Monday, February 11, 2013

സര്‍ക്കാര്‍ നയങ്ങള്‍ ജനങ്ങളുടെ സാമൂഹ്യസുരക്ഷ നിഷേധിക്കുന്നു: ഡോ. വെങ്കിടേഷ് ആത്രേയ


കേന്ദ്രസര്‍ക്കാരിന്റെ നവഉദാരവല്‍ക്കരണ നയങ്ങള്‍ അടിസ്ഥാന ജനവിഭാഗങ്ങളുടെ ക്ഷേമവും സാമൂഹ്യ സുരക്ഷയും നിഷേധിക്കുന്നതാണെന്ന് എം എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഉപദേഷ്ടാവും സാമ്പത്തിക വിദഗ്ധനുമായ ഡോ. വെങ്കിടേഷ് ആത്രേയ കുറ്റപ്പെടുത്തി. കലിക്കറ്റ് ഇന്‍ഷൂറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുത്തകക്കമ്പനികളുടെ ലക്ഷ്യം ലാഭമുണ്ടാക്കല്‍ മാത്രമാണ്. കാര്‍ഷിക മേഖലയെ സര്‍ക്കാര്‍ കയ്യൊഴിഞ്ഞതോടെ കഴിഞ്ഞ രണ്ട് ദശകത്തിനുള്ളില്‍ രണ്ടരലക്ഷം കര്‍ഷകരാണ് ഇന്ത്യയില്‍ ആത്മഹത്യ ചെയ്തത്. കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, വനം തുടങ്ങിയ മേഖലയിലെ അടിസ്ഥാന ജനവിഭാഗങ്ങള്‍ സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്ക്കാരങ്ങളില്‍ ദുരിതമനുഭവിക്കുകയാണ്. സബ്സിഡി വെട്ടിക്കുറച്ചും വിദ്യഭ്യാസ-ചികിത്സാ ആനുകൂല്യങ്ങള്‍ ഇല്ലാതാക്കിയും സര്‍ക്കാര്‍ ഇവര്‍ക്ക് മെച്ചപ്പെട്ട ജീവിതം നിഷേധിക്കുന്നു. ഉപരിവര്‍ഗത്തിന് മാത്രം ഗുണം ചെയ്യുന്ന ഇത്തരം നയങ്ങള്‍ സേവന മേഖലയെയും പൊതുവിതരണ സമ്പ്രദായത്തെയും തകര്‍ക്കുന്നതാണ്. സാമ്പത്തിക മേഖലയിലെ നവലിബറല്‍ പരിഷ്ക്കാരങ്ങള്‍ കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചാ നിരക്ക് വര്‍ധിപ്പിച്ചതായുള്ള സര്‍ക്കാറിന്റെ അവകാശവാദം തെറ്റാണ്. 1991ന് മുമ്പുള്ള വളര്‍ച്ചാ നിരക്കിന്റെ കണക്ക് പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. ആളോഹരി വരുമാനം കുറയുകയും തൊഴിലില്ലായ്മ വര്‍ധിക്കുകയുമാണ് ഇക്കാലയളവില്‍ ഉണ്ടായത്. ചില്ലറ വില്‍പ്പന മേഖലയിലും ഇന്‍ഷൂറന്‍സ് മേഖലയിലും വിദേശ നിക്ഷേപം കൊണ്ടുവരുന്നത് ഇന്ത്യന്‍ സാമ്പത്തിക മേഖലയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടും. നവഉദാരവല്‍ക്കരണ നയങ്ങള്‍ ഇന്‍ഷൂറന്‍സ് മേഖലയിലും ഇന്ത്യന്‍ സാമ്പത്തിക രംഗത്തും ഉണ്ടാക്കിയ ആഘാതങ്ങളെക്കുറിച്ച് ഓള്‍ ഇന്ത്യാ ഇന്‍ഷൂറന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ് അമാനുള്ള ഖാനും ക്ലാസെടുത്തു. പ്രൊഫ ടി പി കുഞ്ഞിക്കണ്ണന്‍ മോഡറേറ്ററായിരുന്നു. കലിക്കറ്റ് ഇന്‍ഷൂറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് സെക്രട്ടറി കെ വിജയചന്ദ്രന്‍ സ്വാഗതവും ഗോപകുമാര്‍ നന്ദിയും പറഞ്ഞു.

deshabhimani 110213

No comments:

Post a Comment