Tuesday, April 17, 2012
പാചകവാതക ഉപയോക്താക്കളുടെ കണക്കെടുക്കുന്നു
സംസ്ഥാനത്ത് വൈദ്യുതീകരിക്കാത്ത വീടുകളില്‍ പാചകവാതകം ഉപയോഗിക്കുന്നവരുടെ കണക്കെടുക്കുന്നു. പാചകവാതക കണക്ഷന്‍ ഇല്ലാത്ത, വൈദ്യുതീകരിക്കാത്ത വീടുകള്‍ക്ക് മാത്രമായി റേഷന്‍ മണ്ണെണ്ണ വിതരണം പരിമിതപ്പെടുത്തിയ നടപടിയുടെ ഭാഗമായാണ് പുതിയ കണക്കെടുപ്പ്. ഇതുസംബന്ധിച്ച് സപ്ലൈ ഓഫീസര്‍മാര്‍ക്ക് ഉത്തരവ് നല്‍കി.
സംസ്ഥാനത്താകെ 78.5 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളാണുള്ളത്. ഇതില്‍ 20.6 ലക്ഷം ബിപിഎല്‍, എഎവൈ (അന്ത്യോദയ അന്നയോജന) വിഭാഗത്തിലുള്ളവരാണ്. വൈദ്യുതീകരിച്ച വീടുള്ള 49.6 ലക്ഷം കാര്‍ഡുടമകളും വൈദ്യുതീകരിക്കാത്ത വീടുള്ള 8.3 ലക്ഷം കാര്‍ഡുടമകളുമാണുള്ളത്. വൈദ്യുതീകരിച്ച 31,73,610 വീടുകളില്‍ പാചകവാതക കണക്ഷനുണ്ട്. വൈദ്യുതിയില്ലാത്ത വീടുകളില്‍ എത്രപേര്‍ക്ക് പാചകവാതകമുണ്ടെന്നത് സംബന്ധിച്ച് വകുപ്പിന്റെ കൈയില്‍ കണക്കില്ല. വൈദ്യുതീകരിക്കാത്ത വീടുകള്‍ക്ക് മാസത്തില്‍ അഞ്ചുലിറ്റര്‍ മണ്ണെണ്ണയാണ് ഇതുവരെ നല്‍കിയിരുന്നത്. പാചകവാതക കണക്ഷനുള്ളവര്‍ക്കും ഈ ആനുകൂല്യം ലഭിച്ചിരുന്നു. എന്നാല്‍, വൈദ്യുതിയില്ലെങ്കിലും പാചകവാതക കണക്ഷനുള്ള കുടുംബങ്ങള്‍ക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മണ്ണെണ്ണ നല്‍കേണ്ടെന്നാണ് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ കഴിഞ്ഞദിവസം ഇറക്കിയ ഉത്തരവില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കണക്കെടുപ്പ്. അതത് സപ്ലൈ ഓഫീസ് പരിധിയിലെ മുഴുവന്‍ റേഷന്‍ കാര്‍ഡും പരിശോധിച്ച് കണക്ക് തയ്യാറാക്കാനാണ് ഡയറക്ടറുടെ നിര്‍ദേശം.
എന്നാല്‍, ഇത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കാര്‍ഡുടമകള്‍ റേഷന്‍കടകളില്‍ കാര്‍ഡ് ഹാജരാക്കിയാലേ ഈ കണക്കെടുപ്പ് സാധ്യമാകൂ. കടയുടമകളുടെ സഹായത്തോടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കാനാണ് സിവില്‍സപ്ലൈസ് അധികൃതരുടെ നീക്കം. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുവദിച്ചിരുന്ന മണ്ണെണ്ണയില്‍ ഗണ്യമായ കുറവ് വരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് മണ്ണെണ്ണ വിതരണം വെട്ടിക്കുറച്ചതെന്നാണ് സിവില്‍ സപ്ലൈസ് വകുപ്പ് അധികൃതരുടെ വാദം. എന്നാല്‍, പൊതുവിതരണ സമ്പ്രദായം അട്ടിമറിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് റേഷന്‍കട ഉടമകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതോടെ പൊതുവിതരണ സമ്പ്രദായം ഇല്ലാതാകുമെന്ന ആശങ്ക നിലവിലുണ്ട്. റേഷന്‍ സമ്പ്രദായം നിര്‍ത്തലാക്കി ഭക്ഷ്യ കൂപ്പണുകള്‍ നല്‍കാനാണ് ബില്ലിലെ വ്യവസ്ഥ. ബില്ല് നിയമമാകുന്നതിന്റെ മുന്നൊരുക്കമായാണ് റേഷന്‍ സാധനങ്ങള്‍ ഒന്നൊന്നായി വെട്ടിക്കുറയ്ക്കുന്നതെന്നാണ് ആക്ഷേപം.
(സി പ്രജോഷ്കുമാര്‍)
deshabhimani 170412
Subscribe to:
Post Comments (Atom)
സംസ്ഥാനത്ത് വൈദ്യുതീകരിക്കാത്ത വീടുകളില്‍ പാചകവാതകം ഉപയോഗിക്കുന്നവരുടെ കണക്കെടുക്കുന്നു. പാചകവാതക കണക്ഷന്‍ ഇല്ലാത്ത, വൈദ്യുതീകരിക്കാത്ത വീടുകള്‍ക്ക് മാത്രമായി റേഷന്‍ മണ്ണെണ്ണ വിതരണം പരിമിതപ്പെടുത്തിയ നടപടിയുടെ ഭാഗമായാണ് പുതിയ കണക്കെടുപ്പ്. ഇതുസംബന്ധിച്ച് സപ്ലൈ ഓഫീസര്‍മാര്‍ക്ക് ഉത്തരവ് നല്‍കി.
ReplyDelete