Monday, February 11, 2013

ത്രിപുര പ്രചാരണം: കോണ്‍ഗ്രസ് ദേശീയനേതാക്കള്‍ പിന്മാറുന്നു


ത്രിപുരയില്‍ വോട്ടെടുപ്പിന് മൂന്നു ദിവസംമാത്രം ബാക്കിയിരിക്കെ ഇടതുമുന്നണി ആത്മവിശ്വാസത്തോടെ പ്രചാരണത്തില്‍ മുന്നേറുമ്പോള്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ കടുത്ത നിരാശ. ഒന്നിനു പുറകെ ഒന്നായി കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് പിന്‍വാങ്ങിയത് കോണ്‍ഗ്രസിന്റെ പരാജയഭീതി വ്യക്തമാക്കുന്നു. ഇടതുമുന്നണി വിജയം സുനിശ്ചിതമാണെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ത്രിപുരയിലേക്ക് വരാത്തതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സ്വകാര്യമായി സമ്മതിക്കുന്നുമുണ്ട്.

പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങാണ് പ്രചാരണത്തിനെത്തില്ലെന്ന് ആദ്യം അറിയിച്ചത്. ദലായ് ജില്ലയുടെ ആസ്ഥാനമായ അംബാസയില്‍ ശനിയാഴ്ച പ്രധാനമന്ത്രി സംസാരിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ സുധീപ് റോയ് ബര്‍മന്‍ നേരത്തെ അറിയിച്ചത്. കോണ്‍ഗ്രസിന്റെ പ്രധാന സഖ്യകക്ഷിയായ ഐഎന്‍പിടിയുടെ അധ്യക്ഷനും വിഘടനവാദിയുമായ ബിജോയ്കുമാര്‍ റംഗാളിന്റെ മണ്ഡലമാണ് അംബാസ. പ്രത്യേക ത്രിപുരാവാദമുയര്‍ത്തുന്ന റംഗാളിന്റെ പ്രചാരണത്തിന് പ്രധാനമന്ത്രിയെത്തുന്നത് തീവ്രവാദികള്‍ക്ക് ശക്തി പകരുമെന്ന് ഇടതുമുന്നണി ചൂണ്ടിക്കാട്ടിയിരുന്നു. മികച്ച ഭരണനേട്ടങ്ങള്‍ക്ക് പ്രധാനമന്ത്രിയില്‍ നിന്ന് മൂന്ന് പുരസ്കാരങ്ങള്‍ വാങ്ങിയ ഇടതുമുന്നണി സര്‍ക്കാരിനെതിരെ തീവ്രവാദികള്‍ക്ക് അനുകൂലമായി പ്രധാനമന്ത്രി സംസാരിക്കുന്നത് ഭൂഷണമാണോ എന്ന ചോദ്യവും പല കോണുകളില്‍നിന്നും ഉയര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് ത്രിപുരയിലേക്കില്ലെന്ന് പ്രധാനമന്ത്രികാര്യാലയം ആറാം തീയതി അറിയിച്ചത്.

തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രചാരണത്തിനെത്തുമെന്നുളള പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍. ഞായറാഴ്ച അഗര്‍ത്തലയിലും വടക്കന്‍ ത്രിപുര ജില്ലയിലെ കുമാര്‍ഘട്ടിലുമായിരുന്നു സോണിയയുടെ പരിപാടി നിശ്ചയിച്ചത്. രണ്ടിടത്തും ലക്ഷങ്ങള്‍ ചെലവഴിച്ച് സ്റ്റേജ് ഉയര്‍ന്നു. വന്‍ സുരക്ഷാസന്നാഹങ്ങളും ഏര്‍പ്പെടുത്തി. 23ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന നാഗാലാന്‍ഡിലെ തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനംചെയ്യാന്‍ സോണിയ വ്യാഴാഴ്ച ദിമാപുരില്‍ എത്തുകയും ചെയ്തു. എന്നാല്‍, ശനിയാഴ്ച ത്രിപുരയിലെ കോണ്‍ഗ്രസിനെ ഞെട്ടിച്ച് സോണിയ ഗാന്ധിയും പ്രചാരണത്തിനെത്തില്ലെന്ന് അറിയിച്ചു.

