Sunday, February 10, 2013

ക്രിമിനല്‍ കേസെടുക്കണം: പിണറായി


ഇര വേശ്യയെന്ന് ജസ്റ്റിസ് ബസന്ത്

മലപ്പുറം: സൂര്യനെല്ലി പെണ്‍കുട്ടിയുടേത് ബാലവേശ്യാവൃത്തിയെന്ന് ജസ്റ്റിസ് ആര്‍ ബസന്തിന്റെ ആക്ഷേപം. ബാലവേശ്യാവൃത്തി ബലാത്സംഗമല്ല. സൂര്യനെല്ലി പെണ്‍കുട്ടി ഇത്തരത്തില്‍ ഉപയോഗിക്കപ്പെട്ടതിന് സുദൃഢമായ തെളിവുകളുണ്ട്. പെണ്‍കുട്ടി വിദ്യാര്‍ഥിയായിരിക്കുമ്പോള്‍തന്നെ വഴിപിഴച്ചുപോയിരുന്നുവെന്നും പക്വതയില്ലാത്തവളാണെന്നും സ്വകാര്യസംഭാഷണത്തിനിടെ ബസന്ത് ആരോപിക്കുന്നു. ഇക്കാര്യം ചാനല്‍ പുറത്തുവിട്ടതോടെ സംഭവം വന്‍വിവാദമായി.

സംസ്ഥാനമെങ്ങും ബസന്തിനെതിരെ പ്രതിഷേധം അലയടിക്കുകയാണ്. തിരൂരില്‍ തുഞ്ചന്‍പറമ്പില്‍ തുഞ്ചന്‍ ഉത്സവത്തിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. പ്രഭാഷണത്തിനുശേഷം വിശ്രമിക്കവേയാണ് പെണ്‍കുട്ടിയെ അധിക്ഷേപിച്ചും മോശക്കാരിയായി ചിത്രീകരിച്ചും വിവാദ പരാമര്‍ശം നടത്തിയത്. സൂര്യനെല്ലിക്കേസില്‍ പ്രത്യേക കോടതി കുറ്റക്കാരാണെന്ന് വിധിച്ച പ്രതികളെ വെറുതെവിട്ട രണ്ടംഗ ഹൈക്കോടതി ബഞ്ചില്‍ അംഗമായിരുന്നു ബസന്ത്. കെ അബ്ദുള്‍ ഗഫൂറാണ് കേസില്‍ വിധിപറഞ്ഞ മറ്റൊരു ജഡ്ജി. ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ബസന്ത് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകനാണിപ്പോള്‍.

