Tuesday, April 17, 2012

സിബിഐ ക്വട്ടേഷന്‍സംഘമായി അധഃപതിക്കരുത്: വൈക്കം വിശ്വന്‍


സിബിഐ ക്വട്ടേഷന്‍സംഘമായി അധഃപതിക്കരുതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ വൈക്കം വിശ്വന്‍ പറഞ്ഞു. നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സിബിഐ നടത്തുന്ന നടപടികള്‍ അവരെ ക്വട്ടേഷന്‍സംഘങ്ങള്‍ക്കു തുല്യമാക്കിയിരിക്കയാണെന്ന് അദ്ദേഹം പറഞ്ഞു. തലശേരി ഫസല്‍വധക്കേസില്‍ സിപിഐ എം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ സിബിഐ നടത്തുന്ന ഗൂഢാലോചനയ്ക്കെതിരെ സിപിഐ എം സംഘടിപ്പിച്ച ബഹുജനമാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു വൈക്കം വിശ്വന്‍.

ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനെക്കുറിച്ച് അന്വേഷിക്കണം. ഫസല്‍വധക്കേസില്‍ സിപിഐ എം നേതാക്കളെയും പ്രവര്‍ത്തകരെയും പ്രതിചേര്‍ത്ത് അവരുടെ ജീവിതവും രാഷ്ട്രീയലക്ഷ്യവും തകര്‍ക്കാമെന്ന ഗൂഢാലോചന വിലപ്പോവില്ല. കണ്ണൂര്‍ ജില്ലയില്‍ പാര്‍ടി ഏറെ ശക്തമായതിനാല്‍ ജനങ്ങളെ ഭിന്നിപ്പിച്ച് പാര്‍ടിയെ തകര്‍ക്കാനുള്ള നീക്കമാണ് സിബിഐ നടത്തുന്നത്. പാര്‍ടി മുസ്ലിങ്ങള്‍ക്ക് എതിരാണെന്നു വരുത്താനുള്ള നീക്കം. എന്നാല്‍ തലശേരി കത്തിയമര്‍ന്നപ്പോള്‍ പാര്‍ടിയല്ലാതെ മറ്റാരും മുസ്ലിം സംരക്ഷണത്തിനായി ഉണ്ടായിട്ടില്ല. വര്‍ഗതാല്‍പ്പര്യം ഉയര്‍ത്തുന്ന പാര്‍ടിയെ വര്‍ഗീയമായി ചിത്രീകരിക്കാനുള്ള ശ്രമം വിലപ്പോവില്ല. പിണറായിക്കെതിരായ കേസിന്റെ സത്യാവസ്ഥയും അദ്ദേഹത്തിന്റെ നിരപരാധിത്വവും ഇപ്പോള്‍ പുറത്തുവന്നു. അഭയ കേസിനെക്കുറിച്ച് ഇപ്പോള്‍ സിബിഐ ഒന്നും പറയുന്നില്ല. ഉദ്യോഗസ്ഥര്‍ ആത്മഹത്യചെയ്യുകയും രാജിവയ്ക്കുകയും ചെയ്യുന്ന സ്ഥിതിയും സിബിഐയുടെ വിശ്വാസ്യതയെയാണ് ചോദ്യംചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിബിഐ മാഫിയസംഘത്തെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ പറഞ്ഞു. തീവ്രവാദികള്‍ക്ക് പൊലീസിന്റെ ഇന്റലിജന്റ്സ് രഹസ്യം ചോര്‍ത്തി നല്‍കിയത് കുറ്റകരമെങ്കില്‍ തുല്യമാണ് ഫസല്‍കേസില്‍ ഗൂഢാലോചന നടത്തിയ സിബിഐയിലെ സലീം സാഹിബ് എന്ന ഉദ്യോഗസ്ഥനെതിരായ ആരോപണവും. ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് സിബിഐ തയ്യാറായില്ലെങ്കില്‍ നിയമനടപടി നോക്കും. ഈ ഉദ്യോഗസ്ഥന്റെ പശ്ചാത്തലത്തെക്കുറിച്ചും ഇടപാടുകളെക്കുറിച്ചും അന്വേഷിക്കണം. തീവ്രവാദികളുമായി ബന്ധപ്പെട്ട് സിപിഐ എമ്മിനെ തകര്‍ക്കാന്‍ കള്ളക്കേസ് എടുത്താല്‍ ചെറുക്കും. ഫസല്‍കേസില്‍ നിരപരാധികളെ വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെയും യുഡിഎഫിന്റെയും ചട്ടുകമായി സിബിഐ നടത്തുന്ന ശ്രമത്തെ ചെറുക്കാന്‍ ഏതറ്റംവരെയും പാര്‍ടി പോകുമെന്നും അദ്ദേഹം പറഞ്ഞു.

കമ്യൂണിസ്റ്റ് പാര്‍ടിക്കെതിരെ തീവ്രവാദികളുടെയും യുഡിഎഫിന്റെയും അച്ചാരം വാങ്ങിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനുള്ള ബാധ്യത സിബിഐയ്ക്കുണ്ടെന്ന് അധ്യക്ഷനായ സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. നിരവധി കേസില്‍ പാര്‍ടിക്കെതിരെ കടുത്ത കടന്നാക്രമണമാണ് സിബിഐ നടത്തിയിട്ടുള്ളത്. ഇപ്പോള്‍ തലശേരിയിലും ഇത്തരം ഗൂഢാലോചനയാണ് നടക്കുന്നത്. രാഷ്ട്രീയപാര്‍ടികളുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന സിബിഐയില്‍ പണംവാങ്ങി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ ഏറെയാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ മേലാളര്‍ക്കു വഴങ്ങി പഴയ വിശ്വസ്തത സിബിഐ ഇല്ലാതാക്കിയതായി സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. ഫസല്‍വധക്കേസില്‍ ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥനെതിരെ സിബിഐയുടെ ആഭ്യന്തര സംവിധാനം ഉപയോഗിച്ച് നടപടിയെടുക്കണം. ഇയാള്‍ക്ക് മതതീവ്രവാദികളുമായി ബന്ധമുണ്ടോ, പണം വാങ്ങിയോ എന്നതും അന്വേഷണവിധേയമാക്കണമെന്നും ജയരാജന്‍ പറഞ്ഞു.

രാഷ്ട്രീയ താല്‍പ്പര്യത്തിനപ്പുറം അനാശാസ്യതാല്‍പ്പര്യത്തോടും സിബിഐ പ്രവര്‍ത്തിക്കുന്നുവെന്ന ആക്ഷേപം തള്ളിക്കളയാനാവില്ലെന്ന് ഡോ. സെബാസ്റ്റ്യന്‍പോള്‍ പറഞ്ഞു. സിബിഐയുടെ വിശ്വാസ്യത സംരക്ഷിക്കപ്പെടുന്നതിനുള്ള സമരമാണ് സിപിഐ എമ്മിന്റേതെന്ന് പി രാജീവ് എംപി പറഞ്ഞു. ചില ഉദ്യോഗസ്ഥര്‍ വിശ്വാസ്യത തകര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും ഏറ്റവുമധികം കള്ളക്കേസ് എടുത്തിട്ടും കണ്ണൂരിലെ കമ്യൂണിസ്റ്റ് പാര്‍ടി കൂടുതല്‍ ശക്തിയാര്‍ജിക്കുകയാണ് ചെയ്തതെന്ന് എസ് ശര്‍മ എംഎല്‍എ പറഞ്ഞു. അസാധാരണമായ സാഹചര്യം സിബിഐയെ ബോധ്യപ്പെടുത്തുന്നതിനുള്ള സമരമാണിതെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 170412

1 comment:

  1. സിബിഐ ക്വട്ടേഷന്‍സംഘമായി അധഃപതിക്കരുതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ വൈക്കം വിശ്വന്‍ പറഞ്ഞു. നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സിബിഐ നടത്തുന്ന നടപടികള്‍ അവരെ ക്വട്ടേഷന്‍സംഘങ്ങള്‍ക്കു തുല്യമാക്കിയിരിക്കയാണെന്ന് അദ്ദേഹം പറഞ്ഞു. തലശേരി ഫസല്‍വധക്കേസില്‍ സിപിഐ എം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ സിബിഐ നടത്തുന്ന ഗൂഢാലോചനയ്ക്കെതിരെ സിപിഐ എം സംഘടിപ്പിച്ച ബഹുജനമാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു വൈക്കം വിശ്വന്‍.

    ReplyDelete