ഇനി നേതാക്കളുടെ പ്രതീക്ഷ മുഴുവന്‍ രാഹുല്‍ഗാന്ധിയിലാണ്. വൈസ് പ്രസിഡന്റ് പദവിയിലെത്തിയശേഷം രാഹുല്‍ ആദ്യമായി നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചാരണമായിരിക്കും ത്രിപുരയിലേതെന്ന് കോണ്‍ഗ്രസുകാര്‍ അവകാശപ്പെട്ടിരുന്നു. രാഹുല്‍ ഏഴിന് എത്തുമെന്നാണ് ആദ്യം അറിയിച്ചത്. പിന്നീട് അദ്ദേഹം എട്ടാം തീയതി എത്തുമെന്ന് തിരുത്തി. എന്നാല്‍, പറഞ്ഞ തീയതികളിലൊന്നും രാഹുലും എത്തിയില്ല. പ്രചാരണം അവസാനിക്കുന്ന ചൊവ്വാഴ്ചയ്ക്കകം രാഹുല്‍ എത്തുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. എന്നാല്‍, ഇടതുമുന്നണി ശക്തമായ പ്രചാരണമാണ് നടത്തുന്നത്. മുഖ്യമന്ത്രി മണിക് സര്‍ക്കാരിനു പുറമെ സിപിഐ എം പിബി അംഗങ്ങളായ സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട്, ബിമന്‍ബസു, സൂര്യകാന്ത് മിശ്ര, കേന്ദ്രകമ്മിറ്റി അംഗങ്ങളായ മുഹമ്മദ് സലിം, സുഭാഷിണി അലി തുടങ്ങിയ നേതാക്കള്‍ ദിനംതോറും വന്‍ റാലികളെയാണ് അഭിസംബോധനചെയ്യുന്നത്. ഇതിന് മറുപടി നല്‍കാന്‍ കഴിയാതെ പകച്ചുനില്‍ക്കുന്ന കോണ്‍ഗ്രസിനെയാണ് ത്രിപുരയില്‍ കാണാനാകുന്നത്.

തീവ്രവാദം: നടുക്കം മാറാതെ സിംന

സിംന: രണ്ട് ദശാബ്ദത്തിലധികം തീവ്രവാദത്തിന്റെ കെടുതികള്‍ അനുഭവിച്ചവരാണ് ത്രിപുര കൊവായ് മേഖലയില്‍ സിംനയിലെ ജനങ്ങള്‍. ബംഗ്ലാദേശിലെ താവളത്തിലേക്ക് പോകാനുള്ള സുരക്ഷിതമായ ഇടനാഴിയായിരുന്നു തീവ്രവാദികള്‍ക്ക് ഈ മേഖല. ഇടതുമുന്നണി സര്‍ക്കാരിന്റെ പൊതുമാപ്പ് പദ്ധതിയെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലെ തീവ്രവാദികള്‍ നിയമത്തിന് മുന്നില്‍ കീഴടങ്ങിയെങ്കിലും സിംനമാത്രം തീവ്രവാദ കേന്ദ്രമായി തുടര്‍ന്നു. "ഓള്‍ ത്രിപുര ടൈഗര്‍ ഫോഴ്സി"ന്റെ (എടിടിഎഫ്) കമാന്‍ഡറായ രണ്‍ജിത്ത് ദേബ്ബര്‍മന്റെ സാന്നിധ്യമാണ് സിംനയെ തീവ്രവാദത്തിന്റെ കേന്ദ്രബിന്ദുവായി നിലനിര്‍ത്തിയത്. ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രണ്‍ജിത്ത് ദേബ്ബര്‍മന്‍ സിംനയിലെ അസറായി ഗ്രാമക്കാരനാണ്. സിംന സദര്‍ കോളനിയില്‍ 1999 ഡിസംബര്‍ 18ന് 21 ബംഗാളികളെ കൂട്ടക്കൊല ചെയ്തത് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ദേബ്ബര്‍മനെ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് അറസ്റ്റ് ചെയ്യുന്നത്. ബംഗ്ലാദേശില്‍ അറസ്റ്റ്ചെയ്ത ഇയാളെ പിന്നീട് ഇന്ത്യയ്ക്ക് കൈമാറുകയായിരുന്നു. ഇപ്പോള്‍ അഗര്‍ത്തല സെന്‍ട്രല്‍ ജയിലില്‍ വിചാരണ കാത്ത് കഴിയുകയാണ് ഈ കൊടും തീവ്രവാദി.

