Wednesday, February 20, 2013

വൈദ്യുതി ബോര്‍ഡ് സ്വകാര്യവല്‍ക്കരിക്കില്ല: ആര്യാടന്‍


വൈദ്യുതിബോര്‍ഡ് ഒരു കാരണവശാലും സ്വകാര്യവല്‍ക്കരിക്കില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയെ അറിയിച്ചു. സ്വകാര്യവല്‍ക്കരിച്ചാലേ കേന്ദ്രപദ്ധതി അടിസ്ഥാനത്തിലുള്ള സഹായം ലഭിക്കുകയുള്ളൂവെങ്കില്‍ അത് വേണ്ടെന്നു പറയാന്‍ സര്‍ക്കാരിന് മടിയില്ലെന്നും അദ്ദേഹം പറഞ്ഞു. എ കെ ബാലന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. കെഎസ്ഇബിയെ സ്വകാര്യവല്‍ക്കരിക്കാന്‍ ശ്രമിച്ചാല്‍ വഴങ്ങില്ലെന്ന മന്ത്രിയുടെ നിലപാടിന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പിന്തുണ പ്രഖ്യാപിച്ചു. മന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഇറങ്ങിപ്പോക്ക് ഒഴിവാക്കുകയാണെന്നും വി എസ് അറിയിച്ചു.

ഈ സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതിബോര്‍ഡിന്റെ ഒരു ഓഹരിപോലും വില്‍ക്കില്ലെന്ന് മന്ത്രി ഉറപ്പുനല്‍കി. വൈദ്യുതിമന്ത്രിമാരുടെ യോഗത്തില്‍ വിതരണം കാര്യക്ഷമമാക്കാന്‍ ഫ്രാഞ്ചൈസി സംവിധാനമോ, പൊതു-സ്വകാര്യ പങ്കാളിത്തമോ മറ്റേതെങ്കിലും മാതൃകകളോ സ്വീകരിക്കാനാണ് നിര്‍ദേശം വന്നത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള കത്താണ് ലഭിച്ചത്. കത്തില്‍ പറഞ്ഞിട്ടുള്ള മറ്റു മാര്‍ഗങ്ങളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്. വൈദ്യുതി വാങ്ങാന്‍പോലും നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് കെഎസ്ഇബി. പ്രതിമാസം ബോര്‍ഡിന്റെ വരുമാനം 700 കോടിയാണെങ്കില്‍ വൈദ്യുതി വാങ്ങാന്‍മാത്രം 770 കോടി വേണം. ശമ്പളം ഉള്‍പ്പെടെയുള്ള ചെലവുകള്‍ പുറമെയാണ്. പ്രതിമാസം 200 കോടിയുടെ നഷ്ടത്തിലാണ് ബോര്‍ഡ് പോകുന്നത്. ഈ സാഹചര്യത്തിലാണ് 2640 കോടിയുടെ സഹായം പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ നല്‍കുന്നത്. ഇതില്‍ 50 ശതമാനത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് നല്‍കിയാല്‍ 25 ശതമാനം കേന്ദ്രം ഗ്രാന്റായി നല്‍കും. പ്രസരണവിതരണ നഷ്ടം 15 ശതമാനത്തില്‍നിന്ന് താഴെയാക്കിയാല്‍ ഓരോ ശതമാനത്തിനും ഗ്രാന്റ് കിട്ടും.നാലു ശതമാനംവരെ പ്രസരണനഷ്ടം കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. ഈ ഫണ്ട് ഉപയോഗിച്ച് ബോര്‍ഡിന് മുന്നോട്ടുപോകാനാകും. എന്നാല്‍, അതിനായി ബോര്‍ഡിനെ സ്വകാര്യവല്‍ക്കരിക്കാമെന്നു പറഞ്ഞിട്ടില്ല. താരിഫ് എല്ലാ വര്‍ഷവും പുതുക്കണമെന്നത് കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമീഷന്റെ ഉത്തരവാണ്. നിയമപരമായി അത് ചെയ്തേ കഴിയൂ. അതിന്റെ അടിസ്ഥാനത്തിലാണ് റെഗുലേറ്ററി കമീഷന് താരിഫ് പെറ്റീഷന്‍ നല്‍കിയത്. എന്നാല്‍, അത് വര്‍ധിപ്പിക്കണമോ വേണ്ടയോ എന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, വൈദ്യുതിവിതരണം സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടി സ്വീകരിച്ചശേഷം സര്‍ക്കാര്‍ കള്ളക്കളി നടത്തുകയാണെന്ന് എ കെ ബാലന്‍ ആരോപിച്ചു. കടം വരുത്തിയ കമ്പനികളെ സഹായിക്കാന്‍ കേന്ദ്രത്തിന്റെ തന്ത്രമാണ് ഈ നടപടി. കേന്ദ്രം അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യവല്‍ക്കരണനടപടികള്‍ സ്വീകരിച്ചാല്‍ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാകുമെന്ന ബോര്‍ഡിന്റെ മുന്നറിയിപ്പ് മറികടന്നാണ് എല്ലാ വ്യവസ്ഥകളും അംഗീകരിക്കുന്നെന്ന് വ്യക്തമാക്കി ഊര്‍ജ സെക്രട്ടറി കത്തയച്ചത്. ഇതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഡിസംബര്‍ 31ന് മുമ്പ് താരിഫ് പെറ്റീഷന്‍ നല്‍കിയത്. ഇത്തരത്തില്‍ സ്വകാര്യവല്‍ക്കരിച്ചാല്‍ ലഭിക്കാവുന്ന പരമാവധി തുക 330 കോടി മാത്രമാണ്. അതിനും പ്രസരണ നഷ്ടം 15 ശതമാനത്തില്‍നിന്ന് കുറയ്ക്കണം. എത്ര ശ്രമിച്ചാലും രണ്ടു ശതമാനത്തില്‍ കൂടുതല്‍ ഇത് കുറയ്ക്കാനാകില്ല. അങ്ങനെ വരുമ്പോള്‍ ലഭിക്കുന്നത് വെറും 133 കോടി രൂപമാത്രമായിരിക്കും. ഇതിനായി കെഎസ്ഇബിയെ സ്വകാര്യവല്‍ക്കരിക്കേണ്ടതുണ്ടോയെന്ന് ചിന്തിക്കണം. പൊതുമേഖലയില്‍ ഒറ്റക്കമ്പനിയായി നില്‍ക്കുന്ന വൈദ്യുതിബോര്‍ഡിനെ ഒരുകാരണവശാലും സ്വകാര്യവല്‍ക്കരിക്കാനാകില്ല. അതുകൊണ്ടാണ് ഈ വളഞ്ഞവഴി സ്വീകരിക്കുന്നത്. ആ വളഞ്ഞവഴിക്ക് ഒരു ഭേദഗതിയും നിര്‍ദേശിക്കാതെ എല്ലാ വ്യവസ്ഥകളും അംഗീകരിച്ച ഏക സംസ്ഥാനമാണ് കേരളം. കേന്ദ്രനീക്കം രാജ്യദ്രോഹവും ജനാധിപത്യവിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 200213

No comments:

Post a Comment