Monday, April 23, 2012

ബോംബ് നിര്‍മിച്ചത് കലാപത്തിന്; വീണ്ടും സംഘര്‍ഷത്തിന് ലീഗ് ശ്രമം


വടകര: ലീഗ് കേന്ദ്രങ്ങളിലെ ആയുധഫാക്ടറികളില്‍ യുവാക്കളെ ബലി കൊടുക്കുന്നു. നാദാപുരം നരിക്കാട്ടേരിക്ക് പിറകെ ശനിയാഴ്ച കുറ്റ്യാടി നരിക്കൂട്ടുംചാലില്‍ ബോംബ് നിര്‍മാണത്തിനിടയിലുണ്ടായ സ്ഫോടനം ഇതാണ് വ്യക്തമാക്കുന്നത്. പണക്കൊഴുപ്പിന്റെ ബലത്തില്‍ ആളും ആയുധവും സജ്ജമാക്കി കലാപം അഴിച്ചുവിടാനുള്ള ശ്രമമാണ് മുസ്ലിംലീഗിന്റേത്. സ്ഫോടനത്തിന്റെ നടുക്കത്തിലാണ് നാദാപുരം മേഖല. ലീഗിന്റെ ബോംബ്രാഷ്ട്രീയത്തിനെതിരെ ജനരോഷം ശക്തമാണ്. അഞ്ച് ലീഗ് പ്രവര്‍ത്തകരുടെ കൂട്ടക്കുരുതി നടന്ന നരിക്കാട്ടേരി ബോംബ്സ്ഫോടനത്തിന് ഒരു വര്‍ഷം തികയുമ്പോഴാണ് നരിക്കൂട്ടുംചാലില്‍ നിര്‍മാണത്തിനിടയില്‍ ബോംബ് പൊട്ടി യൂത്ത്ലീഗ് പ്രവര്‍ത്തകന്‍ ചാലില്‍ പരതാണ്ടിയില്‍ റാഷിദി(21)ന്റെ കൈപ്പത്തി തകര്‍ന്നത്. വന്‍തോതില്‍ ബോംബ് നിര്‍മിച്ച് അക്രമിസംഘങ്ങള്‍ക്ക് വിതരണം ചെയ്യാനുള്ള പദ്ധതിക്കിടയിലാണ് രണ്ടിടത്തും സ്ഫോടനം. നരിക്കാട്ടേരിയില്‍ ലീഗ് ജില്ലാ നേതാവിന്റെ വീടിന് തൊട്ടടുത്ത പറമ്പിലായിരുന്നു സ്ഫോടനം. നരിക്കൂട്ടുംചാലില്‍ സ്വന്തം വീട്ടിലാണ് ലീഗ് പ്രവര്‍ത്തകന്‍ ബോംബ് നിര്‍മിച്ചത്. റാഷിദിനോടൊപ്പം ബോംബ്നിര്‍മാണത്തില്‍ പങ്കെടുത്ത രണ്ട് പേര്‍ ബൈക്കില്‍ രക്ഷപ്പെട്ടിരുന്നു. ഇവരെ പൊലീസ് കണ്ടെത്തിയിട്ടില്ല.

