Tuesday, February 19, 2013
മന്ത്രി അബ്ദുറബ്ബ് ഉത്തരവ് ഇറക്കിയത് പൊതുവിദ്യാഭ്യാസ സെക്രട്ടറി അറിയാതെ
അറബിക്, ഉര്‍ദു, ഹിന്ദി ഡിപ്ലോമ കോഴ്സുകള്‍ ബിഎഡിനു തുല്യമാക്കിയ യുഡിഎഫ് സര്‍ക്കാര്‍ ഉത്തരവ് പൊതുവിദ്യാഭ്യാസ സെക്രട്ടറി അറിയാതെ. മുസ്ലിംലീഗിന്റെ രാഷ്ട്രീയതാല്‍പ്പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായ നിയമവിരുദ്ധ ഉത്തരവിന്റെ ഫയല്‍ വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിന്റെ ഓഫീസില്‍ തയ്യാറാക്കിയശേഷം പൊതുവിദ്യാഭ്യാസവകുപ്പിലെ ഉന്നതരെയൊന്നും അറിയിക്കാതെ മന്ത്രിയുടെ ആജ്ഞാനുവര്‍ത്തിയായ അണ്ടര്‍ സെക്രട്ടറിയെ വിളിച്ചുവരുത്തി ഉത്തരവിറക്കിയിരിക്കുകയായിരുന്നു. ഫെബ്രുവരി 11ന് അണ്ടര്‍ സെക്രട്ടറി ടി വിജയനാണ് ഉത്തരവില്‍ ഒപ്പുവച്ചിരിക്കുന്നത്. എന്നാല്‍, സര്‍ക്കാര്‍ ഉത്തരവ് (ജിഒ) ഇറക്കാനുള്ള അധികാരം ഇദ്ദേഹത്തിനില്ല. പൊതുവിദ്യാഭ്യാസ സെക്രട്ടറി ഇളങ്കോവന്റെ നിര്‍ദേശമുണ്ടെങ്കിലേ ഇത് സാധ്യമാകൂ. ഇളങ്കോവനോ മറ്റു സെക്രട്ടറിമാരോ അറിയാതെ ഇറക്കിയ ഉത്തരവിന് നിയമസാധുത ഇല്ല. പൊതുവിദ്യാഭ്യാസ സെക്രട്ടറി ഇത്തരം ഉത്തരവ് പുറപ്പെടുവിക്കാന്‍ അണ്ടര്‍ സെക്രട്ടറിയെ ചുമതലപ്പെടുത്താറില്ല. ഡെപ്യൂട്ടി സെക്രട്ടറിയെയാണ് നിയോഗിക്കുക. എന്നാല്‍, ഡെപ്യൂട്ടി സെക്രട്ടറിക്കും താഴെയുള്ള ഉദ്യോഗസ്ഥനെ വകുപ്പുമേധാവി അറിയാതെ സുപ്രധാന ഉത്തരവിടാന്‍ ചുമതലപ്പെടുത്തിയതുതന്നെ നിയമവിരുദ്ധമാണ്.
ഡിപ്ലോമക്കാര്‍ക്ക് ഹെഡ്മാസ്റ്ററാകാനുള്ള യോഗ്യതയില്‍ ഇളവ് വരുത്താന്‍ നേരത്തെ മന്ത്രിയുടെ ഓഫീസ് നീക്കം നടത്തിയിരുന്നു. എന്നാല്‍, നിയമപ്രശ്നങ്ങള്‍ ഉയര്‍ത്തി പൊതുവിദ്യാഭ്യാസ സെക്രട്ടറിയും വിദ്യാഭ്യാസവകുപ്പിലെ മറ്റ് ഉന്നതരും നീക്കം പരാജയപ്പെടുത്തി. തുടര്‍ന്നാണ് ഡിപ്ലോമ ബിഎഡിനു തുല്യമാക്കല്‍ ഉത്തരവ് ഇറക്കിച്ച മന്ത്രി പൊതുവിദ്യാഭ്യാസവകുപ്പിനെ കബളിപ്പിച്ചത്. ഡിപ്ലോമ കോഴ്സുകള്‍ ബിഎഡിനു തുല്യമാക്കി 110 പേരെ ഹെഡ്മാസ്റ്ററാക്കുന്ന മന്ത്രിയുടെ ചെപ്പടിവിദ്യക്കെതിരെ കെപി എസ്ടിയു നേതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇത്തരം തലതിരിഞ്ഞ പരിഷ്കാരം നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പുനല്‍കിയതായി കെപിഎസ്ടിയു പ്രസിഡന്റ് പി ഹരിഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍, വിദ്യാഭ്യാസമന്ത്രി പറയുന്നത് ഉത്തരവിറക്കിയാല്‍ നടപ്പാക്കുമെന്നുതന്നെയാണ്. വിവാദ ഉത്തരവിനെതിരെ നിയമസഭയില്‍ കെ സുരേഷ് കുറുപ്പ് ഉന്നയിച്ച ഉപക്ഷേപത്തിനുള്ള മറുപടിയില്‍ ഡിപ്ലോമക്കാരെ പ്രധാനാധ്യാപകരാക്കുന്നതില്‍ തെറ്റില്ലെന്നാണ് മന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു അബ്ദുറബ്ബിന്റെ പ്രതികരണം. മുഖ്യമന്ത്രി നിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെന്നറിയിച്ചശേഷം നിശബ്ദനായി, ഉത്തരവ് നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അവകാശപ്പെടുകയും ചെയ്തതോടെ ബിഎഡ് യോഗ്യതയുള്ള അധ്യാപകര്‍ സംസ്ഥാനത്തിന്റെ പൊതുവിദ്യാഭ്യാസമേഖലയെ രക്ഷിക്കാന്‍ നിയമയുദ്ധത്തിനു തയ്യാറെടുക്കുകയാണ്. അധ്യാപകരുടെ നിയമപോരാട്ടത്തിന് കെഎസ്ടിഎ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
(എം വി പ്രദീപ്)
deshabhimani 200213
Subscribe to:
Post Comments (Atom)
No comments:
Post a Comment