പെണ്‍കുട്ടി തടവിലായിരുന്നോ എന്ന കാര്യം പരിശോധിച്ചിട്ടുണ്ടെന്ന് ബസന്ത് അവകാശപ്പെട്ടു. അങ്ങനെ കരുതാനിവില്ലെന്നാണ് തങ്ങള്‍ കണ്ടെത്തിയത്. ബലാത്സംഗകേസില്‍ ഇരയെ വിശ്വസിക്കുകയും വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്. എന്തുകൊണ്ടാണ് കോടതി പെണ്‍കുട്ടിയെ അവിശ്വസിച്ചതെന്നറിയാന്‍ വിധിപ്രസ്താവം പൂര്‍ണമായി വായിക്കണം. എത്രകാലമെടുത്താണ് വിധി പറഞ്ഞതെന്നും എന്തെല്ലാം ഘടകങ്ങളാണ് പരിഗണിച്ചതെന്നും മനസ്സിലാക്കണം. സൂര്യനെല്ലി കേസിലെ വിധി വായിക്കാതെയാണ് പലരും സംസാരിക്കുന്നത്. രാഷ്ട്രീയ രംഗത്ത് കൈയടി നേടാന്‍ എന്തും പറയുന്നത് ശരിയല്ല. പി ജെ കുര്യന്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചതുകൊണ്ടാണ് കേസില്‍ ജഡ്ജിമാര്‍ക്ക് മനംമാറ്റമുണ്ടായതെന്ന ഒരു അഭിഭാഷകന്റെ അഭിപ്രായം ലജ്ജാകരമാണ്. അയാള്‍ അക്കാര്യം എന്റെ മുന്നില്‍ നിന്ന് പറയില്ല. എന്റെ ജീവിതം തുറന്ന പുസ്തകമാണ്. നീതിന്യായവ്യവസ്ഥയോട് മാത്രമാണ് എനിക്ക് കടപ്പാട്. സൂര്യനെല്ലി കേസില്‍ ഹൈക്കോടതി വിധിയില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ സുപ്രീംകോടതി വിധിയെയും ബസന്ത് പരിഹസിച്ചു. വിധിപ്രസ്താവം വായിക്കാത്തവര്‍ ഞെട്ടിയാല്‍ എന്തുചെയ്യും. വായിക്കാത്തവര്‍ ഞെട്ടിയാല്‍ ഒന്നും ചെയ്യാനാകില്ല. ഹൈക്കോടതിയില്‍നിന്ന് വിരമിച്ചെങ്കിലും ഇപ്പോഴും അഭിഭാഷ സമൂഹത്തിന്റെ ഭാഗമാണ്. അതില്‍നിന്നും വേറിട്ട് നില്‍ക്കാനാവില്ല. കുര്യന്റെ പേര് പെണ്‍കുട്ടി ഇപ്പോഴും ആവര്‍ത്തിക്കുന്നുണ്ടല്ലോ എന്ന് ചാനല്‍ ലേഖികയുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. വിരമിച്ചശേഷം താങ്കള്‍ക്ക് വിധി ശരിയായിരുന്നെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഈ കേസില്‍ വിധിപറയാന്‍ ഇനിയും അവസരം ലഭിച്ചാല്‍ പഴയതുതന്നെയാകും പറയുകയെന്നായിരുന്നു പ്രതികരണം. സ്കൂള്‍ വിദ്യാര്‍ഥിനിയായിരിക്കുമ്പോള്‍തന്നെ പെണ്‍കുട്ടി വഴിതെറ്റിപ്പോയിരുന്നു എന്നതുള്‍പ്പെടെ പല ക്രൂരമായ പരാമര്‍ശവും ബസന്ത് അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

പരാമര്‍ശം സുപ്രീം കോടതിയോടുള്ള അവഹേളനം

ന്യൂഡല്‍ഹി: സൂര്യനെല്ലി കേസില്‍ നടന്നത് ബലാത്സംഗമല്ലെന്ന മുന്‍ ജഡ്ജി ആര്‍ ബസന്തിന്റെ പ്രസ്താവന പരമോന്നത നീതിപീഠത്തോടുള്ള അവഹേളനം. ബലാത്സംഗം നടന്നിട്ടില്ലെന്ന നിരീക്ഷണത്തോടെ ബസന്ത് ഉള്‍പ്പെടുന്ന ഹൈക്കോടതി ബെഞ്ച് പുറപ്പെടുവിച്ച വിധി സുപ്രീംകോടതി റദ്ദാക്കിയതിനുശേഷമുള്ള ഈ നിരീക്ഷണം സംശയരഹിതമായി കോടതിയലക്ഷ്യമാണ്. വീണ്ടും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നിട്ടുള്ള കേസിലാണ് തന്റെ മുന്‍വിധി ബസന്ത് ആവര്‍ത്തിക്കുന്നത്. 2005 ജനുവരി 20നാണ് പ്രതികളെ വെറുതെ വിട്ടുള്ള ഹൈക്കോടതി ഉത്തരവ്. ഇതിന് പത്തുദിവസംമുമ്പുമാത്രമാണ് പി ജെ കുര്യന്‍ രാഷ്ട്രീയവനവാസത്തിനുശേഷം കോണ്‍ഗ്രസ് പ്രതിനിധിയായി രാജ്യസഭയില്‍ എത്തുന്നത്.

