Sunday, February 10, 2013

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍



അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റി

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണത്തിന്റെ ഗൂഢാലോചനയില്‍ മുഖ്യപങ്ക് വഹിച്ച പ്രതി അഫ്സല്‍ ഗുരുവിനെ (43) തൂക്കിക്കൊന്നു. ശനിയാഴ്ച രാവിലെ എട്ടിന് ഡല്‍ഹിയിലെ തിഹാര്‍ ജയിലിലാണ് വധശിക്ഷ നടപ്പാക്കിയത്. നടപടിക്രമങ്ങളെല്ലാം രഹസ്യമാക്കിവച്ചു. മൃതദേഹം ജയിലില്‍തന്നെ സംസ്കരിച്ചതായി അധികൃതര്‍ അറിയിച്ചു. വധശിക്ഷ നടപ്പാക്കുന്ന വിവരം തങ്ങളെ യഥാസമയം അറിയിച്ചില്ലെന്ന് അഫ്സല്‍ ഗുരുവിന്റെ പിതാവും മകനും പറഞ്ഞു. മൃതശരീരം വിട്ടുനല്‍കാത്തതില്‍ അഫ്സലിന്റെ ബന്ധുക്കളും അഭിഭാഷകരും പ്രതിഷേധിച്ചു. മൃതദേഹം വിട്ടുകൊടുക്കുന്നത് ക്രമസമാധാനപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നതിനാലാണ് ജയില്‍ചട്ടപ്രകാരം മൃതദേഹം തിഹാര്‍ ജയിലില്‍ സംസ്കരിച്ചതെന്ന് അധികൃതര്‍ പ്രതികരിച്ചു.

ശാന്തനും സമചിത്തനുമായാണ് അഫ്സല്‍ ഗുരുവിനെ അവസാന നിമിഷങ്ങളില്‍ കാണപ്പെട്ടതെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തിഹാറിലെ മൂന്നാംനമ്പര്‍ ജയിലിലാണ് ശിക്ഷ നടപ്പാക്കിയത്. വധശിക്ഷയെ തുടര്‍ന്ന് രാജ്യത്താകെ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. 2001 ഡിസംബര്‍ 13നാണ് പാര്‍ലമെന്റ് മന്ദിരത്തില്‍ കടന്നുകയറിയ തീവ്രവാദികള്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ അഞ്ച് ഡല്‍ഹി പൊലീസ് സേനാംഗങ്ങള്‍, സിആര്‍പിഎഫിലെ വനിതാ ഓഫീസര്‍, പാര്‍ലമെന്റ് വാച്ച് ആന്‍ഡ് വാര്‍ഡിലെ രണ്ട് അംഗങ്ങള്‍, തോട്ടക്കാരന്‍ എന്നിവര്‍ മരിച്ചിരുന്നു. ആക്രമണം നടത്തിയ അഞ്ച് തീവ്രവാദികളും മരിച്ചു. 16ന് അഫ്സല്‍ ഗുരു അടക്കം നാല് പ്രതികളെ പൊലീസ് അറസ്റ്റുചെയ്തു. 2002 ഡിസംബര്‍ 18നാണ് മൂന്നുപേരെ പ്രത്യേക വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. 2003 ഒക്ടോബര്‍ 29ന് ഡല്‍ഹി ഹൈക്കോടതി വധശിക്ഷ ശരിവച്ചു. 2005 ആഗസ്ത് നാലിന് അഫ്സലിന്റെ അപ്പീല്‍ തള്ളിയ സുപ്രീം കോടതി ശിക്ഷ ശരിവച്ചു.

