Thursday, February 7, 2013

ജനകീയസമരങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നെറികെട്ട പ്രചാരണം നടത്തുന്നു: പിണറായി


വനിതാ എംഎല്‍എമാരെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. സൂര്യനെല്ലിക്കേസില്‍ പ്രതിയായ കുര്യനെതിരെ നടപടിവേണമെന്നാവശ്യപ്പെട്ട എംഎല്‍എമാര്‍ക്കടക്കം ഭീകര മര്‍ദ്ദനമാണ് നേരിടേണ്ടി വന്നത്. നീ ഏത് എംഎല്‍എയാണെന്ന് ചോദിച്ചാണ് പൊലീസ് മര്‍ദ്ദനം നടത്തിയത്. ജുഡീഷ്യല്‍ അന്വേഷണം മറ്റു പലതും ഒഴിവാക്കാനുള്ളതായിക്കൂടെന്നും അദ്ദേഹം പറഞ്ഞു. തിരുവാങ്കുളത്ത് ചേര്‍ന്ന എ പി വര്‍ക്കി അനുസ്മരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീം കോടതി വിധിയോടെ സൂര്യനെല്ലിക്കേസില്‍ പുതിയ മാനം വന്നിരിക്കുന്നു. പുതിയ അന്വേഷണം നടത്തണം. കുര്യന് അനുകൂലമായി താന്‍ കൊടുത്ത മൊഴി തെറ്റാണെന്ന് സാക്ഷി തന്നെ പറഞ്ഞിരിക്കുന്നു. അതുകൊണ്ട് സാക്ഷിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പുതിയ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. പ്രശ്നത്തില്‍ അഹങ്കാരത്തോടെയുള്ള പ്രതികരണമാണ് സര്‍ക്കാര്‍ നടത്തുന്നത്.

സംസ്ഥാന സര്‍ക്കാര്‍ ജനവിരുദ്ധമായ കാര്യങ്ങളാണ് നടത്തുന്നത്. അടുത്ത കാലത്ത് ഒരുപാട് സമരങ്ങള്‍ ഉയര്‍ന്നുവന്നു. എല്ലാം ജനകീയപ്രശ്നങ്ങള്‍ ഉന്നയിച്ചുള്ളതായിരുന്നു. നല്ല ജനപിന്തുണയുള്ള സമരങ്ങളായിരുന്നു എല്ലാം. കുടുംബശ്രീയെ തകര്‍ക്കുന്നതിനെതിരെയുള്ള രാപ്പകല്‍ സമരത്തിന് കേരളം വലിയ പിന്തുണ നല്‍കി. ആ സമരത്തെ അപഹസിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. പാചകവാതക വില വര്‍ധനക്കെതിരെ സംഘടിപ്പിച്ച അടുപ്പുകൂട്ടല്‍ സമരത്തിനും ജനപിന്തുണയുണ്ടായി. സിപിഐ എമ്മിനെ എതിര്‍ക്കുന്നവര്‍ പോലും ആ സമരത്തെ അനുകൂലിച്ചു.ഭൂപ്രശ്നം ഉയര്‍ത്തിപ്പിടിച്ച് മിച്ചഭൂമി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിയ സമരവും വന്‍വിജയമായി. ഈ സാഹചര്യത്തിലെല്ലാം സമരങ്ങളെയും ജനകീയപ്രശ്നങ്ങളെയുമെല്ലാം നിസാരവല്‍ക്കരിക്കുന്ന പ്രചാരണമാണ് സര്‍ക്കാര്‍ നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

deshabhimani

No comments:

Post a Comment