രാജ്യത്ത് ആഭ്യന്തരസുരക്ഷാ ഭീഷണി പൂര്‍ണമായും തുടച്ചുമാറ്റാനായിട്ടില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. ആഭ്യന്തരസുരക്ഷ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഭീകരവാദം, ഇടതുപക്ഷ തീവ്രവാദം, വര്‍ഗീയവാദം, വംശീയ കലാപം എന്നിവ ഉയര്‍ത്തുന്ന ഭീഷണി രാജ്യസുരക്ഷയ്ക്ക് വിഘാതമായി നിലനില്‍ക്കുകയാണ്. ഇവയ്ക്കെതിരെ നിതാന്ത ജാഗ്രത ഉണ്ടാകേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരിച്ചുള്ള നീക്കം ഇതിനാവശ്യമാണ്. അതേസമയം, ഇക്കഴിഞ്ഞ ഫെബ്രുവരിമുതല്‍ ആക്രമണങ്ങള്‍ക്ക് തെല്ല് അയവുവന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
ഭീകരതയ്ക്കെതിരായ പോരാട്ടത്തിന് കൂടുതല്‍ ഭാരം വഹിക്കേണ്ടിവരുന്നത് സംസ്ഥാനസര്‍ക്കാരിന്റെ സംവിധാനങ്ങളാണ്. ഇക്കാര്യത്തില്‍ ഏതുവിധേനയും സംസ്ഥാനങ്ങളെ സഹായിക്കാന്‍ കേന്ദ്രം സന്നദ്ധമാണ്. തീവ്രവാദ സംഘങ്ങളുടെ പ്രവര്‍ത്തനം മുമ്പെന്നത്തേക്കാളും ചടുലവും മാരകവുമാണിന്ന്- പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകളുടെ രൂക്ഷ വിമര്‍ശമേറ്റുവാങ്ങിയ ഭീകരവിരുദ്ധകേന്ദ്രത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. മെയ് അഞ്ചിനുചേരുന്ന അടുത്ത യോഗത്തില്‍ ഇക്കാര്യം വിശദമായി ചര്‍ച്ചചെയ്യാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. യോഗത്തില്‍ കോണ്‍ഗ്രസിതര മുഖ്യമന്ത്രിമാര്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷമായ കടന്നാക്രമണമാണ് നടത്തിയത്. ആഭ്യന്തരസുരക്ഷ മെച്ചപ്പെടുത്താനും ഭീകരപ്രവര്‍ത്തനം&ാറമവെ;ഇല്ലാതാക്കാനും സഹായകമാകുംവിധം കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഇവര്‍ ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ ഫെഡറല്‍ സംവിധാനത്തിന് കോട്ടമുണ്ടാക്കുന്ന വിധത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കോണ്‍ഗ്രസിതര മുഖ്യമന്ത്രിമാര്‍ പറഞ്ഞു. ത്രിപുര മുഖ്യമന്ത്രി മണിക് സര്‍കാര്‍, തമിഴ്നാട് മുഖ്യമന്ത്രി ജയലളിത, ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള തുടങ്ങിയവര്‍ കേന്ദ്രസര്‍ക്കാരിന്റെ സമീപകാല നിയമനിര്‍മാണങ്ങളെയും നടപടികളെയും അപലപിച്ചു. പൊലീസ് നവീകരണമടക്കം, ഭീകരതയ്ക്കും മറ്റ് കുറ്റകൃത്യങ്ങള്‍ക്കും എതിരായ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ കാര്യമായ പങ്കുവഹിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ആരോപിച്ചു.
സംസ്ഥാനങ്ങളിലാകെ 5,01,069 ഒഴിവ് പൊലീസിലുണ്ട്. 2010-11 സാമ്പത്തികവര്‍ഷം സംസ്ഥാനങ്ങളാകെ 50,000 കോടി രൂപയാണ് പൊലീസ് സംവിധാനങ്ങള്‍ക്കുവേണ്ടി ചെലവഴിച്ചത്. ഇത് സംസ്ഥാനങ്ങളുടെ മൊത്തം ബജറ്റ് ചെലവിന്റെ 4.76 ശതമാനം മാത്രമേയുള്ളൂവെന്നും ചിദംബരം പറഞ്ഞു. പുതിയ പുതിയ നിയമനിര്‍മാണങ്ങള്‍ നടത്തി സംസ്ഥാനങ്ങളുടെ അധികാരം കുറെശ്ശെയായി കേന്ദ്രസര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പറഞ്ഞു. ഭരണഘടനാപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രസര്‍ക്കാരിന് തെല്ലും ബഹുമാനമില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ അമേരിക്കന്‍ നാവികസേനയുമായി സംയുക്തമായി നടത്തിയ നാവികാഭ്യാസത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചനപോലും നടത്തിയില്ല. രണ്ട് രാജ്യങ്ങള്‍ തമ്മില്‍ ആലോചിച്ചുള്ള പരിപാടിയാണെങ്കില്‍പ്പോലും സംസ്ഥാനസര്‍ക്കാരിനെ അറിയിക്കുകയെന്ന മര്യാദ പാലിക്കാമായിരുന്നു.
