Friday, February 8, 2013

കുര്യനെ ന്യായീകരിക്കാനുള്ള ചെന്നിത്തലയുടെ ശ്രമം നിന്ദ്യം


പി ജെ കുര്യനെ ന്യായീകരിക്കാനുള്ള രമേശ് ചെന്നിത്തലയുടെ ശ്രമം അങ്ങേയറ്റം നിന്ദ്യമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പ്രസ്താവനയില്‍ പറഞ്ഞു. സൂര്യനെല്ലി കേസിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ എല്‍ ഡി എഫ് ശ്രമിക്കുന്നു എന്നു പറഞ്ഞാണ് പെണ്‍കുട്ടിയെ പിച്ചിച്ചീന്തിയ നടപടിയെ ന്യായീകരിക്കാന്‍ കെ പി സി സി പ്രസിഡന്റ് ശ്രമിക്കുന്നത്. കുര്യന്‍ തന്നെ പീഡിപ്പിച്ചു എന്ന കാര്യം സൂര്യനെല്ലി പെണ്‍കുട്ടി കേസിന്റെ ആദ്യഘട്ടത്തില്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്. അതു പലപ്പോഴും പെണ്‍കുട്ടി ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്.

പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തന്നെ ഏറെ പീഡിപ്പിച്ചൊരാളെ എങ്ങനെ മറക്കാന്‍ പറ്റുമെന്ന പെണ്‍കുട്ടിയുടെ ചോദ്യം മനഃസാക്ഷിയുള്ള ആരെയും വേദനിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമാണ്. എന്നാല്‍, ഇതൊന്നുംതന്നെ കെ പി സി സി പ്രസിഡന്റിന് ഉള്‍ക്കൊള്ളാനായില്ല എന്നത് ആശ്ചര്യജനകമാണ്. സൂര്യനെല്ലി കേസ് അന്വേഷണത്തെ അട്ടിമറിച്ച് പി ജെ കുര്യന്‍ തല്‍ക്കാലം രക്ഷപ്പെടുകയാണ് ഉണ്ടായത്. സുപ്രീംകോടതിയില്‍ ഈ കേസ് വന്നു എന്നാണ് ഇപ്പോള്‍ ചിലര്‍ ഉന്നയിക്കുന്ന വാദം. എന്നാല്‍, സുപ്രീംകോടതി ഈ കേസിന്റെ വിശദാംശങ്ങളിലേക്ക് കടന്നിട്ടില്ല എന്നതാണ് വസ്തുത. ഡല്‍ഹിയില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ രാജ്യത്തെ ആകമാനം ഞെട്ടിച്ച സംഭവമാണ് ഈ കേസിന് വീണ്ടും വഴിത്തിരിവായത്. പെണ്‍കുട്ടി ആവര്‍ത്തിച്ചുപറഞ്ഞ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം മുന്നോട്ടുപോകാതിരുന്നപ്പോള്‍ ഒരു സ്വകാര്യ അന്യായം പെണ്‍കുട്ടി ഫയല്‍ ചെയ്യുകയാണുണ്ടായത്. അതില്‍ മഹിളാ അസോസിയേഷനും കക്ഷി ചേര്‍ന്നു.

ഡല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തമൊരു കേസ് പൊടിപിടിച്ച് കിടക്കുന്നു എന്നത് സുപ്രീംകോടതിയെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു. ഉന്നതമായ നീതിപീഠത്തെ ഞെട്ടിപ്പിച്ച ഒരു സംഭവത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനു പകരം ന്യായീകരിക്കാനുള്ള കെ.പി.സി.സി പ്രസിഡന്റിന്റെ ശ്രമം കേരള ജനത അവജ്ഞയോടെ വീക്ഷിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സംസ്ഥാനത്താകമാനം വലിയ തോതിലുള്ള പ്രതിഷേധം ഉണ്ടാക്കിയിട്ടുള്ളതുമാണ്. ഈ പ്രതിഷേധത്തില്‍ എല്ലാ ഭഭിന്നതകളും മറന്ന് ജനങ്ങളെല്ലാം അണിനിരന്നിട്ടുള്ളതാണ്. കൂടുതല്‍ ജനവിഭാഗങ്ങള്‍ ഇതുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയുമാണ്. ഈ സംഭവത്തില്‍ പ്രതിഷേധിച്ച എം.എല്‍.എമാര്‍ അടക്കമുള്ള സ്ത്രീകളെയും വിദ്യാര്‍ത്ഥി-യുവജന നേതാക്കളേയും കയ്യേറ്റം ചെയ്ത പോലീസിന്റെ നടപടിക്ക് എന്ത് ന്യായീകരണമാണുള്ളത്?