തീവ്രവാദഭീഷണി സിംനയെ ആദ്യമായി ഉലച്ചത് ഒന്നരദശാബ്ദം മുമ്പാണെന്ന് പറയാം. ബസ് തടഞ്ഞിട്ട് 18 ബംഗാളികളെ മാറ്റി നിര്‍ത്തി, ശേഷിച്ച യാത്രക്കാരെ മുഴുവന്‍ വെടിവച്ചു കൊന്ന സംഭവത്തിന്റെ ഓര്‍മകള്‍ സിംന വാസികളെ ഇന്നും ഭയപ്പെടുത്തുന്നു. കൂട്ടക്കൊല തടയാന്‍ ശ്രമിച്ച സിപിഐ എം പ്രവര്‍ത്തകരായ രണ്ട് ആദിവാസി യുവാക്കളും അന്ന് കൊല്ലപ്പെട്ടു. അതിനുശേഷം ഹെജ്മാഡയില്‍നിന്ന് കൊവായിലേക്കുള്ള അടച്ചിട്ട റോഡ് നാല് വര്‍ഷംമുമ്പ് മാത്രമാണ് തുറന്നത്. രക്തം മരവിപ്പിക്കുന്ന ഈ ക്രൂരകൃത്യത്തെ തുടര്‍ന്ന് ഈ ആദിവാസി മേഖല പൂര്‍ണമായും ഒറ്റപ്പെട്ടു. സ്കൂളുകളില്‍ പഠിപ്പിക്കാനായി അധ്യാപകരോ പഞ്ചായത്ത് ഓഫീസിലേക്ക് ഉദ്യോഗസ്ഥരോ വരാന്‍ ധൈര്യംകാട്ടിയില്ല. വികസനം ഈ മേഖലയില്‍ മരവിച്ചുനിന്നു.

1993 മുതല്‍ സിംന മണ്ഡലത്തെ പ്രതിനീധീകരിക്കുന്ന സിപിഐ എമ്മിലെ പ്രണബ് ദേബ്ബര്‍മന്‍ തീവ്രവാദത്തിന്റെ ഇരായണെന്നു മാത്രമല്ല അതിനെതിരെയുള്ള പോരാട്ടത്തിന്റെ പ്രതീകംകൂടിയാണ്. 1997 ജനുവരിയില്‍ എടിടിഎഫ് തീവ്രവാദികള്‍ തട്ടികൊണ്ടുപോയതും 11 മാസത്തിനുശേഷം രക്ഷപ്പെട്ടതിന്റെയും ഓര്‍മകള്‍ പങ്കിടുമ്പോള്‍ അദ്ദേഹത്തിന്റെ ചുണ്ടില്‍ ചെറുപുഞ്ചിരി മാത്രം. ""കാട്ടാച്ചേര സ്കൂളില്‍ ആദിവാസി വിദ്യാര്‍ഥി യൂണിയന്റെ യോഗത്തില്‍ പങ്കെടുക്കാനായി സൈക്കിളില്‍ പോകുകയായിരുന്നു. എകെ 47, എകെ 56 തോക്കുകളുമായി ആറുപേര്‍ വന്ന് അവരുടെ കൂടെ പോകാന്‍ പറഞ്ഞു. കുറച്ചുദിവസം ഇന്ത്യന്‍ താവളത്തിലും പിന്നീട് ബംഗ്ലാദേശിലെ സില്‍ഹട്ട് ജില്ലയിലുള്ള പ്രധാന താവളത്തിലും പാര്‍പ്പിച്ചു. കൈയ്ക്കും കാലിനും ചങ്ങലയിട്ടിരുന്നു. ആദിവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന തന്നെയെന്തിനാണ് തട്ടിക്കൊണ്ടുവന്നതെന്ന് ചോദിച്ചപ്പോള്‍ നേതാക്കള്‍ പറയുന്നത്് പ്രവര്‍ത്തിക്കുക മാത്രമാണ് തങ്ങള്‍ ചെയത്തെന്നും ഉദ്ദേശ്യമെന്തെന്ന് അവര്‍ക്ക് മാത്രമേ അറിയാന്‍ കഴിയൂ എന്നുമായിരുന്നു മറുപടി. രക്ഷപ്പെടാന്‍ നടത്തിയ ആദ്യശ്രമങ്ങള്‍ പരാജയപ്പെട്ടെങ്കിലും കാവല്‍ നിന്നിരുന്ന അംഗരക്ഷകര്‍ തളര്‍ന്നുറങ്ങിയ അവസരം നോക്കി ഞാനും അമോലും ഓടി രക്ഷപ്പെടുകയായിരുന്നു""- പ്രണബ് പറഞ്ഞു. അഞ്ചാം വിജയത്തിനായി പ്രണബ് ദേബ്ബര്‍മന്‍ ഇപ്പോള്‍ ജനിവിധി തേടുകയാണ്. ആദിവാസി സംവരണ മണ്ഡലത്തില്‍ വികസന വെളിച്ചമെത്തിച്ച ജനായകനായ പ്രണബിനെതിരെ നാല് തവണയും മത്സരിച്ചു തോറ്റ രവീന്ദ്ര ദേബ്ബര്‍ബ തന്നെയാണ് ഇക്കുറിയും പ്രണബിനെതിരെ മത്സരിക്കുന്നത്.
((വി ബി പരമേശ്വരന്‍))

deshabhimani

No comments:

Post a Comment