റാഷിദിന്റെ വീട്ടില്‍ കണ്ടെത്തിയ ബോംബ് നിര്‍മാണ സാമഗ്രികള്‍ ഉഗ്രശേഷിയുള്ള പൈപ്പ്ബോംബ് നിര്‍മിക്കാന്‍ ശേഖരിച്ചതാണെന്ന് പൊലീസ് പറഞ്ഞു. കുറ്റ്യാടിക്കടുത്ത വട്ടക്കണ്ടി പാറയില്‍ കഴിഞ്ഞ മാസം വെളിച്ചെണ്ണമില്‍ കത്തിച്ച് അരക്കോടിയിലേറെ രൂപയുടെ നഷ്ടം വരുത്തിയ കേസില്‍ യൂത്ത്ലീഗ് പൂമുഖം ശാഖാ ട്രഷറര്‍ അസീസ് അറസ്റ്റിലായ ദിവസംതന്നെയാണ് തൊട്ടടുത്ത പ്രദേശമായ നരിക്കൂട്ടുംചാലില്‍ സ്ഫോടനം ഉണ്ടായത്. സാമുദായിക കലാപം ഉണ്ടാക്കാനാണ് അസീസ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ലക്ഷ്യംവെച്ചതെന്ന് കുറ്റ്യാടി പൊലീസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. തീവെപ്പ്കേസില്‍ നേതാക്കള്‍ പിടിയിലായതില്‍ ഉണ്ടായ നാണക്കേട് മറച്ചുവെയ്ക്കാന്‍ പ്രദേശത്ത് വീണ്ടും സംഘര്‍ഷമുണ്ടാക്കാനായിരുന്നു ലീഗ്പദ്ധതി. കഴിഞ്ഞ വര്‍ഷം കുറ്റ്യാടി വട്ടക്കണ്ടിപാറയില്‍ വിജനമായ പറമ്പില്‍ ബോംബ്നിര്‍മാണത്തിനിടയില്‍ സ്ഫോടനം ഉണ്ടായി ലീഗ് പ്രവര്‍ത്തകന് പരിക്കേറ്റിരുന്നു. ഇതുസംബന്ധിച്ച കേസില്‍ തുടരന്വേഷണം ഉണ്ടായില്ല. ക്രൈംബ്രാഞ്ച് അന്വേഷിച്ച നരിക്കാട്ടേരി കേസും ഭരണസ്വാധീനത്തില്‍ ലീഗ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ഇതിനിടയിലാണ് വീണ്ടും സ്ഫോടനം.

മുഖ്യമന്ത്രിയുടെ പ്രസ്താവന ലീഗ് ക്രിമിനലുകളെ സംരക്ഷിക്കാന്‍: സിപിഐ എം

കുറ്റ്യാടി: അമ്പലക്കുളങ്ങരയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി ശനിയാഴ്ച നടത്തിയ പ്രസംഗം ലീഗ് ക്രിമിനലുകളെ സംരക്ഷിക്കാനും ലീഗിന്റെ അക്രമരാഷ്ട്രീയത്തെ വെള്ളപൂശാനുമാണെന്നും സിപിഐ എം കുന്നുമ്മല്‍ ഏരിയാ സെക്രട്ടറി കെ കൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.

അമ്പലക്കുളങ്ങരയില്‍ പ്രസംഗിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് കിലോമീറ്റര്‍ വ്യത്യാസത്തില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനത്തില്‍ യൂത്ത്ലീഗ് നേതാവ് പരതാണ്ടിയില്‍ റാഷിദിന്റെ കൈപ്പത്തി അറ്റുപോയ സംഭവവും കുറ്റ്യാടി വട്ടക്കണ്ടിപ്പാറ ഓയില്‍മില്‍ തീവെച്ച കേസില്‍ വേളത്തെ ലീഗ്-യൂത്ത്ലീഗ് നേതാവ് കുനിയേല്‍ അസീസിനെ കോടതി റിമാന്‍ഡ് ചെയ്തതും തളീക്കരയില്‍ സിപിഐ എം ഓഫീസ് ആക്രമിച്ചതും ലീഗിന്റെ ക്രിമിനല്‍മുഖം വ്യക്തമാക്കുന്നു. സംസ്ഥാനമാകെ ഞെട്ടലോടെ കേട്ട നരിക്കാട്ടേരി ബോംബ്സ്ഫോടനത്തില്‍ അഞ്ച് യൂത്ത്ലീഗുകാര്‍ മരണപ്പെട്ടതും ആഴ്ചകള്‍ക്ക് മുമ്പ് കുമ്മങ്കോട്ട് ലീഗ്നേതാവിനെ സ്വന്തം വീട്ടില്‍ പൂട്ടിയിട്ട് ആക്രമിച്ച സംഭവവും ജനങ്ങള്‍ മറക്കുന്നതിനു മുമ്പ് സിപിഐ എം അക്രമകാരികളാണെന്ന മുഖ്യന്റെ പ്രസ്താവന ജനവികാരം ചോദ്യം ചെയ്യലാണെന്ന് ഏരിയാ സെക്രട്ടറി പറഞ്ഞു. ഭരണത്തിന്റെ തണലില്‍ കുറ്റ്യാടി, നാദാപുരം മേഖലയില്‍ അക്രമം അഴിച്ചുവിടാനുള്ള ലീഗിന്റെ ശ്രമത്തെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങള്‍ തിരിച്ചറിയണമെന്നും സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ മുന്നിട്ടിറങ്ങണമെന്നും ഏരിയാ സെക്രട്ടറി കെ കൃഷ്ണന്‍ അഭ്യര്‍ഥിച്ചു.

