Tuesday, April 17, 2012

ചെന്നിത്തലയ്ക്കും ആര്യാടനുമെതിരെ ഉമ്മന്‍ചാണ്ടിയുടെ പരാതി


കോണ്‍ഗ്രസ് പ്രതിസന്ധി പൊട്ടിത്തെറിയുടെ വക്കിലെത്തിനില്‍ക്കെ കെപിസിസി നേതൃത്വത്തിനെതിരെ എഐസിസിക്ക് ഉമ്മന്‍ചാണ്ടി പരാതി നല്‍കി. അഞ്ചാംമന്ത്രിപ്രശ്നത്തിലും വകുപ്പുമാറ്റത്തിലും തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പരാതിപ്പെട്ടു. ഇതിനിടെ, ഗ്രൂപ്പുയുദ്ധം മറനീക്കിയതിനെ തുടര്‍ന്ന് വെടിനിര്‍ത്തല്‍നീക്കവുമായി എ കെ ആന്റണി രംഗത്തുവന്നു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, മന്ത്രി ആര്യാടന്‍ മുഹമ്മദ് തുടങ്ങിയവരെയാണ് ഉമ്മന്‍ചാണ്ടി ഉന്നമിട്ടിരിക്കുന്നത്. ഉമ്മന്‍ചാണ്ടിക്കെതിരെ കടുത്ത നിലപാടുമായി മറുപക്ഷവും നീക്കം ശക്തമാക്കി. ചെന്നിത്തല രണ്ടുദിവസത്തിനുള്ളില്‍ ഡല്‍ഹിയിലെത്തി എഐസിസി നേതാക്കളെ കണ്ടേക്കും. അഞ്ചാംമന്ത്രിയെ നല്‍കിയതിനെതിരെ കെ മുരളീധരന്‍ എഐസിസിക്ക് പരാതി നല്‍കി.

മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ ഉമ്മന്‍ചാണ്ടി അഹമ്മദ് പട്ടേലിനെ കൂടാതെ ആന്റണി ഉള്‍പ്പെടെയുള്ള നേതാക്കളെയും സന്ദര്‍ശിച്ചു. സോണിയ ഗാന്ധിയെ കാര്യങ്ങള്‍ ധരിപ്പിക്കാന്‍ ദൂതനായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ അയച്ചു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പുവരെ പരസ്പരം ഏറ്റുമുട്ടല്‍ നിര്‍ത്തണമെന്ന് ആന്റണി നേതാക്കളെ ടെലിഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു. വി എം സുധീരന്‍, ആര്യാടന്‍ മുഹമ്മദ്, വി ഡി സതീശന്‍, ടി എന്‍ പ്രതാപന്‍, സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ തുടങ്ങിയവരെ ആന്റണി തിങ്കളാഴ്ച ടെലിഫോണില്‍ ബന്ധപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം പിന്‍വലിക്കാന്‍ പി ടി തോമസ് എംപി തയ്യാറായിട്ടില്ല. ചെന്നിത്തലയുടെ മുഖ്യമന്ത്രിമോഹം നടക്കില്ലെന്നാണ് എ ഗ്രൂപ്പിന്റെ ശക്തനായ വക്താവും ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനുമായ പി ടി തോമസ് ആരോപിച്ചത്. മുഖ്യമന്ത്രി ഇത് തള്ളിക്കളഞ്ഞെങ്കിലും ഗ്രൂപ്പിന്റെ അറിവോടെയാണ് ആരോപണമെന്ന് വ്യക്തം.

ചെന്നിത്തലയ്ക്കുപുറമെ ലീഗ് നേതാവും കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദ്, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ എന്നിവരെയും ലക്ഷ്യമിട്ടാണ് ആരോപണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ കെപിസിസി നിര്‍വാഹകസമിതി യോഗം വിളിച്ചാല്‍ വിഴുപ്പലക്കല്‍മാത്രമല്ല കൂട്ടയടിക്കും വഴിയൊരുക്കുമെന്നാണ് മുന്നറിയിപ്പ്. അതുകൊണ്ടുതന്നെ യോഗം വിളിക്കുന്നതിനോട് കെപിസിസി പ്രസിഡന്റിനും മുഖ്യമന്ത്രിക്കും അനുകൂലമായ നിലപാടില്ല. നിര്‍വാഹകസമിതി വിളിച്ചില്ലെങ്കില്‍ അഭിപ്രായം പരസ്യമായി പറയുമെന്ന വി എം സുധീരന്റെ നിലപാട് കണക്കിലെടുക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. നിര്‍വാഹകസമിതി പുനഃസംഘടിപ്പിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞ സാഹചര്യത്തില്‍, സമിതിതന്നെ കാലഹരണപ്പെട്ടെന്നാണ് സുധീരനെ എതിര്‍ക്കുന്നവരുടെ അഭിപ്രായം.

