Saturday, February 16, 2013

രാഹുലിന്റെ മുന്‍ സെക്രട്ടറിക്കും പങ്ക്; രണ്ടുവര്‍ഷം ആന്റണി അനങ്ങിയില്ല


ഹെലികോപ്റ്റര്‍ കുംഭകോണത്തില്‍ കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ മുന്‍ സെക്രട്ടറിയും 10-ജന്‍പഥിലെ പ്രധാനിയുമായ കനിഷ്ക സിങ്ങിനും പങ്കെന്ന് റിപ്പോര്‍ട്ട്. കനിഷ്ക സിങ്ങിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുന്‍ എംപി കിരിത് സോമയ്യ സിബിഐക്ക് കത്തയച്ചു. കോടികള്‍ മറിയുന്ന പ്രതിരോധ ഇടപാടുകള്‍ക്കെല്ലാം അന്തിമാനുമതി സോണിയ ഗാന്ധിയുടെ ഔദ്യോഗിക വസതിയായ 10-ജന്‍പഥില്‍ നിന്നാണെന്ന ആരോപണം സജീവമായി നില്‍ക്കെയാണ് കനിഷ്ക യുടെ പങ്കാളിത്തം അന്വേഷണ വിധേയമാക്കണമെന്ന ആവശ്യമുയരുന്നത്. 2003 മുതല്‍ കോണ്‍ഗ്രസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കനിഷ്ക സിങ്ങ് സോണിയ ഗാന്ധിയുടെയും രാഹുലിന്റെയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ പ്രധാന ചുമതലക്കാരില്‍ ഒരാള്‍ എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

കനിഷ്ക സിങ്ങിന്റെ അടുത്ത ബന്ധുക്കള്‍ ഉടമസ്ഥരായ എമ്മാര്‍ എംജിഎഫ് എന്ന റിയല്‍എസ്റ്റേറ്റ് കമ്പനിക്ക് ഹെലികോപ്റ്റര്‍ ഇടപാടിലൂടെ നേട്ടമുണ്ടായിട്ടുണ്ടെന്ന് കിരിത് സോമയ്യ കത്തില്‍ പറഞ്ഞു. കനിഷ്കയുടെ അച്ഛന്‍ എസ് കെ സിങ് എമ്മാര്‍ എംജിഎഫ് കമ്പനിയുടെ പ്രൊമോട്ടറും ഓഹരി ഉടമയുമാണ്. ഹെലികോപ്റ്റര്‍ ഇടപാടില്‍ ഇടനിലക്കാരനായ ഗിഡോ ആര്‍ ഹാഷ്ക്കെ നേരത്തെ എമ്മാര്‍ എംജിഎഫ് കമ്പനിയുടെ ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു. ഹെലികോപ്റ്റര്‍ ഇടപാടിന്റെ കരുനീക്കങ്ങള്‍ പ്രതിരോധ മന്ത്രാലയത്തില്‍ സജീവമായിരുന്ന ഘട്ടത്തിലാണ് ഇയാള്‍ എമ്മാര്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചത്. ഹാഷ്ക്കെ തങ്ങളുടെ ഡയറക്ടറായിരുന്നുവെന്ന് എമ്മാര്‍ കമ്പനി വാര്‍ത്താകുറിപ്പില്‍ സ്ഥിരീകരിച്ചു. എന്നാല്‍, രണ്ടുമാസത്തേക്ക് മാത്രമാണ് ഹാഷ്ക്കെ ഡയറക്ടറായി പ്രവര്‍ത്തിച്ചതെന്നും ബോര്‍ഡ് യോഗങ്ങളിലൊന്നും പങ്കെടുത്തിരുന്നില്ലെന്നും എമ്മാര്‍ അവകാശപ്പെടുന്നു. കോണ്‍ഗ്രസ് നേതൃത്വവുമായി അടുത്ത ബന്ധമുള്ള വേദ്പ്രകാശ് ഗുപ്തയാണ് എമ്മാര്‍ കമ്പനിയുടെ ഉടമ. കനിഷ്ക്കയുടെ അച്ഛനും മറ്റ് അടുത്ത ബന്ധുക്കളും എമ്മാര്‍ കമ്പനിയില്‍ ഓഹരി ഉടമകളാണ്. 2009 സെപ്തംബര്‍ 25 മുതല്‍ ഡിസംബര്‍ ഏഴ് വരെയാണ് ഹാഷ്ക്കെ എമ്മാര്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചത്. ഹെലികോപ്റ്റര്‍ കരാറില്‍ കേന്ദ്രസര്‍ക്കാര്‍ ഒപ്പുവച്ചതാകട്ടെ 2010 ഫെബ്രുവരിയിലും. ഇടപാടിലെ 362 കോടി കോഴപ്പണത്തിലെ നല്ലൊരു പങ്കും ഇന്ത്യയിലേക്ക് കൈമാറിയത് 2009 കാലയളവിലാണ്. ഈ ഘട്ടത്തിലാണ് തികച്ചും അസ്വാഭാവികമായി വിദേശിയായ ആയുധ ഇടനിലക്കാരന്‍ എമ്മാര്‍ കമ്പനിയുടെ ഡയറക്ടറായത്.

