Saturday, February 9, 2013

കലാപ്രവര്‍ത്തനത്തിലും വിപ്ലവപാരമ്പര്യവുമായി സുമംഗല ബിനാലെയില്‍


ഇന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയും മലയാളത്തിന്റെ രാഷ്ട്രീയ അഭിമാനവുമായ ഇ എം ശങ്കരന്‍നമ്പൂതിരിപ്പാടിന്റെ വിപ്ലവപാരമ്പര്യം തന്റെ കലാപ്രവര്‍ത്തനത്തിലൂടെ കാത്തുസൂക്ഷിക്കുകയാണ് കൊച്ചുമകള്‍ സുമംഗല. തെരുവുകളിലും വിപ്ലവ ഗര്‍ജനങ്ങളുയര്‍ന്ന വേദികളിലും പാടിപ്പതിഞ്ഞ ഒരു തലമുറയുടെ ആവേശമായ ഗാനങ്ങള്‍ പുതു തലമുറയ്ക്ക് പരിചയപ്പെടുത്താന്‍ സുമംഗല കൊച്ചിയിലുമെത്തി. കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി ഫോര്‍ട്ട്കൊച്ചി ഡേവിഡ് ഹാളില്‍ "ദി ഫോര്‍ഗോട്ടണ്‍ മ്യൂസിക് ട്രഡിഷന്‍ ഓഫ് ദി ഇപ്റ്റ" എന്ന സംഗീത പരിപാടിയില്‍ സുമംഗല ഈ ഗാനങ്ങള്‍ ആലപിച്ചു. ഇഎംഎസിന്റെ മൂത്ത മകള്‍ ഡോ. മാലതിയുടെ മകളാണ് സുമംഗല. ബംഗാളിയായ സൗമ്യജിത്ത് ഭട്ടാചാര്യയാണ് ഭര്‍ത്താവ്. ഒരു മകളുണ്ട്.
ഭാഷയുടെ അതിരുകള്‍ ഭേദിച്ച് ഇപ്റ്റ (ഇന്ത്യന്‍ പീപ്പിള്‍സ് തിയറ്റര്‍ അസോസിയേഷന്‍) ഇന്ത്യയിലാകെ പ്രചരിപ്പിച്ച സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശത്തെ ഓര്‍മിപ്പിക്കുന്നതായിരുന്നു ആ ഗാനങ്ങള്‍. ഇന്ത്യയിലാകെ നാടകവും പാട്ടുകളുമായി സ്വാതന്ത്ര്യാനന്തരകാലത്ത് വിപ്ലവം പ്രചരിപ്പിച്ച ഇടതുകലാ കൂട്ടായ്മയായിരുന്നു ഇപ്റ്റ. ഇന്ത്യയില്‍ വിപ്ലവം കലയിലൂടെ പ്രചരിച്ച കാലത്തെ സുമംഗലയും കൂട്ടുകാരുംചേര്‍ന്ന് യഥാര്‍ഥത്തില്‍ പുനഃസൃഷ്ടിക്കുകയായിരുന്നു. ഇന്ത്യയിലെ പ്രധാന ഭാഷകളില്‍നിന്നുള്ള ഗാനങ്ങള്‍ക്കൊപ്പം കെപിഎസിക്കുവേണ്ടി പി കെ മേദിനിയെന്ന കയര്‍ത്തൊഴിലാളി പെണ്‍കുട്ടി തന്റെ കൗമാരപ്രായത്തില്‍ പാടി ഹിറ്റാക്കിയ "പച്ചപ്പനംതത്തേ" എന്ന പാട്ടാണ് മലയാളത്തില്‍നിന്ന് അവതരിപ്പിച്ചത്.

നെതര്‍ലന്‍ഡില്‍ ജോലിചെയ്യുന്ന ബ്രിട്ടീഷ് ഗവേഷകനായ ടാഫ ഹസ്സം എന്ന ഗവേഷകന്റെ പദ്ധതിയുടെ ഭാഗമായിട്ടാണ് പരിപാടി. സാംസ്കാരികപ്രവര്‍ത്തകനായ ടാഫ് ലോകത്തെമ്പാടും വിപ്ലവകാലങ്ങളില്‍ പ്രചാരം നേടിയ ഗാനങ്ങളിലൂടെ ചരിത്രവും പൈതൃകവും തേടുന്ന ഗവേഷണമാണ് നടത്തുന്നത്.

"ഒരുകാലത്ത് ഗാനങ്ങളിലൂടെയാണ് നാം പ്രതിരോധം തീര്‍ത്തിരുന്നത്. അന്നത്തെ ആ രോഷപ്രകടനങ്ങള്‍ക്ക് അതിന്റേതായ വ്യക്തതയുമുണ്ടായി." ന്യൂഡല്‍ഹി അംബേദ്കര്‍ സര്‍വകലാശാലയില്‍ സ്കൂള്‍ ഓഫ് കള്‍ച്ചറല്‍ ആന്‍ഡ് ക്രിയേറ്റീവ് എക്സ്പ്രഷന്‍സില്‍ അസോസിയേറ്റ് പ്രൊഫസറായ സുമംഗല പറയുന്നു. ശാസ്ത്രീയസംഗീതം അഭ്യസിച്ചിട്ടുള്ള സുമംഗലയുടെ സുഹൃത്തുക്കളായ ഹര്‍പ്രീത്സിങ്ങും തപന്‍ മല്ലിക്കും ഗാനാവതരണത്തില്‍ സുമംഗലയ്ക്ക് അകമ്പടിയേകി. ഹിന്ദി, പഞ്ചാബി, ഉര്‍ദു തുടങ്ങിയ ഭാഷകളിലുള്ള ഗാനങ്ങളും കവിതകളുമെല്ലാം പരിപാടിയില്‍ അവതരിപ്പിച്ചു. 1943ല്‍ കയ്യൂര്‍ സമരത്തിന്റെ ഭാഗമായി നാലു യുവാക്കളെ തൂക്കിക്കൊന്നതുമായി ബന്ധപ്പെട്ട് ബിനോയ് റോയ് ബംഗാളിയില്‍ രചിച്ച ഗാനവും ഏറെ ആവേശത്തോടെയാണ് സദസ്സ് ശ്രവിച്ചത്. രാജ്യത്തെ ജനാധിപത്യചരിത്രത്തിന്റെ ഭാഗമായിമാറിയ ഇത്തരം ഗാനങ്ങളെല്ലാം മറവിയിലേക്കു പോയിക്കഴിഞ്ഞുവെന്ന് സുമംഗല പറഞ്ഞു. പുതിയ തലമുറയെ ഈ സംഗീതപാരമ്പര്യത്തെപ്പറ്റി ഓര്‍മിപ്പിക്കാന്‍കൂടിയാണ് ഇത്തരമൊരു പരിപാടി നടത്തുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

deshabhimani

No comments:

Post a Comment