സാമൂഹ്യ-സാംസ്കാരികരംഗത്തെ പ്രമുഖരെല്ലാം ഈ നീചപ്രവൃത്തിയെ അപലപിച്ചിരിക്കുകയാണ്. നാടിനെയാകമാനം അപമാനത്തിലാക്കിയ ഇത്തരം സംഭവത്തിനെതിരായി രാജ്യത്താകമാനം ഉയര്‍ന്നുവന്ന പ്രതിഷേധത്തോടൊപ്പമാണ് ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളും പ്രക്ഷോഭരംഗത്തേക്കിറങ്ങിയത്. കോടതി വിചാരണ ഉള്‍പ്പെടെ നടത്തി ശിക്ഷ വിധിച്ച കേസുകള്‍ക്ക് പതിറ്റാണ്ടുകള്‍ പഴക്കമുണ്ടായിട്ടും രാഷ്ട്രീയ താല്‍പ്പര്യത്തിന്റെ ഭാഗമായി പുനരന്വേഷണം നടത്താന്‍ യുഡിഎഫ് സര്‍ക്കാരിന് ഒരു മടിയുമുണ്ടായില്ല. എന്നാല്‍, പതിനേഴുവര്‍ഷത്തോളം ഒരു പെണ്‍കുട്ടി തുടര്‍ച്ചയായി ആവര്‍ത്തിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ പുനരന്വേഷണം നടത്താന്‍ കഴിയില്ലെന്ന യു.ഡി.എഫിന്റെ നിലപാട് നാടിനെ സ്നേഹിക്കുന്ന ആര്‍ക്കും അംഗീകരിക്കാന്‍ പറ്റാത്തതാണ്.

സൂര്യനെല്ലി പെണ്‍കുട്ടിക്കുണ്ടായ അനുഭവം കേരളത്തില്‍ ഒരിക്കലും ആവര്‍ത്തിക്കാന്‍ പാടില്ലാത്തതാണ്. അങ്ങനെ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ ഈ സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവണം. അതോടൊപ്പംതന്നെ, ഇത്തരം മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവരെ സമൂഹത്തില്‍നിന്ന് ഒറ്റപ്പെടുത്താനും കഴിയണം. അതിനായി പി.ജെ. കുര്യന്‍ അടിയന്തരമായി രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവയ്ക്കുന്നതിനും കേസ് പുരന്വേഷിക്കാനുമുള്ള ഉപദേശമാണ് കെ പി സി സി പ്രസിഡന്റ് നല്‍കേണ്ടത്. അതിനു പകരം അദ്ദേഹത്തെ സംരക്ഷിക്കുന്നതിന് വക്കാലത്തെടുക്കുന്ന കെ.പി.സി.സി പ്രസിഡന്റിന്റെ നടപടി സാംസ്കാരിക കേരളത്തിന് അപമാനമാണെന്നും വൈക്കം വിശ്വന്‍ പ്രസ്താവനയില്‍ പറഞ്ഞു.

കുര്യന്‍ രാജിവെക്കേണ്ടന്ന് വീണ്ടും ബിജെപി ദേശീയ നേതൃത്വം

ന്യൂഡല്‍ഹി: കുര്യനെ പിന്തുണച്ച് ബിജെപി ദേശീയ നേതൃത്വം വീണ്ടും രംഗത്ത്. കുര്യനെ സ്ഥാനത്തു നിന്നും നീക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടില്ലെന്ന് ബിജെപി ദേശീയ നേതൃത്വം വ്യക്തമാക്കി. ആരോപണം രാഷ്ട്രീയ പ്രേരിതമാണ്. അതു കൊണ്ട് കുര്യന്‍ രാജി വെക്കേണ്ടതില്ല. നിയമം അതിന്റെ വഴിക്കുപോകുമെന്നു പറഞ്ഞ ദേശീയ നേതൃത്വം സംസ്ഥാനനേതൃത്വം ഉന്നയിച്ച രാജി ആവശ്യത്തില്‍ നിന്നും പിന്നോട്ടുപോയി.

deshabhimani

No comments:

Post a Comment