍ ചില ബാങ്കുകള്‍ പേരിന് മാത്രം വായ്പ അനുവദിക്കുന്നുണ്ട്. വായ്പയ്ക്കായി നിരവധി രേഖകള്‍ ആവശ്യപ്പെട്ട് കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്നതായും ആക്ഷേപമുണ്ട്. കാര്‍ഷികവായ്പ നല്‍കാന്‍ മടിക്കുന്ന ബാങ്കുകള്‍ വാഹന- ഭവനവായ്പ നല്‍കുന്നുണ്ട്.
പുതിയ വായ്പാ-പലിശ നയവും സാധാരണക്കാരനെ ദുരിതത്തിലാക്കുന്നു. അടങ്കല്‍ തുക മടക്കി നല്‍കാന്‍ കഴിയാതെ വരുന്ന സാഹചര്യത്തിലാണ് ബാങ്കുകള്‍ വായ്പകള്‍ നിഷേധിക്കുന്നത്. സാധാരണരീതിയില്‍ കാര്‍ഷികവായ്പകളില്‍ നാല് ശതമാനം മാത്രം പലിശ അടച്ചാല്‍ മതി. ഇത് പൂര്‍ണമായും ഒഴിവാക്കാനാണ് ബാങ്കുകള്‍ ശ്രമിക്കുന്നത്. കാര്‍ഷിക വായ്പകളുടെ തിരിച്ചടവിന് ഒരുവര്‍ഷത്തെ അവധി നല്‍കുമെന്ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചുവെങ്കിലും ഇതും നടപ്പായില്ല. വായ്പ നല്‍കാതെ ബാങ്കുകള്‍കൂടി കൈവിട്ട സാഹചര്യത്തില്‍ വട്ടിപ്പലിശസംഘത്തെ ആശ്രയിക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍. പാലക്കാട് ജില്ലയില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ ഏഴുപേര്‍ കാര്‍ഷികകടം കാരണം ആത്മഹത്യ ചെയ്തിരുന്നു. വരള്‍ച്ചമൂലം ജില്ലയില്‍ ഇതുവരെ 7014 ഹെക്ടര്‍ കൃഷി നശിച്ചെന്നാണ് കൃഷിവകുപ്പ് നല്‍കുന്ന ഔദ്യോഗിക വിശദീകരണം.
ഡിജിറ്റല്‍ മുതലാളിത്തം വ്യാവസായിക മുതലാളിത്തത്തെക്കാള്‍ മോശം: ശശികുമാര്‍
കൊച്ചി: സാര്‍വത്രികമാകുന്ന ഡിജിറ്റലൈസേഷന്‍ ലോകത്തെ ഡിജിറ്റല്‍ മുതലാളിത്തത്തിലേക്കു നയിക്കുമെന്ന് ഏഷ്യന്‍ കോളേജ് ഓഫ് ജേണലിസം ചെയര്‍മാന്‍ കെ ശശികുമാര്‍ പറഞ്ഞു. ഇത് വ്യാവസായിക മുതലാളിത്തത്തെക്കാള്‍ മോശമായ അവസ്ഥയാകും സൃഷ്ടിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കേബിള്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷനും (സിഒഎ) കേബിള്‍ സ്കാന്‍ മാഗസിനും ചേര്‍ന്നു സംഘടിപ്പിച്ച ഡിജിറ്റല്‍ ഫ്യൂച്ചുറിസ്റ്റിക് ബ്രോഡ്കാസ്റ്റിങ്-കേബിള്‍ ടിവി പ്രദര്‍ശനത്തോടനുബന്ധിച്ച് "ഡിജിറ്റലൈസേഷനും ടെലിവിഷന്‍ മാധ്യമത്തിന്റെ ഭാവിയും" എന്ന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചിന്തകളെത്തന്നെ ഡിജിറ്റലൈസേഷന്‍ മാറ്റി മറിക്കും. സാമൂഹ്യമാറ്റത്തിനും ഇത് കാരണമാകും. ഡിജിറ്റലൈസേഷന്‍ സാര്‍വത്രികമാകുന്നത് പുതിയ മുതലാളിത്തത്തിലേക്ക് ലോകത്തെ കൊണ്ടുപോകും. നാം ഉപയോഗിക്കുന്ന വസ്തുക്കളെല്ലാം വളരെവേഗം പഴയതാവുന്ന അവസ്ഥ വരും. അതിനാല്‍ ഉടന്‍ വേറെ വാങ്ങേണ്ടിവരും. ഇങ്ങനെ പുതിയ രീതിയിലുള്ള കുത്തക മുതലാളിത്തം പിടിമുറുക്കും. "മാസ് മീഡിയ" എന്ന സങ്കല്‍പ്പം പൂര്‍ണമായും അപ്രത്യക്ഷമാകുമെന്നും ശശികുമാര്‍ പറഞ്ഞു. പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍ പി രാജേന്ദ്രന്‍ അധ്യക്ഷനായി. ഫ്രണ്ട് ലൈന്‍ അസോസിയേറ്റ് എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍, സിഒഎ ജനറല്‍ സെക്രട്ടറി കെ ഗോവിന്ദന്‍, വൈസ് പ്രസിഡന്റ് റിയാസ് നൈാരത്ത് എന്നിവര്‍ സംസാരിച്ചു.
deshabhimani 160213
No comments:
Post a Comment