മറ്റൊരു പ്രതിയായ ഷൗക്കത്ത് ഹുസൈന്‍ ഗുരുവിന്റെ വധശിക്ഷ 10 വര്‍ഷം കഠിനതടവായി കുറച്ചു. മൂന്നാമത്തെ പ്രതിയും ഡല്‍ഹിയില്‍ സര്‍വകലാശാല അധ്യാപകനുമായ എസ് എ ആര്‍ ഗീലാനിയെ സുപ്രീംകോടതി വിട്ടയച്ചു. അഫ്സലിന്റെ വധശിക്ഷ 2006 ഒക്ടോബര്‍ 20ന് നടപ്പാക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, ഭാര്യ തബസ്സ് ഗുരു അന്നത്തെ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിന് ദയാഹര്‍ജി നല്‍കിയതിനെത്തുടര്‍ന്ന് വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചു. ദയാഹര്‍ജി തീരുമാനമാകാതെ നീണ്ടുപോയി. വധശിക്ഷ നടപ്പാക്കുന്നതിന് ആവശ്യമായ നിര്‍ദേശത്തിനുവേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2013 ജനുവരി 23ന് രാഷ്ട്രപതിക്ക് കത്തയച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഫെബ്രുവരി മൂന്നിനാണ് ദയാഹര്‍ജി തള്ളിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. രാഷ്ട്രപതിയുടെ തീരുമാനത്തിനുശേഷമാണ് വധശിക്ഷ നടപ്പാക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതെന്ന് ആഭ്യന്തര സെക്രട്ടറി ആര്‍ കെ സിങ് പറഞ്ഞു.

ദയാഹര്‍ജി തള്ളിയെന്നും വധശിക്ഷ നടപ്പാക്കാന്‍ പോവുകയാണെന്നുമുള്ള സന്ദേശം സ്പീഡ് പോസ്റ്റില്‍ അഫ്സല്‍ ഗുരുവിന്റെ ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തു. ജയില്‍ അധികൃതരാണ് സന്ദേശമയച്ചത്. സന്ദേശം ലഭിച്ചുവോ എന്ന് ഉറപ്പാക്കാന്‍ ജമ്മു കശ്മീര്‍ ഡിജിപിയോട് ആവശ്യപ്പെട്ടു. ശിക്ഷ നടപ്പാക്കാന്‍ പോകുന്നുവെന്ന് കാര്യം ജമ്മു കശ്മീര്‍ സര്‍ക്കാരിനെ അറിയിച്ചതായുംആഭ്യന്തര സെക്രട്ടറി പറഞ്ഞു. വധശിക്ഷ നടപ്പാക്കിയയുടന്‍ ജമ്മു കശ്മീരിലെ മിക്ക ഭാഗങ്ങളിലും കര്‍ഫ്യൂ നടപ്പാക്കി. ശ്രീനഗര്‍, ബാരാമുള്ള, അനന്ത്നാഗ്, സോപോര്‍ എന്നിവിടങ്ങളില്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും സുരക്ഷ ശക്തമാക്കി. വിമാനത്താവളം, റെയില്‍വേസ്റ്റേഷനുകള്‍, ബസ് ടെര്‍മിനലുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ സേനയെ നിയോഗിച്ചു. എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും അതീവജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കുംഭമേള നടക്കുന്ന അലഹബാദിലും സുരക്ഷാ സംവിധാനം ശക്തമാക്കി.
(വി ജയിന്‍)


