Thursday, February 21, 2013
കേരളത്തില്‍ അണിചേര്‍ന്നത് 1.29 കോടി തൊഴിലാളികള്‍
ഇത് ചരിത്രത്തില്‍ തങ്കലിപിയില്‍ രേഖപ്പെടുത്തിയ നാളുകള്‍. രാജ്യം കണ്ട ഏറ്റവും വലിയ തൊഴിലാളി മുന്നേറ്റത്തിന്റെ ഭാഗമായ ദ്വിദിന പണിമുടക്കില്‍ കേരളത്തില്‍ അണിചേര്‍ന്നത് 1.29 കോടി തൊഴിലാളികള്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, ബാങ്ക്, ഇന്‍ഷുറന്‍സ്, ടെലികോം, തപാല്‍ മേഖലകളിലെ ജീവനക്കാര്‍, തുറമുഖം, വിമാനത്താവളം, ഫാക്ടറി മേഖലകളിലെ തൊഴിലാളികള്‍, അസംഘടിത മേഖലയിലെയും പരമ്പരാഗത വ്യവസായങ്ങളിലെയും തൊഴിലാളികള്‍, കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, തൊഴിലുറപ്പു പദ്ധതിയിലെ തൊഴിലാളികള്‍, വീട്ടുജോലിയെടുക്കുന്നവര്‍, ചെറുകിട വ്യാപാരികള്‍ ഉള്‍പ്പെടെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളൊന്നാകെ പണിമുടക്കില്‍ അണിചേര്‍ന്നു. വ്യാഴാഴ്ചയും സംസ്ഥാനത്ത് ബന്ദിന്റെ അവസ്ഥയായിരുന്നു. തൊഴിലെടുക്കുന്നവരില്‍ ഒരു ശതമാനംപോലും ജോലിക്കെത്തിയില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു.
എയ്ഡഡ്-അണ്‍എയ്ഡഡ് മേഖലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളൊന്നും പ്രവര്‍ത്തിച്ചില്ല. ഡയസ്നോണ്‍ ഏര്‍പ്പെടുത്തിയിട്ടും സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍നില കുറവായിരുന്നു. പണിമുടക്കില്‍നിന്നു വിട്ടുനില്‍ക്കണമെന്ന് ഭരണാനുകൂല സര്‍വീസ് സംഘടനാ നേതാക്കള്‍ ആഹ്വാനം ചെയ്തിരുന്നെങ്കിലും ജീവനക്കാര്‍ അത് തള്ളി പണിമുടക്ക് സമ്പൂര്‍ണ വിജയമാക്കി. ബാങ്കുകളും തപാല്‍ ഓഫീസുകളും ടെലികോം ഓഫീസുകളുമൊന്നും പ്രവര്‍ത്തിച്ചില്ല. ഐടി വ്യവസായമേഖലയെയും പ്രത്യേക സാമ്പത്തികമേഖലയെയും പണിമുടക്ക് ബാധിച്ചു. തുറമുഖങ്ങളും കേന്ദ്ര-സംസ്ഥാന പൊതുമേഖലാ-സ്വകാര്യ വ്യവസായ സ്ഥാപനങ്ങളൊന്നും പ്രവര്‍ത്തിച്ചില്ല. വ്യവസായ പാര്‍ക്കുകളും നിശ്ചലമായി. കെഎസ്ആര്‍ടിസി-സ്വകാര്യ ബസ്, കാര്‍, ലോറി, ഓട്ടോറിക്ഷ സര്‍വീസുകള്‍ മുടങ്ങി. പെട്രോള്‍ പമ്പുകളും സിനിമാ തിയറ്ററുകളും അടഞ്ഞുകിടന്നു. അന്തര്‍ സംസ്ഥാന ലക്ഷ്വറി ബസ് സര്‍വീസുകളും നിരത്തിലിറക്കിയില്ല. സ്വകാര്യവാഹനങ്ങളും നിരത്തില്‍നിന്ന് ഒഴിവാക്കി ജനങ്ങളാകെ പണിമുടക്കിനെ നെഞ്ചേറ്റി. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. കക്ഷി വ്യത്യാസമില്ലാതെ മുഴുവന്‍ കേന്ദ്ര-സംസ്ഥാന തൊഴിലാളി സംഘടനകളും പങ്കെടുത്തു. ട്രേഡ് യൂണിയനുകളുമായി അഫിലിയേഷന്‍ ഇല്ലാത്ത സ്വതന്ത്ര സംഘടനകളും അണിചേര്‍ന്നു. തൊഴിലാളികളും ജീവനക്കാരും വിവിധ കേന്ദ്രങ്ങളില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
