Monday, April 23, 2012

നവോത്ഥാന മൂല്യങ്ങള്‍ വീണ്ടെടുക്കണം: കാന്തപുരം


പാലക്കാട്: നഷ്ടപ്പെടുന്ന നവോത്ഥാന മൂല്യങ്ങളെ വീണ്ടെടുത്ത് പൊതുസമൂഹത്തെ ശക്തിപ്പെടുത്തണമെന്ന് അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ പറഞ്ഞു. കേരളയാത്രക്ക് നെന്മാറയിലും ആലത്തൂരിലും നല്‍കിയ സ്വീകരണങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതേതരപാരമ്പര്യം കൈമോശം വരാതെ സൂക്ഷിക്കണം. മതത്തിന്റെ പേരില്‍ നടക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളെ ഒറ്റപ്പെടുത്തണം. സാഹോദര്യവും പരസ്പര സഹവര്‍ത്തിത്വവും കാത്തുസൂക്ഷിക്കണം. പ്രകൃതി വിഭവങ്ങളെ അമിതമായി ചൂഷണം ചെയ്തുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യില്ല. പരിസ്ഥിതി സംരക്ഷണം വിശ്വാസികള്‍ മുഖ്യ അജന്‍ഡയായി ഏറ്റെടുക്കണം-കാന്തപുരം പറഞ്ഞു. കേരളയാത്രയുടെ പാലക്കാട് ജില്ലയിലെ പര്യടനം ഞായറാഴ്ച പൂര്‍ത്തിയായി. }}ഞായറാഴ്ച രാത്രി തൃശൂര്‍ ശക്തന്‍ നഗരിയിലും യാത്രക്ക് സ്വീകരണം നല്‍കി. മേയര്‍ ഐ പി പോള്‍ ഉദ്ഘാടനം ചെയ്തു. സംയുക്ത ഖാദിം സെയ്ദ് ഇബ്രാഹിം ഖലീല്‍ ബുഖാരി യോഗത്തില്‍ അധ്യക്ഷനായി.

കാന്തപുരത്തിന്റെ യാത്ര പണമുണ്ടാക്കാന്‍: എസ്കെഎസ്എസ്എഫ്

കോഴിക്കോട്: മുഹമ്മദ് നബിയുടെ പേരില്‍ വ്യാജ മുടിക്കച്ചവടം അനുവദിക്കില്ലെന്നും കാന്തപുരത്തിന്റെ യാത്ര പണമുണ്ടാക്കാനുള്ളതാണെന്നും മുസ്ലിംലീഗ് അനുകൂല സുന്നി വിഭാഗം നേതാവ് അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ് എന്ന മുദ്രാവാക്യവുമായി എസ്കെഎസ്എസ്എഫ് നടത്തുന്ന വിമോചനയാത്രയ്ക്ക് കോഴിക്കോട്ട് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുംബൈയില്‍നിന്ന് വിലയ്ക്കുവാങ്ങിയ മുടി കോഴിക്കോടിന്റെ മണ്ണില്‍സ്ഥാപിച്ച് കച്ചവടം നടത്താനുള്ള മോഹം നടക്കില്ല. സമുദായ സ്പര്‍ദ വളര്‍ത്താന്‍ മാത്രമാണ് കാന്തപുരത്തിന്റെ യാത്ര. സ്വന്തം മതത്തില്‍ സാഹോദര്യം ഉണ്ടാക്കാന്‍ കഴിയാത്ത കാന്തപുരത്തിന് മാനവികത പ്രസംഗിക്കാന്‍ അര്‍ഹതയില്ല-അദ്ദേഹം പറഞ്ഞു. വിമോചന യാത്ര ഞായറാഴ്ച ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി. മുക്കത്തുനിന്ന് ആരംഭിച്ച് കുന്ദമംഗലത്ത് സമാപിച്ചു. കോഴിക്കോട്ടെ സ്വീകരണ സമ്മേളനം പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഖാസി മുഹമ്മദ്കോയ തങ്ങള്‍ അധ്യക്ഷനായി.

സമുദായത്തിന്റെ പേരിലുള്ള സാമ്പത്തിക ചൂഷണം തടയാന്‍ നിയമ പോരാട്ടത്തിന് തയ്യാറാവണമെന്ന നിവേദനം ജാഥാലീഡര്‍ക്ക് പി മാമുക്കോയ ഹാജി നല്‍കി. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ടി പി എം സാഹിര്‍, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, ഓണമ്പള്ളി മുഹമ്മദ് ഫൈസി, നാസര്‍ ഫൈസി കൂടത്തായി, സലീം എടക്കര, ജാബിര്‍ ചുഴലി, റഷീദ് എന്നിവര്‍ സംസാരിച്ചു. യാത്ര നാളെ മലപ്പുറം ജില്ലയില്‍ പ്രവേശിക്കും.

deshabhimani 230412

No comments:

Post a Comment