Saturday, February 16, 2013

നെടുവീര്‍പ്പുകളില്‍ പിടയുന്ന "ട്രിനാലെ" കാഴ്ചകള്‍


കോഴിക്കോട്: വര്‍ത്തമാന ആര്‍ദ്രതകള്‍ക്കപ്പുറം എരിഞ്ഞടങ്ങാത്ത കനല്‍ ക്യാന്‍വാസില്‍ ബാക്കിവച്ച് "ട്രിനാലെ". ഏകാന്തതയുടെ അടരുകളില്‍ സ്വയമലിഞ്ഞുചേര്‍ന്ന് വേവുന്ന മനസ്സുകള്‍... എത്ര വര്‍ണം വിതറിയാലും കറുപ്പായി മാത്രം പരിണമിക്കുന്ന ഭൂപടക്കാഴ്ചകളിലേക്കാണ് പ്രദര്‍ശനം കൂട്ടിക്കൊണ്ടുപോകുന്നത്. ആഗോള മൂലധന താല്‍പര്യങ്ങള്‍ക്കായി ബലികഴിക്കപ്പെടുന്ന മണ്ണും ജലവും വായുവും നേരിടുന്ന പ്രത്യാഘാതങ്ങള്‍ വരഞ്ഞിട്ട ക്യാന്‍വാസുകളാണ് ട്രിനാലെയിലുള്ളത്. സമകാലീന ലോകത്തിന്റെ കൊള്ളരുതായ്മകളുടെ നേര്‍ചിത്രങ്ങള്‍.

കുടിവെള്ള ചൂഷണത്തിനെതിരായ ചെറുത്തുനില്‍പ്പുകളും കാഴ്ചക്കാരനോട് സംവദിക്കുന്നു. ഇരയുടെ അരിച്ചിറങ്ങുന്ന കണ്ണീര്‍ത്തുള്ളിയെപോലും ക്ലോസപ്പ്ഷോട്ടിലൂടെ കാണിക്കുന്ന വാര്‍ത്താ കണ്ണുകളുടെ കഴുകന്‍ ആര്‍ത്തിയെ അവതരിപ്പിക്കുന്ന "ഈവിള്‍സ് അഡ്വക്കറ്റ്" എന്ന ചിത്രം ഇരകളാക്കപ്പെടുന്ന സ്ത്രീ ജീവിതങ്ങളുടെ പരിഛേദമാണ്. ജീവിതം തോക്കിന്‍ മുനയിലാകുമ്പോഴും സ്നേഹാതുരമായി കുഞ്ഞിനെ മാറോടണയ്ക്കുന്ന ഗാസയിലെ അമ്മയുടെ ചിത്രം വേറിട്ടുനില്‍ക്കുന്നു. സാമ്രാജ്യത്വത്തിന്റെ "വെളിപാടുകളി"ലെ ഭയചകിതമായ നിശബ്ദത വ്യക്തമാക്കുന്ന ചിത്രമാണിത്. കുടിയൊഴിക്കപ്പെടുന്ന ജനതയുടെ നിസ്സഹായത, പരസ്യങ്ങളിലൂടെ ബ്രെയിന്‍വാഷ് ചെയ്യപ്പെടുന്ന നവജീവിതങ്ങള്‍, ചോരവാര്‍ന്നുപോയ നാട്ടുമാവിന്റെയും പ്ലാവിന്റെയും ഓര്‍മകള്‍... അങ്ങനെ നേര്‍ക്കാഴ്ചയുടെ അതിരുകള്‍ക്കപ്പുറം മുഴങ്ങിക്കേള്‍ക്കുന്ന നിലവിളിയൊച്ചകളും നെഞ്ചുപിടയുന്ന നെടുവീര്‍പ്പുകളും സമ്മേളിക്കുന്ന ചിത്രങ്ങളാണ് അഭിലാഷ് ഒരുക്കിയിരിക്കുന്നത്. അത്തോളി വിഎച്ച്എസ്എസില്‍ രസതന്ത്ര വിഭാഗം അധ്യാപകനായ അഭിലാഷ് പേരാമ്പ്ര സ്വദേശിയാണ്. ടൗണ്‍ ഹാളില്‍ നടക്കുന്ന ചിത്രപ്രദര്‍ശനം തിങ്കളാഴ്ചവരെയുണ്ട്.

deshabhimani 160213

No comments:

Post a Comment