ഇതിനിടെ, കോണ്‍ഗ്രസില്‍ ഗൂഢാലോചന നടത്തുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമാണെന്ന് മുതിര്‍ന്ന നേതാവ് ടി എച്ച് മുസ്തഫ കൊച്ചിയില്‍ പറഞ്ഞു. അഞ്ചാംമന്ത്രി വിവാദവും തുടര്‍ന്നുണ്ടായ കോലാഹലവും ഇവരുടെ ഗൂഢാലോചനയുടെ ഭാഗമാണെന്നും മുസ്തഫ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു കോണ്‍ഗ്രസിലെ പ്രതിസന്ധി തീര്‍ക്കാന്‍ കേന്ദ്രനേതൃത്വം അടിയന്തരമായി ഇടപെടണമെന്നാണ് കെ മുരളീധരന്‍ എഐസിസിക്കു നല്‍കിയ പരാതി. ഞായറാഴ്ചതന്നെ മുരളി പരാതി അയച്ചെങ്കിലും കിട്ടിയതായി സ്ഥിരീകരിച്ചിട്ടില്ല.

മിസ്ത്രിയെ മാറ്റണമെന്ന് ഉമ്മന്‍ചാണ്ടി

കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിന് പരാതി നല്‍കി. കേരളത്തില്‍ സുഗമമായ ഭരണത്തിനുള്ള അന്തരീക്ഷം ഇല്ലാതാക്കിയതില്‍ ചെന്നിത്തലയ്ക്ക് പങ്കുണ്ടെന്നാണ് അഹമ്മദ് പട്ടേലിനോടും എ കെ ആന്റണിയോടും ഉമ്മന്‍ചാണ്ടി പരാതിപ്പെട്ടത്. പ്രശ്നങ്ങള്‍ വഷളാക്കിയതില്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി മധുസൂദന്‍ മിസ്ത്രിക്ക് പങ്കുണ്ട്. ചെന്നിത്തലയോട് ആഭിമുഖ്യം പുലര്‍ത്തുന്ന മിസ്ത്രിയെ മാറ്റണമെന്നും ഉമ്മന്‍ചാണ്ടി അഹമ്മദ് പട്ടേലുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. ഇപ്പോഴത്തെ സാഹചര്യം തുടര്‍ന്നാല്‍ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് യുഡിഎഫിന് ഗുണകരമാകില്ല. അതിനാല്‍ ഹൈക്കമാന്‍ഡ് അടിയന്തരമായി ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അഞ്ചാംമന്ത്രിയും വകുപ്പുമാറ്റവും സൃഷ്ടിച്ച പ്രതിസന്ധി മൂര്‍ച്ഛിക്കുന്നതില്‍ ഹൈക്കമാന്‍ഡ് അതീവ ഉല്‍ക്കണ്ഠയിലാണ്. ആര്യാടന്‍ മുഹമ്മദിന്റെ രാജിഭീഷണിയും ചെന്നിത്തല ഉയര്‍ത്തുന്ന പ്രതിഷേധവും വര്‍ഗീയശക്തികള്‍ക്ക് കീഴടങ്ങിയ മുഖ്യമന്ത്രിക്കെതിരെ കേരളത്തില്‍ ഉയരുന്ന പൊതുവികാരവും ഗൗരവമായ സ്ഥിതി സൃഷ്ടിച്ചതായാണ് ദേശീയനേതൃത്വം വിലയിരുത്തുന്നത്. ഭരണം നിലനിര്‍ത്താനാണ് മുസ്ലിംലീഗിന് അഞ്ചാംമന്ത്രിയെ കൊടുത്തതെന്നാണ് ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡ് പ്രതിനിധികളെ അറിയിച്ചത്. ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന പി ടി തോമസിന്റെ പരസ്യപ്രസ്താവനയ്ക്കുപിന്നാലെയാണ്, ചെന്നിത്തലയ്ക്കെതിരെ പരാതിയും തനിക്ക് ഭരിക്കാന്‍ അന്തരീക്ഷം ഉണ്ടാക്കണമെന്ന അഭ്യര്‍ഥനയും ഉമ്മന്‍ചാണ്ടി നടത്തിയത്. ആന്റണി, വയലാര്‍ രവി എന്നിവരുടെ സാന്നിധ്യത്തില്‍ കെപിസിസി നേതൃയോഗം ചേര്‍ന്ന് പ്രശ്നം പരിഹരിക്കാനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം.

