Sunday, February 17, 2013

പെട്രോള്‍-ഡീസല്‍ വില വര്‍ധന പിന്‍വലിക്കണം: സിപിഐ എം


പെട്രോള്‍ ലിറ്ററിന് ഒന്നരരൂപയും ഡീസല്‍ 45 പൈസയും വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്നും വിലനിയന്ത്രണ സംവിധാനം പുനഃസ്ഥാപിക്കണമെന്നും സിപിഐ എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. 20നും 21നും കേന്ദ്ര ട്രേഡ്യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്കില്‍ പങ്കെടുത്തും പിന്തുണച്ചും വിലവര്‍ധനയ്ക്കെതിരെയുള്ള പ്രതിഷേധം പ്രകടിപ്പിക്കാന്‍ എല്ലാവിഭാഗം ജനങ്ങളോടും പിബി അഭ്യര്‍ഥിച്ചു. വിലനിയന്ത്രണം ഒഴിവാക്കിയതു മുതല്‍ പെട്രോളിന്റെ വില കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഡീസലിന്റെ വിലയും മാസംതോറും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ ചെലവില്‍ വിലവര്‍ധനയിലൂടെ സര്‍ക്കാര്‍ നികുതി വരുമാനം വര്‍ധിപ്പിക്കുമ്പോള്‍ എണ്ണക്കമ്പനികള്‍ വന്‍ ലാഭം കൊയ്യുകയാണെന്നും പിബി ആരോപിച്ചു.

ജനകീയ പ്രതിഷേധം ഉയര്‍ത്തുക: സിപിഐ എം

തിരു: പെട്രോള്‍-ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ച നടപടിയില്‍ പ്രതിഷേധമുയര്‍ത്താന്‍ മുഴുവന്‍ ജനങ്ങളും യോജിച്ച് അണിനിരക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു. വിലക്കയറ്റത്തിനെതിരെ രാജ്യവ്യാപകമായി ഉയര്‍ന്നുവന്ന പ്രതിഷേധം കണ്ടില്ലെന്നു നടിച്ച് നവ ഉദാരവല്‍ക്കരണനയങ്ങളുമായി മുന്നോട്ടുപോകുന്ന യുപിഎ സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം. ദ്വിദന പണിമുടക്കിന് ആധാരമായി ഉയര്‍ത്തിയ മുദ്രാവാക്യങ്ങളില്‍ ഒന്ന് വിലക്കയറ്റം തടയുക എന്നതാണ്. ഇതിനെയെല്ലാം പരസ്യമായി വെല്ലുവിളിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പെട്രോള്‍ ലിറ്ററിന് 1.50 രൂപയും ഡീസല്‍ ലിറ്ററിന് 0.45 രൂപയുമാണ് വര്‍ധിപ്പിച്ചത്. പെട്രോള്‍ വിലനിയന്ത്രണം നീക്കംചെയ്തതിനുശേഷം ഇരുപതാം തവണയാണ് വില വര്‍ധിപ്പിക്കുന്നത്. ഇന്ധന വിലവര്‍ധന നിത്യോപയോഗ വസ്തുക്കളുടെ വിലവര്‍ധനയ്ക്കും വഴിവയ്ക്കും. ജനങ്ങള്‍ക്കുമേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുകയാണ്. റെയില്‍വേ യാത്രക്കൂലി വര്‍ധന നിലവില്‍വന്നത് ഈ അടുത്തകാലത്താണ്. അടുത്ത ബജറ്റില്‍ വീണ്ടും വര്‍ധിപ്പിക്കുമെന്ന അഭ്യൂഹവുമുണ്ട്. സ്വകാര്യ എണ്ണക്കമ്പനികളുടെ ലാഭം വര്‍ധിപ്പിക്കാന്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ കൂട്ടുനില്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ എല്ലാവരോടും സിപിഐ എം സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു

പ്രതിഷേധിക്കുക: സിഐടിയു

തിരു: പെട്രോള്‍- ഡീസല്‍ വിലവര്‍ധനയ്ക്കെതിരെ തൊഴിലാളികള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് സിഐടിയു അഭ്യര്‍ഥിച്ചു. പെട്രോള്‍ ലിറ്ററിന് ഒന്നര രൂപയും ഡീസല്‍ ലിറ്ററിന് 45 പൈസയുമാണ് വര്‍ധിപ്പിച്ചത്. നികുതി കൂടിയാകുമ്പോള്‍ വര്‍ധന ഇതിലും കൂടും. വിലവര്‍ധന അവശ്യവസ്തുക്കളുടെ വിലയെയും ബാധിക്കും. വിലക്കയറ്റം തടയുക എന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തി രാജ്യത്തെ മുഴുവന്‍ ട്രേഡ് യൂണിയനുകളും ചേര്‍ന്ന് 20നും 21നും 48 മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം ചെയ്ത സാഹചര്യത്തില്‍ ഇന്ധനവില വര്‍ധിപ്പിച്ച നടപടി ജനങ്ങളെ വെല്ലുവിളിക്കലാണ്. 2010 ജൂണില്‍ പെട്രോള്‍ വില നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ നീക്കംചെയ്തശേഷം 20-ാമത്തെ വിലവര്‍ധനയാണിത്. സ്വകാര്യ എണ്ണക്കമ്പനികളുടെ കൊള്ളലാഭം വര്‍ധിപ്പിക്കാന്‍ അവസരമൊരുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ നയം.

deshabhimani 170213

No comments:

Post a Comment