Saturday, February 16, 2013

"സംഭവസ്ഥലത്തുനിന്ന് ക്യാമറാമാന്‍ റഷീദിനൊപ്പം സുകേശന്‍"


പാലോട്: ചാനലുകള്‍ പുറന്തള്ളുന്ന അരാഷ്ട്രീയസംവാദങ്ങളുടെ മാലിന്യക്കൂമ്പാരങ്ങള്‍ക്കിടയില്‍ അടിഞ്ഞുപോകുന്നതല്ല ഇടതുപക്ഷത്തിന്റെ ആശയസംഹിതകളെന്ന് അരക്കിട്ടുറപ്പിച്ച് ഒരു ഏകപാത്രനാടകം. കലഹിച്ചും സ്നേഹിച്ചും സംവദിച്ചും പുലരേണ്ട കൗമാര യുവത്വങ്ങളെ ചങ്ങലക്കിട്ടവര്‍ക്കെതിരായ താക്കീതാണ് 85 പിന്നിട്ട സ്വാതന്ത്ര്യസമരസേനാനിയായ മാധവന്‍മാഷ് എന്ന കഥാപാത്രം നാടകത്തിലൂടെ പകരുന്നത്. സുവര്‍ണജൂബിലി ആഘോഷിക്കുന്ന പാലോട് മേളയിലായിരുന്നു വരുംദിവസങ്ങളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടേക്കാവുന്ന നാടകത്തിന്റെ ആദ്യ അവതരണം. ഷെരീഫ് പാങ്ങോട് രചനയും സംവിധാനവും നിര്‍വഹിച്ച നാടകത്തില്‍ മാധവന്‍മാഷായി വേഷമിട്ടത് പാലോട് പാപ്പനംകോട് സ്വദേശിയും പ്രവാസിയുമായ ജെ ഹിദായത്താണ്.

"സംഭവസ്ഥലത്തുനിന്ന് ക്യാമറാമാന്‍ റഷീദിനൊപ്പം സുകേശന്‍" എന്ന നാടകം അപൂര്‍വമായ ഏകപാത്രനാടകങ്ങളില്‍ മികവുറ്റ ഒന്നായി വിലയിരുത്തപ്പെടും. ഉദ്ദേശിച്ച ഉത്തരം ലഭിച്ചില്ലെങ്കില്‍ ടെലിഫോണ്‍ ബന്ധം വിച്ഛേദിക്കുന്ന ചാനല്‍ അവതാരകരുടെ രീതികളെ നാടകം കളിയാക്കുന്നു. കര്‍ഷക ആത്മഹത്യകളും പ്രകൃതിയുടെ നാശവും നാടകത്തില്‍ ആശങ്കകളോടെ അവതരിപ്പിക്കുന്നു. മേളയ്ക്കെത്തിയവര്‍ നിറഞ്ഞ കൈയടികളോടെയാണ് നാടകത്തെ നെഞ്ചേറ്റിയത്. കല്ലറ പാങ്ങോട് വിപ്ലവത്തെ മുന്‍നിര്‍ത്തി ഷെരീഫ് പാങ്ങോട് രചിച്ച "അഗ്നിനക്ഷത്രങ്ങളുടെ നാട്" എന്ന നാടകം ഇതിനകം നൂറോളം വേദികളില്‍ അവതരിപ്പിച്ചുകഴിഞ്ഞു

deshabhimani

No comments:

Post a Comment