ഉത്തരമില്ലാത്ത ചോദ്യങ്ങള്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണം നടന്ന് 12 വര്‍ഷങ്ങള്‍ക്ക് ശേഷം കേസിലെ പ്രധാന പ്രതി അഫ്സല്‍ ഗുരുവിന്റെ വധശിക്ഷ സര്‍ക്കാര്‍ നടപ്പാക്കിയതിന് ശേഷവും പല ചോദ്യങ്ങളും ഉത്തരമില്ലാതെ ശേഷിക്കുന്നു. 2001 ഡിസംബര്‍ 13 ന് സുരക്ഷാവലയങ്ങള്‍ ഭേദിച്ച് പാര്‍ലമെന്റ് വളപ്പിലേക്ക് ഇരച്ചുകയറി ഒമ്പത് നിരപരാധികളെ വെടിവച്ചു വീഴ്ത്തിയ ഭീകരര്‍ ആരൊക്കെയെന്നതാണ് മുഖ്യചോദ്യം. ഈ അഞ്ചുപേരുടെയും പേരുകള്‍ സ്പെഷ്യല്‍ സെല്‍ പുറത്തുവിട്ടെങ്കിലും ഇവരുടെ സ്വദേശം ഏതെന്നോ ബന്ധുക്കള്‍ ആരൊക്കെ എന്നതോ അജ്ഞാതമായി അവശേഷിക്കുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ എംപിമാരെ കാണിക്കണമെന്ന് പാര്‍ലമെന്റില്‍ ആവശ്യമുയര്‍ന്നിട്ടും എന്‍ഡിഎ സര്‍ക്കാര്‍ വഴങ്ങിയില്ല. കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍ കശ്മീരുകാരനായ മുഹമ്മദ് യാസിന്‍ ഫത്തേ മുഹമ്മദ് ആണെന്ന് താനെ പൊലീസ് കമീഷണര്‍ എസ് എം ഷാങ്ഗരി അവകാശപ്പെട്ടിരുന്നു. 2000 നവംബറില്‍ മുംബൈയില്‍ പിടിയിലായ ഇയാളെ പിന്നീട് കശ്മീര്‍ പൊലീസിന് കൈമാറിയതാണ്. കശ്മീര്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ള ഒരാള്‍ എങ്ങനെ പാര്‍ലമെന്റ ആക്രമിക്കാനെത്തും. ഇനി ഷാങ്ഗരി പറയുംപോലെ ഭീകരന്‍ മുഹമ്മദ് യാസിന്‍ അല്ലെങ്കില്‍ യാസിന്‍ ഇപ്പോള്‍ എവിടെ എന്ന ചോദ്യത്തിനും മറുപടി പറയേണ്ടതുണ്ട്.

പാര്‍ലമെന്റ് ആക്രമണം നടന്ന് രണ്ടുദിവസത്തിനകം ജമ്മു കശ്മീരില്‍നിന്നാണ് അഫ്സല്‍ ഗുരുവിനെ പിടികൂടുന്നത്. കൊല്ലപ്പെട്ട ഭീകരരില്‍നിന്ന് ഗുരുവിന്റെ ടെലിഫോണ്‍ നമ്പര്‍ കണ്ടെടുത്തുവെന്നായിരുന്നു അന്വേഷണസംഘത്തിന്റെ വിശദീകരണം. തുടര്‍ന്ന് ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ എസ് എ ആര്‍ ഗീലാനി, ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി ഷൗക്കത്ത് ഹുസൈന്‍, ഭാര്യ അഫ്സന്‍ ഗുരുവെന്ന നവ്ജ്യോത സന്ധു എന്നിവരും ഡല്‍ഹി പൊലീസിന്റെ കസ്റ്റഡിയിലായി. ആക്രമണത്തിന് തൊട്ടുമുമ്പ് ഭീകരര്‍ പലവട്ടം കശ്മീരില്‍ അഫ്സല്‍ ഗുരുവുമായി ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ പൊലീസ് ശേഖരിച്ചു. ഡല്‍ഹിയില്‍ ഗീലാനിയുമായും ഷൗക്കത്ത് ഹുസൈനുമായും അഫ്സല്‍ ഗുരു ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നെന്നും കുറ്റപത്രത്തില്‍ പൊലീസ് ആരോപിച്ചു. 1993 ല്‍ ബിഎസ്എഫ് മുമ്പാകെ കീഴടങ്ങിയ കശ്മീര്‍ വിമോചനവാദിയാണ് അഫ്സല്‍ ഗുരു. തുടര്‍ന്ന് കശ്മീരില്‍ സാധാരണ ജീവിതം നയിച്ച ഗുരു ബിസിനസ് ആവശ്യങ്ങള്‍ക്കായി പലവട്ടം ഡല്‍ഹി സന്ദര്‍ശിക്കുമായിരുന്നു.

