ആദിവാസി ഭൂമി കൈയേറിഎന്ന കേസില്‍ എം പി വീരേന്ദ്രകുമാര്‍, എം വി ശ്രേയാംസ്‌കുമാര്‍ എംഎല്‍എ എന്നിവര്‍ക്ക് നോട്ടീസ് അയ്ക്കാന്‍ ലോകായുക്ത ഉത്തരവായി. വയനാട് ജില്ലയില്‍ കൃഷ്ണഗിരി വില്ലേജിലെ 14.44 ഏക്കര്‍ ഭൂമി വ്യാജരേഖകള്‍ ചമച്ച് കൈയേറിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ലോകായുക്ത ജസ്റ്റിസ് എം എം പരീതുപിള്ള, ഉപലോകായുക്ത ജസ്റ്റിസ് ശശിധരന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് നോട്ടീസ് അയച്ചത്. ദേശീയ ആദിവാസി ഫെഡറേഷന്‍ പ്രസിഡന്റ് പി കെ ഭാസ്‌കരനാണ് ലോകായുക്തയില്‍ പരാതി നല്‍കിയിരുന്നത്. സുല്‍ത്താന്‍ബത്തേരി തഹസില്‍ദാര്‍, വയനാട് ജില്ലാ കലക്ടര്‍ എന്നിവര്‍ക്കും നോട്ടീസ് അയക്കാന്‍ ലോകായുക്ത ഉത്തരവായിട്ടുണ്ട്.
പാരമ്പര്യമായി തനിക്ക് കിട്ടിയ വസ്തുവെന്ന് അവകാശപ്പെട്ടാണ് ശ്രേയാംസ്‌കുമാര്‍ അധികാരവും സ്വാധീനവും ഉപയോഗിച്ച് ഭൂമി കൈവശപ്പെടുത്തിയത്. തന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള കാപ്പിത്തോട്ടമാണ് പ്രസ്തുത സ്ഥലമെന്ന് നേരത്തെ എം പി വീരേന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നു. ഈ മൊഴി വ്യാജവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് പരാതിക്കാരന്‍ പരാതിയില്‍ പറഞ്ഞിരുന്നു. ഈ വസ്തു ശ്രേയാംസ്‌കുമാറിന് പാരമ്പര്യമായിട്ടോ മറ്റു രീതിയിലോ ലഭിച്ചുവെന്നതിന് ഒരു തെളിവുമില്ല. ഇത് സര്‍ക്കാരിന്റെ ഭൂമിയാണെന്ന് നിയമസഭയില്‍ നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
കൃഷ്ണഗിരി വില്ലേജ് ഓഫീസര്‍, സബ്കലക്ടര്‍, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി, വയനാട് ജില്ലാ പൊലീസ് സൂപ്രണ്ട് എന്നിവര്‍ നടത്തിയ അന്വേഷണങ്ങളിലെല്ലാം ഭൂമി സര്‍ക്കാരിന്റേതാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍, 1994ല്‍ സുല്‍ത്താന്‍ബത്തേരി തഹസില്‍ദാറുടെ സഹായത്തോടെ വ്യാജരേഖ ചമയ്ക്കുകയും തുടര്‍ന്ന് ഭൂമി തന്റേതാണെന്ന ഉത്തരവ് സമ്പാദിക്കുകയും ചെയ്തു. ആദിവാസികള്‍ക്ക് നിയമപരമായി കിട്ടേണ്ട ഭൂമിയാണ് ശ്രേയാംസ്‌കുമാറും മറ്റും അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്നത്. പല സംഘടനകള്‍ അപേക്ഷ നല്‍കിയിട്ടും ഇത് ഒഴിപ്പിക്കാന്‍ ആരും നടപടിയെടുത്തില്ല.
പരാതിക്കാരനുവേണ്ടി അഡ്വ. മടവിളാകം ജി വേണുഗോപാല്‍ ഹാജരായി.
janayugom 090213
No comments:
Post a Comment