deshabhimani 230412

1 comment:

  1. ലീഗ് കേന്ദ്രങ്ങളിലെ ആയുധഫാക്ടറികളില്‍ യുവാക്കളെ ബലി കൊടുക്കുന്നു. നാദാപുരം നരിക്കാട്ടേരിക്ക് പിറകെ ശനിയാഴ്ച കുറ്റ്യാടി നരിക്കൂട്ടുംചാലില്‍ ബോംബ് നിര്‍മാണത്തിനിടയിലുണ്ടായ സ്ഫോടനം ഇതാണ് വ്യക്തമാക്കുന്നത്. പണക്കൊഴുപ്പിന്റെ ബലത്തില്‍ ആളും ആയുധവും സജ്ജമാക്കി കലാപം അഴിച്ചുവിടാനുള്ള ശ്രമമാണ് മുസ്ലിംലീഗിന്റേത്. സ്ഫോടനത്തിന്റെ നടുക്കത്തിലാണ് നാദാപുരം മേഖല. ലീഗിന്റെ ബോംബ്രാഷ്ട്രീയത്തിനെതിരെ ജനരോഷം ശക്തമാണ്. അഞ്ച് ലീഗ് പ്രവര്‍ത്തകരുടെ കൂട്ടക്കുരുതി നടന്ന നരിക്കാട്ടേരി ബോംബ്സ്ഫോടനത്തിന് ഒരു വര്‍ഷം തികയുമ്പോഴാണ് നരിക്കൂട്ടുംചാലില്‍ നിര്‍മാണത്തിനിടയില്‍ ബോംബ് പൊട്ടി യൂത്ത്ലീഗ് പ്രവര്‍ത്തകന്‍ ചാലില്‍ പരതാണ്ടിയില്‍ റാഷിദി(21)ന്റെ കൈപ്പത്തി തകര്‍ന്നത്. വന്‍തോതില്‍ ബോംബ് നിര്‍മിച്ച് അക്രമിസംഘങ്ങള്‍ക്ക് വിതരണം ചെയ്യാനുള്ള പദ്ധതിക്കിടയിലാണ് രണ്ടിടത്തും സ്ഫോടനം. നരിക്കാട്ടേരിയില്‍ ലീഗ് ജില്ലാ നേതാവിന്റെ വീടിന് തൊട്ടടുത്ത പറമ്പിലായിരുന്നു സ്ഫോടനം. നരിക്കൂട്ടുംചാലില്‍ സ്വന്തം വീട്ടിലാണ് ലീഗ് പ്രവര്‍ത്തകന്‍ ബോംബ് നിര്‍മിച്ചത്. റാഷിദിനോടൊപ്പം ബോംബ്നിര്‍മാണത്തില്‍ പങ്കെടുത്ത രണ്ട് പേര്‍ ബൈക്കില്‍ രക്ഷപ്പെട്ടിരുന്നു. ഇവരെ പൊലീസ് കണ്ടെത്തിയിട്ടില്ല

    ReplyDelete