(വി ജയിന്‍)
കൊച്ചിയില്‍ എന്‍ഐഎ ഓഫീസ് സ്ഥാപിക്കും: ചിദംബരം
ന്യൂഡല്‍ഹി: ദേശീയ കുറ്റാന്വേഷണ ഏജന്‍സി (എന്‍ഐഎ) ഓഫീസ് കൊച്ചിയില്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം അറിയിച്ചു. ആഭ്യന്തരസുരക്ഷ സംബന്ധിച്ച് വിളിച്ച മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
മുംബൈ, ലഖ്നൗ എന്നീ നഗരങ്ങള്‍ക്കൊപ്പമാണ് കൊച്ചിയിലും എന്‍ഐഎ ഓഫീസ് സ്ഥാപിക്കുക. ദേശീയ സുരക്ഷാ ഗാര്‍ഡുകള്‍ക്ക് രാജ്യത്ത് നാല് ആസ്ഥാനം സ്ഥാപിച്ചു. രാജ്യത്താകെ പൊലീസില്‍ 5,01,069 ഒഴിവുണ്ട്. അനുവദിക്കപ്പെട്ട എണ്ണത്തിന്റെ 25 ശതമാനമാണിത്. 2010-11ല്‍ എല്ലാ സംസ്ഥാനങ്ങളുംകൂടി പൊലീസ് സേനയ്ക്കായി ചെലവഴിച്ച തുക 50,000 കോടി രൂപയാണ്. ഇതില്‍ 700 കോടി രൂപയാണ് പരിശീലനത്തിന് ചെലവഴിച്ചത്. ഇത് എല്ലാ സംസ്ഥാനങ്ങളും കണ്ണുതുറന്ന് കാണേണ്ടതാണ്. ഈ കുറവ് പരിഹരിച്ചാല്‍മാത്രമേ പുതിയ വെല്ലുവിളികള്‍ നേരിടാന്‍ കഴിയൂ. ആഭ്യന്തരസുരക്ഷ താരതമ്യേന മെച്ചപ്പെട്ട നിലയിലായിരുന്നു. 2011ല്‍ കാര്യമായ തീവ്രവാദി ആക്രമണങ്ങള്‍ ഉണ്ടായില്ല. ജമ്മു കശ്മീരിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും സ്ഥിതി മെച്ചപ്പെട്ടു. 2011ല്‍ 18 തീവ്രവാദി ആക്രമണപദ്ധതികള്‍ തകര്‍ത്തു. 53 പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ്ചെയ്തുവെന്നും ചിദംബരം പറഞ്ഞു.
മമത വന്നില്ല; എന്‍സിടിസിയോട് എതിര്‍പ്പ്
ന്യൂഡല്‍ഹി: മുഖ്യമന്ത്രിമാരുടെ യോഗത്തില്‍നിന്ന് വിട്ടുനിന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കേന്ദ്ര സര്‍ക്കാരിനോടുള്ള തന്റെ എതിര്‍പ്പ് ആവര്‍ത്തിച്ച് പ്രകടിപ്പിച്ചു. ദേശീയ ഭീകരവിരുദ്ധകേന്ദ്രം (എന്‍സിടിസി) സ്ഥാപിക്കുന്നതില്‍ കേന്ദ്രം കുറെക്കൂടി ഏകോപന മനോഭാവത്തോടെ പ്രവര്‍ത്തിക്കണമെന്ന് മമതയുടെ പ്രസംഗത്തില്‍ പറഞ്ഞു. പശ്ചിമബംഗാള്‍ ധനമന്ത്രി അമിത് മിത്രയാണ് യോഗത്തില്‍ മമതയുടെ പ്രസംഗം വായിച്ചത്.
പശ്ചിമബംഗാളിനുമാത്രമായി മാവോയിസ്റ്റ് ഭീകരതയെ നേരിടാന്‍ കഴിയില്ല. അയല്‍സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റ് ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രം ഒന്നുംചെയ്യുന്നില്ല. വേണ്ടത്ര രഹസ്യാന്വേഷണസഹായം കേന്ദ്രം നല്‍കണം. ഭീകരവിരുദ്ധകേന്ദ്രം സംബന്ധിച്ച് എതിര്‍പ്പ് നേരത്തെ അറിയിച്ചിട്ടുണ്ട്. വിശദമായ അഭിപ്രായം മെയ് അഞ്ചിന് നടക്കുന്ന യോഗത്തില്‍ പറയുമെന്നും അവര്‍ പറഞ്ഞു.
deshabhimani 170412
No comments:
Post a Comment