തിരുവനന്തപുരത്ത് പാളയത്തുനിന്ന് ആരംഭിച്ച പ്രകടനം സെക്രട്ടറിയറ്റ് പടിക്കല്‍ സമാപിച്ചു. തുടര്‍ന്ന് ചേര്‍ന്ന യോഗത്തില്‍ സിഐടിയു അഖിലേന്ത്യാ സെക്രട്ടറി പി കെ ഗുരുദാസന്‍ അധ്യക്ഷനായി. സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനംചെയ്തു. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍, ജനറല്‍ സെക്രട്ടറി എളമരം കരീം, എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍, ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം എസ് കരുണാകരന്‍, എച്ച്എംഎസ് കേന്ദ്ര കമ്മിറ്റി അംഗം സി പി ജോണ്‍, എസ്ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ജി മാഹീന്‍ അബൂബക്കര്‍, കെടിയുസി വര്‍ക്കിങ് പ്രസിഡന്റ് വി സുരേന്ദ്രന്‍പിള്ള, ഐഎന്‍എല്‍സി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍, എസ്ഇഡബ്ല്യുഎ സംസ്ഥാന പ്രസിഡന്റ് സോണിയ ജോര്‍ജ്, ജി എസ് പത്മകുമാര്‍ (എഐയുടിയുസി), ടി പി ദാസന്‍ (ടിയുസിഐ), എ പി അനില്‍കുമാര്‍ (ടിയുസിസി) തുടങ്ങിയവര്‍ സംസാരിച്ചു. പണിമുടക്ക് വന്‍ വിജയമാക്കിയ തൊഴിലാളികളെയും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ജനങ്ങളെയും സിഐടിയു സംസ്ഥാന സെക്രട്ടറിയറ്റ് അഭിവാദ്യംചെയ്തു.
നഷ്ടക്കണക്ക് തൊഴിലാളിക്കുമേല്‍ കെട്ടിവയ്ക്കേണ്ട: എളമരം
തിരു: രാജ്യത്തിനുണ്ടായ സാമ്പത്തികനഷ്ടത്തിന്റെ കണക്ക് പണിമുടക്കിയ തൊഴിലാളികള്‍ക്കുമേല്‍ കെട്ടിവയ്ക്കാനുള്ള വ്യവസായികളുടെ സംഘടനകളുടെയും കേന്ദ്രസര്‍ക്കാരിന്റെയും ശ്രമം വിലപ്പോകില്ലെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംഎല്‍എ പറഞ്ഞു.
ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടിയാണ് തൊഴിലാളികള്‍ സമരംചെയ്യുന്നത്. ഇവരുടെ സങ്കടം കാണാന്‍ മുതലാളിമാര്‍ക്ക് കഴിയുന്നില്ല. പണിമുടക്കിയ തൊഴിലാളികള്‍ നടത്തിയ പ്രകടനത്തിനുശേഷം പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തികവളര്‍ച്ച കണക്കിലെടുത്ത് പണിമുടക്ക് ഒഴിവാക്കണമെന്നാണ് മുതലാളിമാരുടെ സംഘടനകള്‍ ആവശ്യപ്പെടുന്നത്. തങ്ങളുടെ ജീവന്‍ നിലര്‍ത്താനുള്ള സമരത്തില്‍ വിവിധ ഘട്ടങ്ങളില്‍ തൊഴിലാളികള്‍ കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. 2012 ഫെബ്രുവരിയില്‍ ഒരു ദിവസത്തെ പണിമുടക്ക് നടത്തി. 2012 സെപ്തംബറില്‍ ട്രേഡ് യൂണിയനുകളുടെ കണ്‍വന്‍ഷന്‍ ചേര്‍ന്ന് ദ്വിദിന പണിമുടക്കിന് തീരുമാനിച്ചു. തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് ആറു മാസത്തോളം സമയവും നല്‍കി. ഇക്കാലത്തൊന്നും ഒരു മുതലാളിമാരുടെ ഒരു സംഘടനയെയും രംഗത്തു കണ്ടില്ല. ഇവര്‍ക്ക് തൊഴിലാളികളുടെ ആവശ്യങ്ങള്‍ കേള്‍ക്കാനുള്ള മനസ്സുണ്ടായില്ലെന്നും എളമരം കരീം പറഞ്ഞു.
deshabhimani 220213
Labels:
ട്രേഡ് യൂണിയന്,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
No comments:
Post a Comment