പാര്‍ലമെന്റ് ആക്രമണകേസില്‍ വാദംകേട്ട പ്രത്യേക പോട്ട കോടതി 2002 ഡിസംബര്‍ 18 ന് അഫ്സല്‍ ഗുരു, എസ് എ ആര്‍ ഗീലാനി, ഷൗക്കത്ത് ഹുസൈന്‍ എന്നിവര്‍ക്ക് വധശിക്ഷയും അഫ്സന്‍ ഗുരുവിന് അഞ്ചുവര്‍ഷം കഠിനതടവുമാണ് വിധിച്ചത്. വിചാരണ ശരിയായ വിധത്തിലല്ലെന്ന ആരോപണം പല മനുഷ്യാവകാശ സംഘടനകളും ഉയര്‍ത്തി. രാഷ്ട്രത്തിനെതിരെ യുദ്ധം, കൂട്ടക്കൊലപാതകം, രാഷ്ട്രത്തിനെതിരായ യുദ്ധത്തിനായി ആയുധങ്ങള്‍ സംഭരിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് അഫ്സല്‍ ഗുരു ഉള്‍പ്പെടെയുള്ളവരെ ശിക്ഷിച്ചത്. 2002 ല്‍ എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന കരിനിയമമായ പോട്ടയിലെ പല വ്യവസ്ഥകളും പ്രതികള്‍ക്കെതിരെ ചുമത്തി. പ്രതികളുടെ അപ്പീല്‍ പരിഗണിച്ച ഡല്‍ഹി ഹൈക്കോടതി 2003 ഒക്ടോബറില്‍ ഗീലാനിയെയും അഫ്സല്‍ ഗുരുവിനെയും കുറ്റവിമുക്തരാക്കി. അഫ്സല്‍ഗുരുവിന്റെയും ഷൗക്കത്തിന്റെയും ശിക്ഷ ശരിവച്ചു. 2005 ആഗസ്ത് നാലിന് സുപ്രീംകോടതി അഫ്സല്‍ ഗുരുവിന്റെ വധശിക്ഷ ശരിവച്ചു. 2006 ല്‍ അഫ്സലിന്റെ വധശിക്ഷ നടപ്പാക്കാന്‍ ഡല്‍ഹി കോടതി ഉത്തരവിട്ടെങ്കിലും അഫ്സലിന്റെ ഭാര്യ തബാസും ദയാഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.
(എം പ്രശാന്ത്)

സമയം നിശ്ചയിച്ചതില്‍ രാഷ്ട്രീയം

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണക്കേസ് ഗൂഢാലോചനയില്‍ നിര്‍ണായക പങ്ക് വഹിച്ച അഫ്സല്‍ഗുരുവിന്റെ വധശിക്ഷ ഇപ്പോള്‍നടപ്പാക്കിയതിലൂടെ രാഷ്ട്രീയമായ മുതലെടുപ്പ് തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രാഷ്ട്രീയ പ്രതിസന്ധികളും അഴിമതി ആരോപണങ്ങളും കേന്ദ്രസര്‍ക്കാരിന്റെ താളംതെറ്റിച്ച അവസരത്തിലാണ് മുംബൈ ഭീകരാക്രമണ കേസില്‍ പിടിയിലായ പ്രതി അജ്മല്‍ കസബിനെ തൂക്കിലേറ്റിയതും. അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റുന്നതില്‍ ജമ്മു കശ്മീരിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ കാലത്തും പിന്നീട് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും എതിര്‍പ്പുണ്ടായിരുന്നു. അതിനാല്‍ നടപ്പാക്കല്‍ നീണ്ടു. പാകിസ്ഥാനോടും ഭീകരസംഘടനകളോടും മൃദുസമീപനമാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന ബിജെപിയുടെയും മറ്റ് ഹിന്ദുത്വ സംഘടനകളുടേയും ആരോപണങ്ങള്‍ക്ക് മറുപടി കൊടുക്കുകയാണ് ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയതിന്റെ ആദ്യ ലക്ഷ്യം. ഹിന്ദുത്വ തീവ്രവാദത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി നടത്തിയ പ്രസ്താവനക്കെതിരെ ബിജെപി ഉയര്‍ത്തുന്ന ശക്തമായ പ്രതിഷേധത്തെ തണുപ്പിക്കുകയാണ് രണ്ടാമത്തെ ലക്ഷ്യം.

മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതി അജ്മല്‍ കസബിന്റെയും അഫ്സല്‍ ഗുരുവിന്റെയും വധശിക്ഷ എത്രയുംവേഗം നടപ്പാക്കണമെന്ന് ബിജെപിയും ഹിന്ദുത്വ സംഘടനകളും തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നു. ശിക്ഷ നടപ്പാക്കാന്‍ കഴിയാത്തത് കേന്ദ്ര സര്‍ക്കാരിന്റെ കഴിവുകേടാണെന്ന പ്രചാരണവും ശക്തമായിരുന്നു. വര്‍ഗീയതയില്‍ ഊന്നിയ രാഷ്ട്രീയലക്ഷ്യത്തോടെയാണ് ബിജെപിയും ഹിന്ദുത്വസംഘടനകളും ഇത്തരം പ്രചാരണങ്ങള്‍ സംഘടിപ്പിച്ചത്. ഇത് അട്ടിമറിക്കാനാണ് അഫ്സല്‍ ഗുരുവിനെ സര്‍ക്കാര്‍ ഇപ്പോള്‍ തിരക്കിട്ട് തൂക്കിലേറ്റിയത്. മറ്റ് ഭീകരാക്രമണ കേസുകളില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ ഇപ്പോഴും ജയിലുകളില്‍ കഴിയുകയാണ്. രാജീവ്ഗാന്ധി വധക്കേസിലെ മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ ഇതുവരെ നടപ്പാക്കിയിട്ടില്ല. 1991ലാണ് രാജീവ്ഗാന്ധി വധിക്കപ്പെട്ടത്. 1998ല്‍ 26 പേര്‍ക്കും വധശിക്ഷ വിധിച്ച വിചാരണ കോടതി വിധി സുപ്രീം കോടതി ഭേദഗതിചെയ്ത് നാല് പേര്‍ക്കായി വധശിക്ഷ പരിമിതപ്പെടുത്തി. ഇതില്‍ നളിനിയെ ദയാഹര്‍ജിയെത്തുടര്‍ന്ന് വധശിക്ഷയില്‍ നിന്നൊഴിവാക്കി. ബാക്കിയുള്ള മൂന്ന് പ്രതികളെ ഇതുവരെ തൂക്കിലേറ്റിയില്ല. പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ബിയാന്ത്സിങ്ങിനെ വധിച്ച കേസിലെ പ്രതി ബല്‍വന്ത്സിങ് രജോണയുടെ വധശിക്ഷയും ഇതുവരെ നടപ്പാക്കിയിട്ടില്ല. രാജീവ്ഗാന്ധി വധവും ബിയാന്ത്സിങ് വധവും ഒരേ സമയം ഭീകരാക്രമണവും രാഷ്ട്രീയ ഉള്ളടക്കമുള്ളതുമാണ്. എന്നാല്‍, ഈ കേസുകളില്‍ ശിക്ഷനടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കാണിക്കാത്ത ഉത്സാഹം ബിജെപിയ്ക്ക് പ്രത്യേകതാല്‍പ്പര്യമുള്ള കേസുകളില്‍ കാണിക്കുന്നതിന് പിന്നിലും രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന കാര്യം വ്യക്തമാണ്.

