Monday, February 18, 2013

സുധാകരന്റെ ആഭാസ പ്രതികരണം വീണ്ടും


മസ്കത്ത്: സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരെ കെ സുധാകരന്‍ എം പി ആഭാസപ്രതികരണം ആവര്‍ത്തിച്ചു. മസ്കത്തില്‍ ശനിയാഴ്ച നടത്തിയ വിവാദ പ്രസ്താവനയ്ക്കെതിരെ സംസ്ഥാനമാകെ പ്രതിഷേധമുയര്‍ന്നപ്പോഴാണ് തന്റെ പ്രസ്താവനയില്‍ഉറച്ചുനില്‍ക്കുന്നുവെന്ന് പറഞ്ഞ് വീണ്ടും പെണ്‍കുട്ടിക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്. വയസ് പതിനാറാണെങ്കിലും സമ്മതത്തോടെ പുരുഷനോടൊപ്പം പോയാല്‍ ബലാല്‍സംഗമല്ലെന്ന് സുധാകരന്‍ പറഞ്ഞു. സുര്യനെല്ലി കേസില്‍ മാത്രമല്ല, പല പീഡനക്കേസിലും ഇതുതന്നെയാണ് നടക്കുന്നത്. ബലാല്‍സംഗവും വേശ്യാവൃത്തിയും രണ്ടും രണ്ടാണ്. കുര്യനും കുടുംബമുണ്ട്. 17 വര്‍ഷമായി അവരെ പീഡിപ്പിക്കുന്നു. വാണിജ്യ നികുതി വകുപ്പില്‍ ക്രമക്കേട് നടത്തിയവളാണ് ഇപ്പോള്‍ കുര്യനെതിരെ തിരിഞ്ഞിരിക്കുന്നതെന്നും മസ്കത്തില്‍ സ്വകാര്യ സന്ദര്‍ശനം നടത്തുന്ന സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. പെണ്‍കുട്ടിയുടെ ജീവചരിത്രം എല്ലാവര്‍ക്കും അറിയാമെന്നും വ്യഭിചാരത്തിന് പണവും പാരിതോഷികവും വാങ്ങിയ ശേഷം ചാനലുകള്‍ക്ക് മുമ്പില്‍ എല്ലാം വിളിച്ചുപറയുകയാണെന്നുമാണ് സുധാകരന്‍ ശനിയാഴ്ച പറഞ്ഞത്.

സുധാകരനെതിരെ നിയമനടപടി സ്വകരിക്കുമെന്ന് പെണ്‍കുട്ടിയുടെ പിതാവ്

കോട്ടയം: സൂര്യനെല്ലി പെണ്‍കുട്ടിയെക്കുറിച്ച് അപമാനകരമായ പരാമര്‍ശം നടത്തിയ കെ സുധാകരന്‍ എംപിയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പെണ്‍കുട്ടിയുടെ പിതാവ് ദേശാഭിമാനിയോട് പറഞ്ഞു. വര്‍ഷങ്ങളായി കടുത്ത മാനസിക ദു:ഖം അനുഭവിച്ച് ജീവിക്കുന്ന തങ്ങള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ് സുധാകരന്റെ വെളിപ്പെടുത്തലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൂര്യനെല്ലി പെണ്‍കുട്ടിയെക്കുറിച്ച് ജസ്റ്റിസ് ബസന്ത് പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്നും നാട് നീളെ വ്യഭിചരിച്ച് നടന്നയാളാണ് സൂര്യനെല്ലി പെണ്‍കുട്ടിയെന്നുമാണ് സുധാകരന്‍ കഴിഞ്ഞ ദിവസം മസ്കറ്റില്‍ നടന്ന ഒരു പരിപാടിയില്‍ പറഞ്ഞത്.

സ്ത്രീ സമൂഹത്തിനാകെ അപമാനകരമായ പ്രസ്താവ നടത്തിയ കെ സുധാകരന്‍ എംപി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് എഐസിസി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചു. സുധാകരന്റെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമാണെന്നും സുധാകരന്‍ വിവാദ പ്രസ്താവന പിന്‍വലിക്കണമെന്നും മഹിള കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണയും അഭിപ്രായപ്പെട്ടു.

സുധാകരന്റെ നിലപാട് മനുഷ്യത്വരഹിതം: പിണറായി

കുമളി: ഹതഭാഗ്യയായ പെണ്‍കുട്ടിയെ ആക്രമിച്ച് മാനസികമായി തളര്‍ത്തുകയാണ് സുധാകരന്റെ ലക്ഷ്യമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇത് മനുഷ്യത്വരഹിതമാണ്. ഇതിനെതിരെ എല്ലാവരും ശക്തമായി രംഗത്ത് വരണമെന്നും പിണറായി അഭ്യര്‍ഥിച്ചു. ഡിവൈഎഫ്ഐ ഇടുക്കി ജില്ലാ സമ്മേളന പൊതുസമ്മേളനം കുമളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്കാര ശൂന്യര്‍ക്ക് മാത്രമേ ഇത്തരം ഭാഷ ഉപയോഗിക്കാനാവൂ. സുധാകരന്റെ വെളിപ്പെടുത്തലോടെ പി ജെ കുര്യന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് സംശയമൊന്നും ഇല്ലാതായി. ഇവിടെ പറയാന്‍ ധൈര്യമില്ലാത്തതുകൊണ്ടാണ് സുധാകരന്‍ മസ്കത്തില്‍ പോയി പറഞ്ഞത്. ഇതിലും മോശമായ പ്രയോഗം നടത്തുന്നയാളാണ് സുധാകരന്‍. ഇങ്ങനെയുള്ളവരെ രംഗത്തിറക്കുന്ന കോണ്‍ഗ്രസ് ഇതിന് മറുപടി പറയണം. സ്ത്രീത്വത്തെ തന്നെയാണ് സുധാകരന്‍ അപമാനിക്കുന്നത്- പിണറായി പറഞ്ഞു.

സുധാകരന്‍ സംസ്കാരശൂന്യനെന്ന് വിഎസ്

തിരു: സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരെ വൃത്തികെട്ട പ്രസ്താവന നടത്തിയ കെ സുധാകരന്‍ സംസ്കാരശൂന്യനാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഒര് പാര്‍ലമെന്റ ് അംഗത്തിന് ചേര്‍ന്നതല്ല സുധാകരന്റെ വാക്കുകളെന്നും പെണ്‍മക്കളില്ലാത്തതുകൊണ്ടാണ് സുധാകരനില്‍ നിന്നും ഇത്തരം പ്രസ്താവനകള്‍ വരുന്നതെന്നും വി എസ് കൂട്ടിച്ചേര്‍ത്തു.

deshabhimani

No comments:

Post a Comment