Sunday, February 17, 2013

സപ്ലൈകോ വന്‍പയര്‍ അഴിമതി വന്‍ സ്രാവുകള്‍ രക്ഷപെടുന്നു


: സപ്ലൈകോയുടെ വന്‍പയര്‍ ഇടപാട് തട്ടിപ്പ് വിവാദമായതോടെ താഴെതലത്തിലുള്ള  ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ച്  ഉന്നതരെ രക്ഷിക്കാന്‍ മാനേജ്‌മെന്റ് നീക്കം തുടങ്ങി.
  സപ്ലൈകോയില്‍ ചുവന്ന വന്‍പയര്‍ നല്‍കാനുള്ള ഓര്‍ഡര്‍ നേടിയ ശേഷം വിലകുറഞ്ഞ വെള്ളപയര്‍ വിതരണം ചെയ്തതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയാണ് ഇന്നലെ  മാനേജിംഗ് ഡയറക്ടര്‍ സ്ഥലമാറ്റം നല്‍കി കൊണ്ട് ഉത്തരവായിരിക്കുന്നത്.   എന്നാല്‍ ഇടപാടുമായി ബന്ധപ്പെട്ട സപ്‌ളൈകോ ആസ്ഥാനത്തെ ഉന്നതര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ ഡിപ്പോ തലത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ച് മുഖം രക്ഷിക്കാനാണ് സപ്‌ളൈകോ മാനേജിംഗ് ഡയറക്ടറും ഭക്ഷ്യവകുപ്പ് മന്ത്രിയും ശ്രമിക്കുന്നത്.

തിരുവനന്തപുരം ക്വാളിറ്റി കണ്‍ട്രോളര്‍  വിജയലക്ഷ്മിയെ പാലാക്കാട് ജില്ലയിലേക്കും നെയ്യാറ്റിന്‍കര ഡിപ്പോ അസിസ്റ്റന്റ് മാനേജര്‍  രമാദേവിയെ ആലപ്പുഴയിലേക്കും സ്ഥലമാറ്റി കൊണ്ടാണ് ഇന്നലെ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.

എന്നാല്‍ ഇടപാടുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല. പര്‍ച്ചേസിംഗ് ഓര്‍ഡര്‍ നല്‍കിയ അന്നത്തെ പര്‍ച്ചേസ് മാനേജര്‍ക്കും പെയ്‌മെന്റ് നല്‍കുമ്പോള്‍ പരിശോധിച്ച് ക്രമക്കേട് കണ്ടെത്തുന്നതില്‍ വീഴ്ച വരുത്തിയ ഓഡിറ്റിംഗ് മാനേജര്‍ക്കെതിരെയും യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല. കൊച്ചിയിലെ സ്ഥാപനം 13 ഡിപ്പോകളിലേക്കായി 900 ക്വിന്റല്‍ ചുവന്ന വന്‍പയര്‍ വാങ്ങുന്നതിനായി 2012 ജൂലൈ 17 നാണു കരാര്‍ നേടിയത്. എന്നാല്‍ തിരുവനന്തപുരം ,നെയ്യാറ്റിന്‍കര, നെടുമങ്ങാട് ഡിപ്പോകളിലേക്ക് ആവശ്യപ്പെട്ട 249 ക്വിന്റല്‍ ചുവന്ന വന്‍പയറിന് പകരം വെള്ള വന്‍പയറാണ് വിതരണം ചെയ്തത്.

മറ്റ് രണ്ടുകരാറുകാര്‍ നല്‍കിയ ചുവന്ന വന്‍പയറിന് നിലവാരമില്ലെന്ന് പറഞ്ഞ് നിരാകരിച്ച ശേഷമാണ് കൊച്ചിയിലെ വ്യാപാരിക്ക് വിതരണാനുമതി നല്‍കിയത്. സംഭവം വിവാദമായതോടെ 1.93 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയെന്ന വിശദീകരണവുമായി സപ്‌ളൈകോ സംഭവത്തെ ലഘുകരിക്കാന്‍ ശ്രമിച്ചിരുന്നു. കോഴിക്കോടുള്ള സ്ഥാപനത്തിന് ചുവന്ന പയര്‍ നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ച് വെള്ള വന്‍പയര്‍ വിതരണം ചെയ്യാന്‍ അനുവാദം ചോദിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ അനുമതി നല്‍കാതാതിരുന്ന സപ്‌ളൈകോ വിതരണം ചെയ്യാത്ത വന്‍പയറിന് പിഴയും ചുമത്തിയിരുന്നു. ക്രമക്കേട് പുറത്തായിട്ടും സപ്ലൈകോയെ കമ്പളിപ്പിച്ച വിതരണക്കാരനെതിരെ നിയമനടപടി സ്വീകരിക്കാനും സപ്‌ളൈകോ തയ്യാറായിട്ടില്ലെന്നതും ഇടപാടിലെ ഉദ്യോഗസ്ഥ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നു.
(ജലീല്‍ അരൂക്കുറ്റി)

janayugom 170213

No comments:

Post a Comment