Sunday, February 10, 2013

വസ്ത്രധാരണ രീതിയാണ് പ്രശ്നമെന്ന് മന്ത്രിയും; പ്രതിഷേധം വ്യാപകം


സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച "മൂല്യബോധനയാത്ര" സമാപന പരിപാടിയില്‍ പെണ്‍കുട്ടികള്‍ക്കെതിരെ നടത്തിയ മര്യാദകെട്ട പ്രയോഗത്തില്‍ പ്രതിഷേധം വ്യാപകമാകവെ, അവഹേളനത്തെ ന്യായീകരിച്ച് വിദ്യാഭ്യാസമന്ത്രിയും. പെണ്‍കുട്ടികളുടെ വസ്ത്രധാരണ രീതിയും മൊബൈല്‍ഫോണ്‍ ഉപയോഗവുമാണ് കുറ്റകൃത്യങ്ങള്‍ക്ക് ഹേതുവാകുന്നതെന്നായിരുന്നു വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിന്റെ പരാമര്‍ശം. സംസ്ഥാനസര്‍ക്കാര്‍ സംഘടിപ്പിച്ച "മൂല്യബോധനയാത്രയുടെ" സമാപനചടങ്ങിന് അയച്ച സന്ദേശത്തിലാണ് മന്ത്രിയുടെ വസ്ത്രധാരണോപദേശം. മോശം വസ്ത്രധാരണരീതിയും ധാര്‍മികബോധം നഷ്ടപ്പെടുന്നതുമാണ് പലപ്പോഴും കുറ്റകൃത്യം ആവര്‍ത്തിക്കാന്‍ കാരണമാകുന്നതെന്നാണ് മന്ത്രിയുടെ സന്ദേശം. പെണ്‍കുട്ടികളുടെ വസ്ത്രധാരണരീതിയാണ് സകല കുഴപ്പങ്ങള്‍ക്കും കാരണമെന്നും പെണ്‍കുട്ടികള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി ജീവിച്ചാലേ പ്രശ്നങ്ങള്‍ ഇല്ലാതാകൂവെന്നുമുള്ള ജാഥാക്യാപ്റ്റനും അധ്യാപകനുമായ ഡോ. രജിത്കുമാറിന്റെ പരാമര്‍ശം കടുത്ത പ്രതിഷേധത്തിന് വഴിവച്ചിരുന്നു. ഇതിനുപിന്നാലെയാണ് വസ്ത്രധാരണ ബോധവല്‍ക്കരണവുമായി വിദ്യാഭ്യാസമന്ത്രിയും രംഗത്തെത്തിയത്.

വെള്ളിയാഴ്ച തിരുവനന്തപുരം വനിതാ കോളേജില്‍ നടന്ന സമാപനചടങ്ങിലാണ് ഡോ. രജിത്കുമാര്‍ പെണ്‍കുട്ടികളെ അവഹേളിച്ചത്. സ്ത്രീകള്‍ക്കെതിരെയും കുട്ടികള്‍ക്കെതിരെയും വര്‍ധിച്ചുവരുന്ന ധാര്‍മിക ഭ്രംശനത്തിനും അക്രമത്തിനുമെതിരെ വിദ്യാര്‍ഥി സമൂഹത്തെ "ഉണര്‍ത്താന്‍" വേണ്ടിയായിരുന്നു സംസ്ഥാനസര്‍ക്കാരിന്റെ "മൂല്യബോധനയാത്ര". ഈ ചടങ്ങില്‍തന്നെ പെണ്‍കുട്ടികളെ പരസ്യമായി അപഹസിച്ചത് സ്ത്രീസംഘടനകളുടെ പ്രതിഷേധത്തിനും വഴിയൊരുക്കിയിട്ടുണ്ട്. മതിലു ചാടുന്നവരും മൊബൈല്‍ഫോണില്‍ കിടന്നുറങ്ങുന്നവരുമാണ് പെണ്‍കുട്ടികളെന്നും പരാമര്‍ശമുണ്ടായി. കാലടി ശങ്കര കോളേജില്‍ ബയോളജി അധ്യാപകനായ ഡോ. രജിത്കുമാര്‍ വിഎച്ച്എസ്ഇ വിഭാഗം എന്‍എസ്എസിന്റെ സംസ്ഥാന പ്രോഗ്രാം ഓഫീസറാണ്. ഡെപ്യൂട്ടേഷനിലാണ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസറായി പ്രവര്‍ത്തിക്കുന്നത്. ഇതിനെതുടര്‍ന്നാണ് "മൂല്യബോധനയാത്രയുടെ" ക്യാപ്റ്റനായി തീരുമാനിച്ചത്. ജനുവരി 31ന് കാസര്‍കോട്ടുനിന്നാണ് യാത്ര ആരംഭിച്ചത്. സര്‍ക്കാര്‍ പരിപാടിയുടെ മറവില്‍ പെണ്‍കുട്ടികളെ പരസ്യമായി അപമാനിച്ച സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

