Sunday, February 17, 2013
കേന്ദ്രസര്‍ക്കാര്‍ ആര്‍എസ്എസ് വികാരത്തോടൊപ്പം: പിണറായി
ഇടുക്കി: ആര്‍എസ്എസ് മുന്നോട്ടുവെക്കുന്ന വികാരത്തോടൊപ്പമാണ് കേന്ദ്രസര്‍ക്കാരെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഭീകരാക്രമണങ്ങളെ ആര്‍എസ്എസ് ശൈലിയില്‍ നേരിടുന്നത് ശരിയല്ല. ഭൂരിപക്ഷ ഭീകരതയെയും ന്യൂനപക്ഷ ഭീകരതയെയും എതിര്‍ത്ത് തോല്‍പ്പിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ ആര്‍എസ്എസിനെ പിണക്കാതിരിക്കാന്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെപ്പോലും രണ്ട് തരത്തിലാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്. പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതിയെ തൂക്കിക്കൊന്നപ്പോള്‍ സംഭവം നടന്നശേഷമാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. പ്രതിയെ തൂക്കിലേറ്റുംമുന്‍പ് അയാളുടെ കുടുംബത്തെ വിവരമറിയിക്കണമെന്ന ചട്ടം നിലവിലുണ്ട്. മുന്‍കൂട്ടി വിവരം കൊടുത്തെന്ന് സാങ്കേതികമായി രേഖയുണ്ടാക്കി തൂക്കിലേറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ശരിയല്ല. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ വിധി മുന്‍ഗണനാക്രമത്തില്‍ നടപ്പിലാക്കാതെ ആര്‍എസ്എസിനെ പ്രീണിപ്പിക്കായുള്ള നടപടികള്‍ മതനിരപേക്ഷ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാറിന് യോജിച്ചതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിവൈഎഫ്ഐ ഇടുക്കി ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗീയ ശക്തികളുടെ പിന്തുണ കൊണ്ടാണ് കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറാറുള്ളത്. സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരും വരെ രംഗത്തെത്തിയത് ആരും മറന്നിട്ടില്ല. നരിക്കാട്ടേരിയില്‍ മുസ്ലീം ലീഗ് നേതാവിന്റെ വീട്ടില്‍ ബോംബ് പൊട്ടി അഞ്ച് പേര്‍ മരിച്ച സംഭവത്തിന്റെ അന്വേഷണം യുഡിഎഫ് ഗവണ്‍മെന്റ് വേണ്ടെന്ന്വച്ചു. മാറാട് കലാപവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണ്ടെന്ന് കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് പറയിപ്പിച്ചു. ഇത്തരത്തില്‍ വര്‍ഗീയവാദികളെ സംരക്ഷിക്കുന്ന നിലപാടാണ് യുഡിഎഫ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തെ പിന്നോട്ട് നടത്താനും നാട്ടില്‍ വര്‍ഗീയത ശക്തിപ്പെടുത്താനും ജാതിസംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ ശ്രമം നടക്കുന്നുണ്ട്. ഇതിനെയെല്ലാം ഡിവൈഎഫ്ഐയെപ്പോലുള്ള യുവജന സംഘടനകള്‍ എതിര്‍ത്ത് തോല്‍പ്പിക്കണം.
സ്ത്രീ സുരക്ഷ സമൂഹം ഒന്നാകെ ഏറ്റെടുക്കേണ്ട വിഷയമാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. പി ജെ കുര്യനെതിരെ പുതിയ വെളിപ്പെടുത്തലുണ്ടായിട്ടും സൂര്യനെല്ലിക്കേസില്‍ പുനരന്വേഷണം നടത്താന്‍ തയ്യാറാകാത്ത നടപടി സര്‍ക്കാരിന്റെ ഇരട്ടത്താപ്പിന് തെളിവാണ്. സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരെ കെ സുധാകരനെപ്പോലുള്ളവരെ ഇറക്കിവിട്ട് അപവാദം പറഞ്ഞാല്‍ കേസ് തേച്ച്മാച്ച് കളയാന്‍ കഴിയുമെന്ന് ആരും കരുതേണ്ട. സ്ത്രീത്വത്തെ മൊത്തത്തില്‍ അപമാനിക്കുന്ന പ്രസ്താവനയാണ് സുധാകരന്‍ നടത്തിയത്. പതിനേഴ് വര്‍ഷത്തിലധികമായി മാനസിക സംഘര്‍ഷമനുഭവിക്കുന്ന കുട്ടിയെക്കുറിച്ച് അപവാദ പ്രചരണം നടത്തുന്നത് മനുഷ്യത്വമല്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
deshabhimani
Labels:
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
No comments:
Post a Comment