2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയേറ്റെങ്കിലും കേന്ദ്രത്തില്‍ യുപിഎ മുന്നണി രൂപീകരിച്ച് ഇടതുപക്ഷത്തിന്റെ പിന്തുണയോടെ അധികാരത്തില്‍ എത്തിയിരുന്നു. ഈ അവസരത്തില്‍ കേരളത്തില്‍നിന്ന് കോണ്‍ഗ്രസിന് എംപിമാരാരും ഉണ്ടായിരുന്നില്ല. കുര്യന്‍ രാജ്യസഭയില്‍ എത്തിയപ്പോള്‍ കേന്ദ്ര മന്ത്രിയാകുമെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാല്‍, സൂര്യനെല്ലി കേസായിരുന്നു മുഖ്യതടസ്സം. പ്രധാനകേസ് വാദംപൂര്‍ത്തിയായി ഹൈക്കോടതി വിധി പറയാനായി മാറ്റിയ ഘട്ടമായിരുന്നു ഇത്. കേസില്‍നിന്ന് ഒഴിവാക്കണമെന്ന കുര്യന്റെ അപേക്ഷയാകട്ടെ സുപ്രീംകോടതി പരിഗണനയിലും. കേസില്‍ വിചാരണക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി ശരിവയ്ക്കുമെന്ന ഉറച്ച പ്രതീക്ഷയായിരുന്നു പ്രോസിക്യൂഷനുണ്ടായിരുന്നത്. എന്നാല്‍, വിധി വന്നപ്പോഴാകട്ടെ അപ്രതീക്ഷിതമായി പ്രതികളെ വെറുതെ വിടുകയാണുണ്ടായത്. പ്രതികളെ ഒഴിവാക്കാന്‍ കോടതി മുഖ്യമായും ആശ്രയിച്ചത് ബസന്ത് ഇപ്പോള്‍ പറയുന്ന പെണ്‍കുട്ടി "വഴിപിഴച്ചവളെന്" ന്യായമാണ്. കുട്ടി സ്വമേധയാ ധര്‍മരാജനൊപ്പം പോയതാണെന്നും 42 പ്രതികളുമായും സമ്മതതോടെ വേഴ്ച നടത്തിയതാണെന്നും രണ്ടംഗ ബെഞ്ച് വിധിന്യായത്തില്‍ എഴുതി. കെ എ അബ്ദുള്‍ ഗഫൂറെഴുതിയ മുഖ്യഉത്തരവിനൊപ്പം ബസന്തിന്റെ രണ്ടുപേജ് വരുന്ന യോജിപ്പ് നിരീക്ഷണങ്ങളുണ്ടായിരുന്നു. ഈ നിരീക്ഷണത്തിലും പെണ്‍കുട്ടികള്‍ പ്രലോഭനങ്ങള്‍ക്ക് അടിപ്പെടാമെന്നും ശരിയായ മൂല്യസംവിധാനത്തില്‍ അവരെ വളര്‍ത്തണമെന്നും ഉപദേശിക്കുന്നുണ്ട്.

സൂര്യനെല്ലി കുട്ടിയുടേത് ബാലവേശ്യാവൃത്തിയാണെന്ന് ബസന്ത് അധിക്ഷേപിക്കുമ്പോള്‍ ചോദ്യംചെയ്യപ്പെടുന്നത് സുപ്രീംകോടതിയുടെതന്നെ നിരീക്ഷണങ്ങളാണ്. ബാലവേശ്യാവൃത്തി കേസുകളില്‍പ്പോലും ബലാത്സംഗക്കുറ്റം ചുമത്തണമെന്ന് ജസ്റ്റിസുമാരായ ദല്‍വീര്‍ ഭണ്ഡാരി, എ കെ പട്നായിക് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് അടുത്തിടെ നിരീക്ഷിച്ചിരുന്നു. ബാലവേശ്യാവൃത്തിയെ അധാര്‍മികമെന്നു പറയാമെന്നല്ലാതെ ബലാത്സംഗമെന്നു പറയാനാകില്ലെന്നാണ് ബസന്തിന്റെ ഇപ്പോഴത്തെ കണ്ടെത്തല്‍.
(എം പ്രശാന്ത്)

