Thursday, April 19, 2012
നെയ്യാറ്റിന്‍കര: യുഡിഎഫിന് കനത്ത പ്രഹരമേല്‍പ്പിക്കും- സിപിഐ എം
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയത്തിനായി കരുത്തുറ്റ പോരാട്ടം സംഘടിപ്പിക്കാന്‍ സിപിഐ എം സംസ്ഥാനകമ്മിറ്റി യോഗം തീരുമാനിച്ചു. നാടിന് ഭാരമായ യുഡിഎഫ് ഭരണത്തിന് കനത്ത പ്രഹരമേല്‍പ്പിക്കാന്‍ ഉപതെരഞ്ഞെടുപ്പ് അവസരമാക്കും. രാഷ്ട്രീയസദാചാരം കാറ്റില്‍പറത്തി, കൂറുമാറ്റരാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ അധാര്‍മികരാഷ്ട്രീയത്തിനെതിരെ ജനങ്ങളെ അണിനിരത്തിപ്രവര്‍ത്തിക്കാനും യോഗം തീരുമാനിച്ചു. സംസ്ഥാനസെക്രട്ടറി പിണറായി വിജയനും പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ വിശദീകരിച്ചു.
ആര്‍എസ്എസ്-ബിജെപി ക്രിമിനല്‍ സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പൂക്കോട്കാവ് വില്ലേജ് കമ്മിറ്റി അംഗം വിനീഷിന്റെ വേര്‍പാടില്‍ സംസ്ഥാന കമ്മിറ്റി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുകയും കൊലപാതകത്തില്‍ പ്രതിഷേധിക്കുകയുംചെയ്തു. പാര്‍ടി മുന്‍ കേന്ദ്രകമ്മിറ്റി അംഗം, തമിഴ്നാട് എംഎല്‍എ, തമിഴ്നാട് സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന എന്‍ വരദരാജന്റെയും സിപിഐ സംസ്ഥാനസെക്രട്ടറിയും അഖിലേന്ത്യാ കിസാന്‍സഭാ പ്രസിഡന്റുമായിരുന്ന സി കെ ചന്ദ്രപ്പന്റെയും നിര്യാണത്തില്‍ യോഗം അനുശോചിച്ചു. പുന്നപ്ര-വയലാര്‍ സമരസേനാനിയും പാര്‍ടി മുന്‍ ആലപ്പുഴ ജില്ലാകമ്മിറ്റി അംഗവും മുന്‍ എംഎല്‍എയുമായിരുന്ന എസ് ദാമോദരന്‍, തലശ്ശേരി നഗരസഭ മുന്‍ ചെയര്‍മാനും പാര്‍ടി തലശ്ശേരി ഏരിയാകമ്മിറ്റി അംഗവുമായ കെ പി രവീന്ദ്രന്‍, പാര്‍ടി കോട്ടയം ഏരിയാകമ്മിറ്റി അംഗവും പുരോഗമനകലാസാഹിത്യസംഘം കോട്ടയം ജില്ലാ സെക്രട്ടറിയും പ്രമുഖ സാഹിത്യ-സാംസ്കാരിക പ്രവര്‍ത്തകനുമായ പാലിത്ര നാരായണന്‍, പാര്‍ടി എടപ്പാള്‍ ഏരിയാകമ്മിറ്റി അംഗം പുല്‍പ്പാക്കര പത്മനാഭന്‍, മുനയന്‍കുന്ന് സമരസേനാനി കെ വി കൃഷ്ണന്‍, കോടപ്പള്ളി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍വാസമനുഷ്ഠിച്ച ഒഞ്ചിയത്തെ രാമന്‍വൈദ്യര്‍, മാഹി വിമോചനപ്പോരാളി കക്കാടന്‍ പത്മനാഭന്‍മാസ്റ്റര്‍, സിനിമാ നടന്‍ ജോസ് പ്രകാശ്, തിരക്കഥാകൃത്ത് ടി ദാമോദരന്‍, സംസ്കൃതപണ്ഡിതന്‍ എം എച്ച് ശാസ്ത്രികള്‍, എന്‍ജിഒ യൂണിയന്‍ സ്ഥാപക നേതാവും ജോയിന്റ് കൗണ്‍സിലിന്റെ മുന്‍ ചെയര്‍മാനുമായിരുന്ന ഇ ജെ ഫ്രാന്‍സിസ് എന്നിവരുടെ നിര്യാണത്തിലും യോഗം അനുശോചിച്ചു.