ഇതിനിടെ ഡല്‍ഹിക്ക് പോകാതെ തിരുവനന്തപുരത്ത് തങ്ങിയ ചെന്നിത്തലയെ കാണാന്‍ കര്‍ണാടക പിസിസി സെക്രട്ടറി മല്ലിക അര്‍ജുന്‍ തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തി. ഹൈക്കമാന്‍ഡ് പ്രതിനിധിയായല്ല വ്യക്തിപരമായ സൗഹൃദം പുതുക്കാനാണ് ചെന്നിത്തലയെ കണ്ടതെന്നാണ് മല്ലിക അര്‍ജുന്‍ പറയുന്നത്. പിസിസി പ്രസിഡന്റായശേഷം ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഒരുമിച്ചായിരുന്നു ഹൈക്കമാന്‍ഡ് പ്രതിനിധികളെ കണ്ടിരുന്നത്. എന്നാല്‍, രണ്ടുമാസമായി ഉമ്മന്‍ചാണ്ടി ചെന്നിത്തലയെ കൂട്ടാതെയാണ് സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ളവരെ കാണുന്നത്. ഡല്‍ഹിദൗത്യത്തിന് ചെന്നിത്തലയുടെ സഹായം തനിക്ക് ആവശ്യമില്ലെന്ന സന്ദേശമാണ് ഉമ്മന്‍ചാണ്ടി ഇതുവഴി നല്‍കുന്നത്.

മുസ്ലിംലീഗിന് ഉമ്മന്‍ചാണ്ടി അഞ്ചാംമന്ത്രിയെ നല്‍കിയത് കൊടിയവഞ്ചനയിലൂടെയാണെന്ന് വിശാല ഐ ഗ്രൂപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്. മന്ത്രിസഭാ രൂപീകരണവേളയില്‍തന്നെ കോട്ടയത്ത് എത്തിയ ഹൈദരാലി തങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടി ഇതിനുള്ള ഉറപ്പ് നല്‍കിയിരുന്നുവെന്നാണ് സോണിയ ഗാന്ധിയുമായി പത്തുദിവസംമുമ്പ് കൂടിക്കാഴ്ച നടത്തിയപ്പോള്‍ ഇ അഹമ്മദ് വെളിപ്പെടുത്തിയത്. എന്നാല്‍, ഉമ്മന്‍ചാണ്ടിതന്നെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായരെ കണ്ട് ലീഗിന് അഞ്ചാംമന്ത്രിയെ കൊടുക്കില്ലെന്ന ഉറപ്പും പിറവം ഉപതെരഞ്ഞെടുപ്പുവേളയില്‍ നല്‍കി. ഐ ഗ്രൂപ്പ് മന്ത്രിമാരുടെ വകുപ്പുമാറ്റത്തിലടക്കം ചെന്നിത്തലയുമായി ആലോചിക്കാതെ ഉമ്മന്‍ചാണ്ടി ഏകപക്ഷീയമായി നീങ്ങിയതിലാണ് ചെന്നിത്തലയും വിശാല ഐയും ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കുന്നത്. മന്ത്രിസഭയിലെ കോണ്‍ഗ്രസ് മന്ത്രിമാരില്‍ സീനിയോറിറ്റികൊണ്ടും അനുഭവപരിജ്ഞാനംകൊണ്ടും രണ്ടാമന്‍ ആര്യാടന്‍ മുഹമ്മദാണ്. വിജിലന്‍സ്വകുപ്പ് ആര്യാടന് നല്‍കണമെന്ന് പാമൊലിന്‍ കേസിന്റെ വേളയില്‍ ചെന്നിത്തല നിര്‍ദേശിച്ചപ്പോള്‍, അതിനെ നിരാകരിച്ചാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്‍കിയത്. ഇപ്പോള്‍ ആഭ്യന്തരംകൂടി ഏല്‍പ്പിച്ച് മന്ത്രിസഭയിലെ രണ്ടാംസ്ഥാനം തിരുവഞ്ചൂരിന് നല്‍കിയതോടെ സന്ധിയില്ലാത്ത പോരാട്ടം പ്രഖ്യാപിച്ചിരിക്കയാണ് ആര്യാടനും.
(ആര്‍ എസ് ബാബു)

കോണ്‍ഗ്രസില്‍ ഗൂഢാലോചന നടത്തുന്നത് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും: മുസ്തഫ

കൊച്ചി: കോണ്‍ഗ്രസില്‍ ഗൂഢാലോചന നടത്തുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടി എച്ച് മുസ്തഫ. അഞ്ചാംമന്ത്രി വിവാദവും തുടര്‍ന്നുണ്ടായ കോലാഹലവും ഇവരുടെ ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുസ്ലീംലീഗിന് അഞ്ചാംമന്ത്രിയെ നല്‍കി കോണ്‍ഗ്രസുകാരെ വഞ്ചിക്കുകയും അവഹേളിക്കുകയുമാണ് ഇവര്‍ ചെയ്തത്. ലീഗിന് അഞ്ചാംമന്ത്രിസ്ഥാനത്തിന് അര്‍ഹതയില്ല. മന്ത്രിസഭാ രൂപീകരണവേളയില്‍ ലീഗിന് അഞ്ചുപദവികള്‍ എന്നതായിരുന്നു ധാരണ. എന്നാല്‍, ചീഫ് വിപ്പ്, ഡെപ്യൂട്ടി സ്പീക്കര്‍ പദവികള്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും വീതംവച്ചതോടെയാണ് അഞ്ചാംമന്ത്രി എന്ന ആവശ്യം ഉയര്‍ന്നത്. പദവികള്‍ വീതംവയ്ക്കുന്നതില്‍ മാത്രമാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തമ്മില്‍ തര്‍ക്കമുള്ളത്. വകുപ്പുകള്‍ വിഭജിച്ചപ്പോള്‍ ചെന്നിത്തലയുടെ പാര്‍ശ്വവര്‍ത്തികള്‍ക്ക് പ്രധാനവകുപ്പുകള്‍ ലഭിച്ചില്ലെന്ന പരാതിയും കൊതിക്കെറുവും മാത്രമാണുള്ളത്. വകുപ്പുകളെല്ലാം മറ്റുള്ളവര്‍ക്ക് കൊടുത്ത് അണ്ടി കളഞ്ഞ അണ്ണാനെപ്പോലെയാണ് ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ജനറല്‍ബോഡി വിളിക്കണം. അല്ലെങ്കില്‍ പലതും തുറന്ന് പറയേണ്ടി വരും.

ഹൈക്കമാന്‍ഡിനെവരെ പറഞ്ഞുപറ്റിച്ച് തങ്ങളുടെ താന്തോന്നിത്തരമാണ് നേതാക്കള്‍ നടത്തുന്നത്. ഉമ്മന്‍ചാണ്ടിയുടെ ഗ്രൂപ്പിലും ചെന്നിത്തലയുടെ ഗ്രൂപ്പിലും യഥാര്‍ഥ കോണ്‍ഗ്രസുകാരില്ല. അവര്‍ ഗ്രൂപ്പുകള്‍ക്ക് പുറത്താണ്. കെപിസിസി ഭാരവാഹികളുടെ അഭിപ്രായത്തിനു വിരുദ്ധമായി തങ്ങളുടെ തീരുമാനം മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയും നടപ്പാക്കുകയാണുണ്ടായത്. ലീഗിന് അഞ്ചാംമന്ത്രിസ്ഥാനം കൊടുത്തതിലൂടെ ലജ്ജാകരമായ അവസ്ഥയിലാണ് കോണ്‍ഗ്രസ് എത്തിയത്. ലീഗ് മതത്തെ അടിസ്ഥാനമാക്കിയുള്ള പാര്‍ടിയാണ്. അവര്‍ക്ക് മന്ത്രിസ്ഥാനം കൊടുക്കുന്നതിലൂടെ എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും പ്രാതിനിധ്യം ലഭിക്കുന്നുമില്ല. കോണ്‍ഗ്രസില്‍ മുസ്ലീംസമുദായത്തിന് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്നും മുസ്തഫ പറഞ്ഞു.

യുഡിഎഫില്‍ എല്ലാം ഭംഗിയായി പോകുന്നെന്ന് മന്ത്രി അനൂപ്

മുസ്ലിംലീഗിന്റെ അഞ്ചാംമന്ത്രിയുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ കുഴപ്പമൊന്നുമില്ലെന്നും എല്ലാം ഭംഗിയായാണ് പോകുന്നതെന്നും ഭക്ഷ്യപൊതുവിതരണ മന്ത്രി അനൂപ് ജേക്കബ്. പിറവം തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ മാറ്റ് അഞ്ചാംമന്ത്രി തര്‍ക്കത്തിന്റെ പേരില്‍ കുറഞ്ഞതായി കരുതുന്നില്ലെന്നും കേസരി സ്മാരക ട്രസ്റ്റിന്റെ "മീറ്റ് ദി പ്രസ്" പരിപാടിയില്‍ അനൂപ് പറഞ്ഞു.

പരിചയക്കുറവ് ഭരണരംഗത്ത് ഒരു പ്രശ്നമാവില്ല. പാര്‍ടി ഭരണകാര്യങ്ങളില്‍ ഇടപെടില്ല. സുതാര്യത എല്ലാ മേഖലകളിലും ഉറപ്പാക്കും. എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും അര ലിറ്റര്‍ വീതമെങ്കിലും മണ്ണെണ്ണ നല്‍കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

deshabhimani 170412

No comments:

Post a Comment