deshabhimani 100213

1 comment:

  1. പെൺ കുട്ടികൾ മാന്യമായി വസ്ത്രം ധരിക്കണം എന്ന് പറഞ്ഞാൽ അപമാനിക്കലാകുമോ?, പെൺകുട്ടികളുടെ വസ്ത്രധാരണാ രീതിയും പൊതു സമൂഹത്തോട് അവർ ഇടപഴകുന്ന രീതിയും തന്നെയാണ് പലപ്പോഴും പീഢനങ്ങൾക്കും മറ്റ് അസന്മാർഗിക പ്രശ്നങ്ങൾക്കും കൂടുതലും കാരണം. ഒരു സ്ത്രീയെ അവളുടെ അനുവാദം കൂടാതെ ഒരാൾക്ക് എത്ര തവണ പീഢിപ്പിക്കാൻ പറ്റും? ഏറിവന്നാൽ ഒരാൾക്ക് ഒരു തവണയോ ,ഒരു ദിവസമോ പീഢിപ്പിക്കാം. അത് കഴിഞ്ഞാൽ ഈ നാട്ടിൽ പോലീസും ,ജനങ്ങളൂം,നിയമവും ഒക്കെ ഇല്ലെ?.എന്ത് കൊണ്ട് പരാതിപ്പെടുന്നില്ല?. ഇതിനൊന്നും കഴിവില്ലാത്തവരാണെങ്കിൽ അവരുടെ മാതാപിതാക്കളെങ്കിലും ഇത് അറിയില്ലെ?.സ്വന്തം പെണ്മക്കളെ പീഢിപ്പിച്ചു എന്ന് പത്രങ്ങൾക്കും മാധ്യമങ്ങൾക്കും മുന്നിൽ ഒരു അറപ്പും ഇല്ലാതെ നാഴികക്ക് നാല്പത് വട്ടം വിളിച്ച് പറയുന്ന ഈ രക്ഷിതാക്കൾ ദിവസങ്ങളോളം കൊണ്ട് നടന്ന് പീഢിപ്പിച്ചപ്പോൾ എവിടെ ആയിരുന്നു?. കുട്ടികളുടെ കയ്യിൽ മൊബൈലും കാശും ഒക്കെ കണക്കിൽ അധികം കണ്ടപ്പോൾ എന്ത് കൊണ്ട് അന്യേശിച്ചില്ല?. പിന്നെ ഈ സ്ത്രീ സ്ത്രീ എന്ന് പറഞ്ഞ് സ്ത്രീത്വത്തിന്റെ കാവൽ ഭടന്മാരില്ലെ ഒന്ന് ഓർക്കുക"ഓരോ പീഢനത്തിന്ന് മുന്നിലും കുട്ടികളെ വീട്ടിൽ നിന്ന് ഇറക്കിവരാനും,കൂട്ടികൊടുക്കാനും എന്നും നിങ്ങൾ സ്ത്രീ എന്ന് പറഞ്ഞ അലമുറയിടൂന്ന ആ വർഗ്ഗം തന്നെയാണ് എന്നത്.അത് കൊണ്ട് മക്കള് ഈ സ്ത്രീകൾക്ക് ഒക്കെ ഒന്ന് പഠിപ്പിച്ച് കൊടുക്ക് എന്താ വേണ്ടത് എങ്ങനെ വേണ്ടത് എന്നൊക്കെ.എന്നാൽ നാട് നന്നാവും തീർച്ച.

    ReplyDelete