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് രൂപീകരിച്ചു
മൂന്നു പേരെ പുതുതായി ഉള്‍പ്പെടുത്തി 15 അംഗ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് രൂപീകരിച്ചു. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ എ കെ ജി സെന്ററില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗമാണ് സെക്രട്ടറിയറ്റ് അംഗങ്ങളെ തെരഞ്ഞെടുത്തത്. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍ പിള്ള, എം എ ബേബി എന്നിവര്‍ പങ്കെടുത്തു. പി കെ ശ്രീമതി, എളമരം കരീം, ബേബി ജോണ്‍ എന്നിവരാണ് പുതിയ അംഗങ്ങള്‍.
വി എസ് അച്യുതാനന്ദന്‍, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, പി കരുണാകരന്‍, പി കെ ഗുരുദാസന്‍, ഇ പി ജയരാജന്‍, തോമസ് ഐസക്, വൈക്കം വിശ്വന്‍, വി വി ദക്ഷിണാമൂര്‍ത്തി, എ കെ ബാലന്‍, എം വി ഗോവിന്ദന്‍, ആനത്തലവട്ടം ആനന്ദന്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സെക്രട്ടറിയറ്റ് അംഗങ്ങളുടെ പട്ടിക യോഗത്തില്‍ അവതരിപ്പിച്ചു. പൊളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ എം എ ബേബിയും കേന്ദ്രകമ്മിറ്റി അംഗമായതിനാല്‍ പാലോളി മുഹമ്മദ് കുട്ടിയും ശാരീരിക അവശതകാരണം ടി ശിവദാസമേനോനും സെക്രട്ടറിയറ്റില്‍നിന്ന് ഒഴിവായി. ഈ ഒഴിവിലേക്കാണ് പുതിയ മൂന്നുപേരെ തെരഞ്ഞെടുത്തത്. പേജ് 5 കാണുക
സെക്രട്ടറിയറ്റില്‍ പുതുതായി മൂന്നുപേര്‍
വര്‍ഗ-ബഹുജന സംഘടനാ പ്രവര്‍ത്തനങ്ങളിലും ഭരണ രംഗത്തും കരുത്തും കഴിവും തെളിയിച്ച മൂന്നുപേര്‍കൂടി സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റില്‍. പി കെ ശ്രീമതി, എളമരം കരീം, ബേബി ജോണ്‍ എന്നിവരാണ് പുതിയ അംഗങ്ങള്‍.
യുവജന-മഹിളാപ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തിയ പി കെ ശ്രീമതി സ്ത്രീകളുടെ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയാണ് നേതൃനിരയിലേക്ക് ഉയര്‍ന്നത്. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗംകൂടിയായ ശ്രീമതി ഭരണരംഗത്തും കഴിവ് തെളിയിച്ചു. കണ്ണൂര്‍ ജില്ലാകൗണ്‍സില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രഥമ പ്രസിഡന്റ്, ആരോഗ്യമന്ത്രി എന്നീ നിലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. തകര്‍ന്നടിഞ്ഞ പൊതുജനാരോഗ്യ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് പകര്‍ന്ന കാലമായിരുന്നു ശ്രീമതി ആരോഗ്യ മന്ത്രിയായ 2006-11. 2001ലും 2006ലും പയ്യന്നൂര്‍ മണ്ഡലത്തെ പ്രതിനിധാനംചെയ്ത് നിയമസഭാംഗമായി. കെഎസ്വൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ, ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, ജനാധിപത്യ മഹിളാ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1997ല്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായും കൊല്‍ക്കത്തയില്‍ നടന്ന 16-ാം പാര്‍ടി കോണ്‍ഗ്രസില്‍ കേന്ദ്രകമ്മിറ്റി അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. "സ്ത്രീശബ്ദം" മാസികയുടെ ചീഫ് എഡിറ്ററുമായിരുന്നു. കയരളത്തെ ടി കേളപ്പന്‍ മാസ്റ്ററുടെയും പി കെ മീനാക്ഷി ടീച്ചറുടെയും മകളാണ്. നെരുവമ്പ്രം യുപി സ്കൂള്‍ പ്രധാനാധ്യാപികയായിരുന്നു. 2003ല്‍ പാര്‍ടി നിര്‍ദേശപ്രകാരം സര്‍വീസില്‍നിന്ന് സ്വയം വിരമിച്ചു. ഭര്‍ത്താവ് മാടായി ഹൈസ്കൂള്‍ റിട്ട. അധ്യാപകന്‍ ദാമോദരന്‍ നമ്പ്യാര്‍. മകന്‍: സുധീര്‍
തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെയും മികച്ച ഭരണാധികാരിയെന്ന നിലയിലും അംഗീകാരം നേടിയെടുത്ത പൊതുപ്രവര്‍ത്തകനാണ് എളമരം കരീം. സിഐടിയു സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റി അംഗം, റോഡ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ച കരീം മികച്ച വാഗ്മിയാണ്. കെഎസ്എഫിലൂടെ രാഷ്ട്രീയ പ്രവേശനം. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിലെ കരാര്‍ തൊഴിലാളികളെ സംഘടിപ്പിച്ച് പൊതുരംഗത്ത് സജീവമായി. ഗ്രാസിം പള്‍പ്പ് ആന്‍ഡ് ഫൈബര്‍ ഡിവിഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍ പ്രസിഡന്റായിരുന്നു. 1974ല്‍ സിപിഐ എമ്മിലും സിഐടിയുവിലും അംഗമായി. മലപ്പുറം വാഴക്കാട് പഞ്ചായത്തിലെ എളമരം സ്വദേശിയായ കരീം മൂന്നുതവണ നിയമസഭാംഗമായി. 1996ല്‍ കോഴിക്കോട് രണ്ടാം മണ്ഡലത്തില്‍നിന്നും 2006ലും 2011ലും ബേപ്പൂരില്‍നിന്നും നിയമസഭയിലെത്തി. 2006-11ല്‍ വ്യവസായമന്ത്രിയായ കരീം പൊതുമേഖലാ വ്യവസായത്തെ പുനരുജ്ജീവിപ്പിച്ചു. മലപ്പുറം വാഴക്കാട് പഞ്ചായത്ത് എളമരം എടപറ്റി ഇസ്മായില്‍കുട്ടിയുടെയും ആമിനയുടെയും മകനായി 1953 ജൂലൈ ഒന്നിനായിരുന്നു ജനം. ഭാര്യ: റഹ്മത്. മക്കള്‍: പി കെ സുമി, നിമി.
ഉജ്വല പ്രഭാഷകനും ട്രേഡ്യൂണിയന്‍ നേതാവും സംഘാടകനുമായ ബേബിജോണ്‍ 1971 മുതല്‍ പാര്‍ടി അംഗമാണ്. പാലുവായ് ബ്രാഞ്ച് സെക്രട്ടറി, തൈക്കാട്, ചാവക്കാട് ലോക്കല്‍ സെക്രട്ടറി, ചാവക്കാട് ഏരിയ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1986ല്‍ ജില്ലാ കമ്മിറ്റിയംഗമായി. 2006 മുതല്‍ ജില്ലാസെക്രട്ടറി. 2011ല്‍ നിയമസഭാ തെരഞ്ഞടുപ്പില്‍ മണലൂര്‍ മണ്ഡലത്തില്‍ മത്സരിക്കാനായി സെക്രട്ടറിസ്ഥാനം ഒഴിഞ്ഞു. അടിയന്തരാവസ്ഥയില്‍ രണ്ടരമാസം ജയിലിലായിരുന്നു. 1975ലെ സ്വാതന്ത്ര്യദിനത്തില്‍ കരിങ്കൊടി കെട്ടാന്‍ ശ്രമിച്ചതിന് കൊടിയ പൊലീസ് മര്‍ദനമേറ്റു. തൈക്കാട് പഞ്ചായത്തിലെ ബ്ലാങ്ങാട് പിവിഎംഎല്‍പി സ്കൂളില്‍ അധ്യാപകനായിരുന്നു. പൊലീസ് നടപടികളെത്തുടര്‍ന്ന് ഒന്നരകൊല്ലം സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. 1991ല്‍ സര്‍വീസില്‍നിന്ന് സ്വയം വിരമിച്ച് മുഴുവന്‍സമയ രാഷ്ട്രീയപ്രവര്‍ത്തകനായി. ചാവക്കാട് നഗരസഭാ കൗണ്‍സിലറും ആദ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായിരുന്നു. ചാവക്കാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കള്ളുവ്യവസായ ക്ഷേമനിധി ബോര്‍ഡ് അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. മണലൂര്‍ തൈക്കാട് ചക്രമാക്കില്‍ അന്തോണിയുടെയും മേരിയുടെയും മകനായി 1952ലാണ് ജനം. ഭാര്യ: ഷീല. മാനവന്‍ (ദേശാഭിമാനി), ഹിമവാന്‍ (ചാവക്കാട് സര്‍വീസ് സഹകരണ ബാങ്ക്), അംഗന (അയ്യന്തോള്‍ സഹകരണബാങ്ക് )എന്നിവരാണ് മക്കള്‍.
deshabhimani 190412
Labels:
നെയ്യാറ്റിന്‍കര,
രാഷ്ട്രീയം,
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment