Sunday, February 10, 2013

സ്ത്രീസുരക്ഷയ്ക്ക് ബജറ്റില്‍ തുക വകയിരുത്തണം



സ്ത്രീകള്‍ക്കെതിരെ വര്‍ധിക്കുന്ന അക്രമങ്ങള്‍ കണക്കിലെടുത്ത് സ്ത്രീസുരക്ഷാ നിയമങ്ങള്‍ ഫലപ്രദമായി നടപ്പാക്കാന്‍ കേന്ദ്രബജറ്റില്‍ തുക വകയിരുത്തണമെന്ന് വനിതാ സംഘടനകള്‍ ധനമന്ത്രി പി ചിദംബരത്തിന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. സുരക്ഷിതമായ പൊതുഗതാഗതം, സാനിട്ടേഷന്‍, ശിശുപരിചരണ കേന്ദ്രങ്ങള്‍, ബലാത്സംഗത്തിന് ഇരയായവരുടെ പുനരധിവാസസൗകര്യം എന്നിവ ഉറപ്പാക്കാന്‍ ആവശ്യമായ ഫണ്ട് വേണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടനകള്‍ സമര്‍പ്പിച്ച നിവേദനത്തില്‍ പറഞ്ഞു. ബലാത്സംഗത്തിന് ഇരയായവരുടെ പുനരധിവാസത്തിനായി കഴിഞ്ഞ ബജറ്റില്‍ അനുവദിച്ച തുച്ഛമായ 20 കോടി രൂപപോലും ചെലവഴിച്ചില്ലെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടി.

ഫലപ്രദമായ നിര്‍വഹണ സംവിധാനം ഇല്ലാത്തതാണ് കാരണം. 2005ല്‍ നടപ്പാക്കിയ ഗാര്‍ഹിക അക്രമ സുരക്ഷാ നിയമം(പിഡബ്ല്യുഡിവി ആക്ട്) നടപ്പാക്കാന്‍ കേന്ദ്രം ഫണ്ട് അനുവദിക്കണം,അക്രമത്തിന് ഇരയാകുന്ന സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ പ്രതിസന്ധി പരിഹാര സെല്ലുകളും താമസസൗകര്യവും വേണം. കുടുംബത്തിന്റെ ഭാരം വഹിക്കുന്ന സ്ത്രീകള്‍, പ്രായമായ സ്ത്രീകള്‍, അവശ വിഭാഗത്തില്‍പ്പെടുന്നവര്‍, അക്രമത്തിനിരയായവര്‍ എന്നിവര്‍ക്കുള്ള സഹായം വര്‍ധിപ്പിക്കണം. കാര്‍ഷിക തകര്‍ച്ചകാരണം ആത്മഹത്യചെയ്യേണ്ടിവന്നവരുടെ ഭാര്യമാരെ പ്രത്യേക വിഭാഗമായി പരിഗണിച്ച് സാമ്പത്തിക സഹായം നല്‍കണം. സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതികള്‍ ഉപാധിരഹിതവും സാര്‍വത്രികവുമാക്കണം. കശ്മീര്‍ പോലുള്ള സംഘര്‍ഷ മേഖലകളിലെ സ്ത്രീകള്‍ക്കും ഭരണസംവിധാനത്തിന്റെ അക്രമത്തിനിരയായവര്‍ക്കും പ്രത്യേക പെന്‍ഷന്‍ പദ്ധതി നടപ്പാക്കണം തുടങ്ങി നിരവധി പ്രധാനപ്പെട്ട ആവശ്യങ്ങള്‍ നിവേദനത്തിലുണ്ട്. ബജറ്റ് അവതരണത്തിനുമുമ്പ് മന്ത്രിയെ നേരിട്ട് കാണാനുള്ള താല്‍പ്പര്യവും സംഘടനകള്‍ അറിയിച്ചു. സുധ സുന്ദരരാമന്‍(അഖിലേന്ത്യാജനാധിപത്യ മഹിളാ അസോസിയേഷന്‍), ആനി രാജ(എന്‍എഫ്ഐഡബ്ല്യു), വിമല്‍ തോറാട്ട്(എഐഡിഎംഎഎം), ഇന്ദു അഗ്നിഹോത്രി(സിഡബ്ല്യൂഡിഎസ്), മോഹിനി ഗിരി(ജിഒഎസ്), ജ്യോത്സ്ന ചാറ്റര്‍ജി(ജെഡബ്ല്യുപി), അസ്റ അബിദി(എംഡബ്ല്യുഎഫ്), ബീന ജയിന്‍(എഐഡബ്ല്യുസി), ലീല പസ്സ(വൈഡബ്ല്യുസിഎ) എന്നിവരാണ് നിവേദനത്തില്‍ ഒപ്പുവച്ചിരിക്കുന്നത്.

deshabhimani 100213

No comments:

Post a Comment