മുഖ്യമായും മൂന്ന് ഇടനിലക്കാരാണ് ഹെലികോപ്റ്റര്‍ ഇടപാടിനുപിന്നില്‍ പ്രവര്‍ത്തിച്ചത്. ഗിഡോ ഹാഷ്ക്കെ, ക്രിസ്ത്യന്‍ മിച്ചല്‍, കാര്‍ലൊ ഗെരോസ എന്നിവര്‍. ഹാഷ്ക്കെ, മിച്ചല്‍ എന്നിവര്‍ക്കാണ് ഇന്ത്യയില്‍ വിതരണം ചെയ്യാനുള്ള കോഴപ്പണത്തിന്റെ സിംഹഭാഗവും ഇറ്റാലിയന്‍ കമ്പനി നല്‍കിയത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് മറ്റ് പല ആയുധ ഇടപാടുകളുടെയും ഇടനിലക്കാരനായി ക്രിസ്ത്യന്‍ മിച്ചല്‍ പ്രവര്‍ത്തിച്ചതായി തെളിവുകള്‍ പുറത്തുവന്നു. ദസോള്‍ട്ട് എന്ന ഫ്രഞ്ച് കമ്പനിയില്‍നിന്ന് 126 മിറാഷ് യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് മിച്ചലാണ്. ഈ ഇടപാടിലും കോടികള്‍ കോഴയായി കൈമാറിയതായാണ് സൂചനകള്‍.
(എം പ്രശാന്ത്)

രണ്ടുവര്‍ഷം ആന്റണി അനങ്ങിയില്ല

ന്യൂഡല്‍ഹി: ഹെലികോപ്റ്റര്‍ കുംഭകോണം ഒന്നര വര്‍ഷംമുമ്പ് അറിഞ്ഞിട്ടും പ്രതിരോധമന്ത്രി എ കെ ആന്റണി എന്തുകൊണ്ട് നടപടികള്‍ സ്വീകരിച്ചില്ലെന്ന ചോദ്യം ശക്തമാകുന്നു. പ്രതിരോധമേഖലയില്‍ നടക്കുന്ന വന്‍ അഴിമതികള്‍ തടയാന്‍ ആന്റണിക്ക് കഴിയുന്നില്ലെന്ന് പ്രതിപക്ഷ പാര്‍ടികള്‍ കുറ്റപ്പെടുത്തി. "ടട്ര ട്രക്ക്" ഇടപാടില്‍ ഇടനിലക്കാരന്‍ തന്നോട് നേരിട്ട് കോഴ വാഗ്ദാനം നടത്തിയെന്ന് മുന്‍ കരസേനാ മേധാവി വി കെ സിങ് പരാതിപ്പെട്ടപ്പോഴും ആന്റണി അനങ്ങിയില്ല. സംഭവം വിവാദമാകുമ്പോള്‍മാത്രം തിടുക്കത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കൈകഴുകുന്ന സമീപനം ഹെലികോപ്റ്റര്‍ കുംഭകോണത്തിന്റെ കാര്യത്തിലും ആന്റണി തുടരുകയാണ്.

2010 ഫെബ്രുവരിയിലാണ് യുപിഎ സര്‍ക്കാര്‍ അഗസ്തവെസ്റ്റ്ലാന്‍ഡ് കമ്പനിയുമായി ഹെലികോപ്റ്റര്‍ ഇടപാടില്‍ കരാര്‍ ഒപ്പിട്ടത്. 2011 ല്‍ തന്നെ അഗസ്തവെസ്റ്റ്ലാന്‍ഡിലെ ഒരു ഉദ്യോഗസ്ഥന്‍ ഹെലികോപ്റ്റര്‍ ഇടപാടിനു പിന്നില്‍ വന്‍ കോഴ ഇടപാട് നടന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തി. ഇറ്റാലിയന്‍ മാധ്യമങ്ങളിലും ഇന്ത്യന്‍ മാധ്യമങ്ങളിലും വാര്‍ത്തയായി. പാര്‍ലമെന്റിലും സംഭവം ഉന്നയിക്കപ്പെട്ടു. ഇറ്റലിയോടും ബ്രിട്ടനോടും ഈ വിഷയത്തില്‍ വിവരങ്ങള്‍ ആരാഞ്ഞതില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ നടപടി ഒതുങ്ങി. ഇരുരാജ്യങ്ങള്‍ക്കും വിദേശമന്ത്രാലയം വഴി അഭ്യര്‍ഥന അയച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികരണമുണ്ടായില്ല. ഈ ഘട്ടത്തിലെങ്കിലും സ്വന്തം നിലയില്‍ അന്വേഷണത്തിന് പ്രതിരോധ മന്ത്രാലയം മുതിരേണ്ടിയിരുന്നു. എന്നാല്‍, ആന്റണി നിശബ്ദത പാലിച്ചു. ടട്ര ട്രക്ക് ഇടപാടും മുന്‍ കരസേനാ മേധാവിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമൊക്കെ വന്നിട്ടും ഹെലികോപ്റ്റര്‍ വിഷയത്തില്‍ ആന്റണി വായ് തുറന്നില്ല. ഒടുവില്‍ ഫിന്‍മെക്കാനിക്ക കമ്പനിയുടെ സിഇഒ ഇറ്റാലിയന്‍ പൊലീസിന്റെ കസ്റ്റഡിയിലാകുകയും 362 കോടി രൂപ കോഴയായി കൈമാറിയെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെടുകയും ചെയ്തശേഷംമാത്രമാണ് സിബിഐ അന്വേഷണത്തിന് ആന്റണി മുതിര്‍ന്നത്.