ദയ തേടി ഇനി 17 പേര്‍

ന്യൂഡല്‍ഹി: വധശിക്ഷ വിധിക്കപ്പെട്ട 17 പേരുടെ 12 ദയാഹര്‍ജികളാണ് നിലവില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലുള്ളത്. മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിങ്ങിനെ കൊലപ്പെടുത്തിയ ബല്‍വന്ത് സിങ് രജൗനയുടേത് ഉള്‍പ്പെടെയാണ് ഇവ. രാഷ്ട്രീയ കോളിളക്കം സൃഷ്ടിക്കാവുന്ന ദയാഹര്‍ജിയും ബിയാന്ത് സിങ് കേസിലെ കുറ്റവാളിയുടേതാണ്. രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ ദയാഹര്‍ജി 2011ല്‍ രാഷ്ട്രപതി നിരാകരിച്ചിരുന്നു. 2011 സെപ്തംബറില്‍ ഇവരുടെ വധശിക്ഷ നിശ്ചയിച്ചുവെങ്കിലും മദ്രാസ് ഹൈക്കോടതി ഇടപെട്ടതിനാല്‍ നടപ്പായില്ല. തങ്ങളുടെ ദയാഹര്‍ജി തീര്‍പ്പാക്കാന്‍ രാഷ്ട്രപതി അകാരണമായി ഏറെ സമയമെടുത്തുവെന്നും ഭരണഘടനയുടെ 21-ാം വകുപ്പിന്റെ ലംഘനമാണിതെന്നും ചൂണ്ടിക്കാട്ടി കുറ്റവാളികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി സ്വീകരിച്ച ഹൈക്കോടതി ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്തു. ദയാഹര്‍ജി നിരാകരിച്ച രാഷ്ട്രപതിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് നിയമസഭ പിന്നീട് ഏകകണ്ഠമായി പ്രമേയം പാസാക്കി. മുഖ്യമന്ത്രി ജയലളിതതന്നെയാണ് പ്രമേയം അവതരിപ്പിച്ചത്. ഈ വിഷയവും കേന്ദ്രത്തിന് തലവേദനയാകും. 2000 ന് ശേഷം അഫ്സല്‍ ഗുരുവിന്റെയും അജ്മല്‍ കസബിന്റെയും ഉള്‍പ്പെടെ മൂന്നു വധശിക്ഷമാത്രമാണ് രാജ്യത്ത് നടപ്പാക്കപ്പെട്ടത്. നിലവില്‍ ദയാഹര്‍ജി പരിഗണിക്കപ്പെടുന്നവയില്‍ 13 പേരെ കൊലപ്പെടുത്തിയ ഗുര്‍മീത് സിങ്, 22 പൊലീസുകാരെ കുഴിബോംബ് പൊട്ടിച്ച് കൊലപ്പെടുത്തിയ സൈമണ്‍, ജ്ഞാനപ്രകാശ്, മദയ്യ, ബിലവേന്ദ്ര, 1999 ല്‍ യൂത്ത്കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ സ്ഫോടനം നടത്തി ഒമ്പതുപേരെ കൊലപ്പെടുത്തിയ ദേവീന്ദര്‍പാല്‍ സിങ് ഭുല്ലര്‍ തുടങ്ങിയവരും ഉള്‍പ്പെടുന്നു. ഇതില്‍ ഭുല്ലറുടെയും ബിയാന്ത്സിങ് കേസില്‍ കുറ്റക്കാരനായി വിധിച്ച രജോണയുടെയും കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനം എളുപ്പമാവില്ല.

പ്രകോപിതരാകരുതെന്ന് ഒമര്‍ അബ്ദുള്ള

ശ്രീനഗര്‍: പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയ സംഭവത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ പ്രകോപിതരാകരുതെന്നും ശാന്തരായിരിക്കണമെന്നും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ആഹ്വാനംചെയ്തു. നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ സാഹചര്യം മുതലെടുക്കുന്നത് തടയാന്‍ ശ്രദ്ധ വേണമെന്നും ഒമര്‍ പറഞ്ഞു. "വധശിക്ഷയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഉല്‍ക്കണ്ഠയുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. കാര്യങ്ങള്‍ കുഴപ്പത്തിലാക്കുംവിധം തങ്ങളുടെ സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി സാഹചര്യം ചൂഷണംചെയ്യാന്‍ ശ്രമിക്കുന്നവരുണ്ടെന്നും ഞാന്‍ മനസ്സിലാക്കുന്നു. കാര്യങ്ങള്‍ കൈവിട്ടുപോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒരുതരത്തിലുള്ള കലാപവും ഉണ്ടാകരുത്"- ഒമര്‍ പറഞ്ഞു. വാര്‍ത്തകള്‍ പലതവണ പരിശോധിച്ചശേഷമേ പ്രസിദ്ധീകരിക്കാവൂ എന്ന് മാധ്യമങ്ങളോട് അദ്ദേഹം അഭ്യര്‍ഥിച്ചു. അതേസമയം, വധശിക്ഷ നടപ്പാക്കിയതിന്റെ പശ്ചാത്തലത്തില്‍ കശ്മീരില്‍ സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. പ്രധാനപ്പെട്ട ഇടങ്ങളില്‍ വന്‍തോതില്‍ അര്‍ധ സൈനികരെയും പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. ശ്രീനഗര്‍-ജമ്മു ദേശീയപാത അധികൃതര്‍ അടച്ചു. വിഘടനവാദനേതാക്കള്‍ പുറത്തിറങ്ങി പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുന്നത് തടയാന്‍ ഇവരുടെ വീടുകള്‍ക്ക് മുന്നിലും പൊലീസിനെയും സൈനികരെയും വിന്യസിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ പ്രതിഷേധം; സംഘര്‍ഷം