ക്രിമിനല്‍ കേസെടുക്കണം: പിണറായി

തിരു: ജുഡീഷ്യറിയുടെ അന്തസ്സിനുമേല്‍ വീണ കളങ്കമാണ് ജസ്റ്റിസ് ബസന്തിന്റെ വഴിപിഴച്ച പരാമര്‍ശങ്ങളെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇതിനെതിരെ സ്ത്രീസംരക്ഷണനിയമപ്രകാരം ക്രിമിനല്‍ കേസ് എടുക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് പിണറായി വിജയന്‍ ആവശ്യപ്പെട്ടു. പീഡനക്കാരെ സംരക്ഷിച്ച ഹൈക്കോടതിവിധി റദ്ദാക്കിയ സുപ്രീംകോടതിയോടുള്ള അനിഷ്ടവും അമര്‍ഷവും ബസന്തിന്റെ അഭിപ്രായപ്രകടനങ്ങളിലുണ്ട്. കേസില്‍ പ്രതികളായ 35 പേരെ വെറുതെവിട്ടതിനു പിന്നില്‍ രാഷ്ട്രീയ സ്ഥാപിതതാല്‍പ്പര്യശക്തികളുടെ വലിയ ഗൂഢപ്രവര്‍ത്തനമുണ്ടായിരുന്നു എന്ന ആക്ഷേപം അന്നേ ശക്തമായിരുന്നു. ഈ ശക്തികളുടെ നിഗൂഢ നീക്കങ്ങള്‍ ഇപ്പോഴും സജീവമാണ് എന്നതിനു തെളിവാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ കോര്‍ കമ്മിറ്റി എടുത്ത തീരുമാനവും

ബിജെപി ദേശീയനേതാക്കളുടെ പ്രതികരണവും. കേസില്‍ പ്രതിചേര്‍ക്കേണ്ട പി ജെ കുര്യനെയും ശിക്ഷിക്കപ്പെടേണ്ട മറ്റു പ്രതികളെയും സംരക്ഷിക്കുന്നതിന് ഗൂഢശക്തികളുടെ ഉച്ചഭാഷിണിയായി ന്യായാധിപന്‍ തരംതാഴുന്നത് നാടിന് അപമാനമാണ്. ഇന്ത്യയിലെ 60 കോടിയിലധികം വരുന്ന സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും മാനംരക്ഷിക്കാനുള്ള പോരാട്ടം കൂടിയാണ് സൂര്യനെല്ലിക്കേസിലെ ഇര നടത്തുന്നത്. കേസില്‍നിന്ന് പിന്മാറാന്‍ കോടികളുടെ വാഗ്ദാനമുണ്ടായിട്ടും അതിനെയെല്ലാം നിരാകരിച്ചാണ് ആ പെണ്‍കുട്ടി നീതിക്കുവേണ്ടി പോരാടുന്നത്. ബാലവേശ്യാവൃത്തിയെപ്പറ്റി ഒരു ന്യായാധിപന്‍ വിഡ്ഢിത്തം ആവര്‍ത്തിക്കുന്നത് നിയമസംഹിതയോടുള്ള അവഹേളനമാണെന്നും പിണറായി പറഞ്ഞു.


ബസന്തിന്റെ കരണത്തടിക്കണം: വി എസ്

കോഴിക്കോട്: ജസ്റ്റിസ് ബസന്തിന്റെ പ്രസ്താവന അസംബന്ധവും സുപ്രീംകോടതിയെ പരിഹസിക്കുന്നതുമാണെന്ന്് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. പെണ്‍കുട്ടി മോശക്കാരിയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് അദ്ദേഹം ശ്രമിച്ചത്. നല്ല ചുണക്കുട്ടികളായ പെണ്‍കുട്ടികള്‍ ബസന്തിന്റെ കരണത്തടിക്കണം. ബസന്തിന് സമനില തെറ്റി. ബസന്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് സൂര്യനെല്ലി പ്രതികളെ വെറുതെവിട്ടത്. ആ വിധി സുപ്രീംകോടതി തള്ളിക്കളഞ്ഞു. അപ്പോഴാണ് പെണ്‍കുട്ടി ബാലവേശ്യയാണെന്ന പരാമര്‍ശം ബസന്ത് നടത്തിയത്. പ്രതികളെല്ലാം കുറ്റം ചെയ്തത് പെണ്‍കുട്ടി മോശക്കാരിയായതുകൊണ്ടാണെന്ന് വാദിക്കാനാണ് ജഡ്ജി ശ്രമിച്ചത്- വി എസ് പറഞ്ഞു.

deshabhimani 100213

No comments:

Post a Comment