ഇന്ത്യയില്‍ ഇടപാടിനു പിന്നില്‍ പ്രവര്‍ത്തിച്ച ഉന്നതര്‍ക്ക് തങ്ങള്‍ക്കെതിരായ തെളിവുകള്‍ ഇല്ലാതാക്കാന്‍ ആവശ്യത്തിന് സമയം അനുവദിക്കുകയാണ് ആന്റണി ചെയ്തത്. ടട്ര ട്രക്ക് ഇടപാടിലെ അന്വേഷണം എങ്ങുമെത്താതെ നില്‍ക്കുകയാണ്. ഹെലികോപ്റ്റര്‍ ഇടപാടിലെ അന്വേഷണത്തിനും സമാനമായ സമാപ്തിയാകും ഉണ്ടാവുക.

കരാര്‍ റദ്ദാക്കാന്‍ നടപടി തുടങ്ങി

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലന്‍ഡ് കമ്പനിയില്‍നിന്ന് 12 എഡബ്ല്യു 101 ഹെലികോപ്റ്റര്‍ വാങ്ങാനുള്ള കരാര്‍ റദ്ദാക്കുന്നതിന് പ്രതിരോധമന്ത്രാലയം നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ഇറ്റലിയിലെ ഫിന്‍മെക്കാനിക്ക കമ്പനിയുടെ ഉപകമ്പനിയായ അഗസ്റ്റ കമ്പനിക്ക് പ്രതിരോധമന്ത്രാലയം കാരണംകാണിക്കല്‍ നോട്ടീസ് അയച്ചു. കരാറിന്റെയും അതിന്റെ ഭാഗമായുള്ള വിശ്വാസ്യതാ ധാരണയുടെയും മാനദണ്ഡങ്ങള്‍ പ്രകാരം കരാര്‍ റദ്ദാക്കുന്നതിനും മറ്റ് നടപടി സ്വീകരിക്കുന്നതിനും കാരണംകാട്ടിയാണ് നോട്ടീസ്. കമ്പനിക്ക് ഇനി നല്‍കേണ്ട പണം അടയ്ക്കുന്നത് കഴിഞ്ഞ ബുധനാഴ്ച പ്രതിരോധമന്ത്രാലയം നിര്‍ത്തിയിരുന്നു. കാരണംകാണിക്കല്‍ നോട്ടീസ് അയച്ചതോടെ കരാര്‍ ഇപ്പോള്‍ മരവിപ്പിക്കപ്പെട്ട നിലയിലാണ്. ഏഴുദിവസത്തിനകം നോട്ടീസിന് മറുപടി നല്‍കണമെന്നാണ് മന്ത്രാലയം അഗസ്റ്റ വെസ്റ്റ്ലന്‍ഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സിബിഐയില്‍നിന്ന് പ്രഥമ റിപ്പോര്‍ട്ടുപോലും കിട്ടുന്നതിനുമുമ്പാണ് കരാര്‍ റദ്ദാക്കല്‍ നടപടിയിലേക്ക് കടന്നിരിക്കുന്നത്. കരാറിന്റെ ഭാഗമായി വാങ്ങുന്ന ഹെലികോപ്റ്ററുകള്‍ തന്ത്രപരമായ ആവശ്യങ്ങള്‍ക്ക് അല്ലാത്തതിനാല്‍ മന്ത്രാലയത്തിന് തിരക്കിട്ട് നടപടികള്‍ സ്വീകരിക്കാമെന്ന് വിദഗ്ധര്‍ നേരത്തെതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല, പാര്‍ലമെന്റ് സമ്മേളനത്തിന് ദിവസങ്ങള്‍മാത്രം ശേഷിക്കെ വിഷയത്തില്‍ എന്തെങ്കിലുമൊക്കെ ചെയ്തെന്ന് വരുത്തേണ്ടതുണ്ട്.

deshabhimani 160213

No comments:

Post a Comment