ന്യൂഡല്‍ഹി: അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം. ജന്തര്‍മന്ദറില്‍ പ്രതിഷേധ പ്രകടനം നടത്തിയ കശ്മീരില്‍നിന്നുള്ള വിദ്യാര്‍ഥികളെ നേരിടാന്‍ ആര്‍എസ്എസ്, വിഎച്ച്പി, ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത് സംഘര്‍ഷത്തിനിടയാക്കി. പ്രതിഷേധത്തില്‍ പങ്കെടുത്ത സാമൂഹ്യ പ്രവര്‍ത്തകനായ ഗൗതം നവ്ലാഖയ്ക്കും പെണ്‍കുട്ടികള്‍ക്കും പരിക്കേറ്റു. ആര്‍എസ്എസുകാര്‍ ബലാത്സംഗ ഭീഷണി മുഴക്കിയതായി പെണ്‍കുട്ടികള്‍ പറഞ്ഞു. പൊലീസ് 21 വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. പ്രതിഷേധ മുദ്രാവാക്യങ്ങളുമായി അണിനിരന്ന ഒരു വിഭാഗം വിദ്യാര്‍ഥികളും അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മധുരം വിതരണംചെയ്ത സംഘപരിവാര്‍ പ്രവര്‍ത്തകരും തമ്മിലായിരുന്നു സംഘര്‍ഷം. പ്രത്യേക ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനം ആവശ്യപ്പെട്ടും മറ്റും സമരത്തിലായിരുന്ന ഇതര സംഘങ്ങളും വിദ്യാര്‍ഥികള്‍ക്കെതിരെ അണിനിരന്നു. സ്ഥിതിഗതികള്‍ കണക്കിലെടുത്ത് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ഇഫ്തിഖര്‍ ഗിലാനിയെ പൊലീസ് ശനിയാഴ്ച വീട്ടുതടങ്കലിലാക്കിയിരുന്നു.

അന്ത്യകര്‍മം അനുവദിക്കണമെന്ന് ബന്ധുക്കള്‍

ന്യൂഡല്‍ഹി: അഫ്സല്‍ ഗുരുവിന്റെ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ അനുവദിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. അഫ്സലിന്റെ അഭിഭാഷകന്‍ എന്‍ ഡി പഞ്ചോലി മുഖേന തിഹാര്‍ ജയില്‍ ഡയറക്ടര്‍ ജനറലിനാണ് അഫ്സലിന്റെ ഭാര്യ തബസ്സും കത്തയച്ചത്. വധശിക്ഷ നടപ്പാക്കുന്നുവെന്ന് അറിയിച്ചിരുന്നെങ്കില്‍ ബന്ധുക്കള്‍ക്ക് നമാസ് ഇ ജനസ (സംസ്കരിക്കുമ്പോള്‍ നടത്തുന്നത്) നടത്താന്‍ കഴിയുമായിരുന്നു. ഇന്ത്യന്‍ പൗരന്‍മാര്‍ എന്ന നിലയില്‍ ലഭിക്കേണ്ട അവകാശങ്ങള്‍ മാനിക്കപ്പെടണമായിരുന്നെന്നും കത്തില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment