Wednesday, February 20, 2013

അമൃതയ്ക്കെതിരെ കോടതിയെ സമീപിക്കാന്‍ പ്രതികളെ പൊലീസ് സഹായിച്ചു


അസഭ്യം പറഞ്ഞവരെ അടിച്ചോടിച്ച അമൃതയ്ക്കെതിരെ കോടതി നിര്‍ദേശപ്രകാരം പൊലീസ് കേസ് റജിസ്റ്റര്‍ചെയ്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ അന്വേഷണം നിര്‍ത്തിവച്ചതിനു പിന്നാലെ പെണ്‍കുട്ടിക്കെതിരെ കേസെടുത്തത് വിവാദമായി. പ്രതിയെ അറസ്റ്റുചയ്യാതെ സ്വകാര്യ അന്യായം ഫയല്‍ചെയ്യാന്‍ മ്യൂസിയം എസ്ഐ സഹായിക്കുകയായിരുന്നു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ടി എ രാമചന്ദ്രനാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. കേസിലെ രണ്ടാം പ്രതി ഐടി അറ്റ് സ്കൂളിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്ന അനൂപ് നല്‍കിയ സ്വകാര്യ അന്യായത്തിലാണ് ഉത്തരവ്. അമൃത, അച്ഛന്‍ മോഹന്‍കുമാര്‍ കണ്ടാലറിയാവുന്ന മറ്റു മൂന്നു പേര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാനാണ് കോടതി നിര്‍ദേശം. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, അകാരണമായി തടഞ്ഞുവച്ചു, സര്‍ക്കാര്‍ വാഹനം തടഞ്ഞുവച്ചു തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് അനൂപ് കോടതിയെ സമീപിച്ചത്. ഈ പരാതിയില്‍മേല്‍ കേസെടുക്കാനാണ് കോടതി നിര്‍ദേശം. അമൃതയെ അപമാനിച്ച കേസില്‍ കോടതിയില്‍നിന്ന് ജാമ്യം നേടിയ ശേഷമാണ് അനൂപ് അഡ്വ. അനിതാസ് ജേക്കബ് മുഖേന സ്വകാര്യ അന്യായം ഫയല്‍ചെയ്തത്.

കഴിഞ്ഞ വ്യാഴാഴാഴ്ച രാത്രി പത്തോടെ നഗരത്തിലെ ബേക്കറി ജങ്ഷനിലായിരുന്നു കേസിനാസ്പദമായ സംഭവം. ഓള്‍ സെയിന്റ്സ് കോളേജിലെ ബിരുദ വിദ്യാര്‍ഥിനി അമൃതയും കുടുംബവും ബേക്കറി ജങ്ഷനിലെ തട്ടുകടയില്‍ ഭക്ഷണം വാങ്ങുമ്പോള്‍ സര്‍ക്കാര്‍ വാഹനത്തിലെത്തിയവര്‍ അപമര്യാദയായി പെരുമാറുകയും അസഭ്യം പറയുകയുമായിരുന്നു. അസഭ്യം അതിരുവിടുകയും അച്ഛനെ കൈയേറ്റംചെയ്യാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ അമൃത പ്രതികരിച്ചു. അമൃതയുടെ അടി കിട്ടിയതോടെ വാഹനത്തിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. ഡ്രൈവറെ സംഭവസ്ഥലത്തുവച്ച് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഓടിപ്പോയ ഒരാള്‍ക്കെതിരെ കേസെടുത്തശേഷം രണ്ടുപേര്‍ ആരെന്ന് അന്വേഷിക്കാന്‍പോലും പൊലീസ് തയ്യാറായില്ല. വാഹനത്തിലുണ്ടായിരുന്ന മൂന്നാമന്‍ ഐടി അറ്റ് സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുള്‍ നാസര്‍ കൈപ്പഞ്ചേരിയാണെന്നും ആരോപണമുണ്ട്. അതോടെ പൊലീസ് കേസ് ഒതുക്കി. ഓടിപ്പോയ രണ്ടു പ്രതികളെക്കുറിച്ചുള്ള അന്വേഷണം അവസാനിപ്പിച്ചു. അമൃതയുടെ മൊഴിപോലും രേഖപ്പെടുത്താന്‍ തയ്യാറായില്ല. ഭരണതലത്തിലെ ഇടപെടല്‍ മൂലമാണ് അന്വേഷണം നിര്‍ത്തിവച്ചത്. അനൂപിന്റെ അറസ്റ്റ് പൊലീസ് മനഃപൂര്‍വം വൈകിക്കുകയായിരുന്നു.


അമൃതക്കെതിരെ കേസെടുത്ത നടപടി അപലപനീയം: കെ കെ ശൈലജ

കണ്ണൂര്‍: പൂവാലന്മാര്‍ക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ തിരുവനന്തപുരം ഓള്‍സെയിന്റ് കോളേജ് വിദ്യാര്‍ഥിനി അമൃത മോഹനെതിരെ കേസെടുത്ത നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ പറഞ്ഞു.

വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്ന ഈ നിര്‍ദേശം കോടതി പുനഃപരിശോധിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച ശംഖുമുഖത്തെ വനിതാകൂട്ടായ്മയില്‍ പങ്കെടുത്ത് തിരിച്ചുപോകുമ്പോഴാണ് അമൃതയെയും കുടുംബത്തെയും സംസ്ഥാന ഐടി അറ്റ് സ്കൂള്‍ ഡയറക്ടറുടെ കാറിലെത്തിയ ചിലര്‍ ശല്യം ചെയ്തത്. പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രതികരിച്ചപ്പോള്‍ അക്രമികള്‍ അദ്ദേഹത്തെ കൈയേറ്റം ചെയ്തു. ഇതു കണ്ട അമൃത ശക്തമായി ചെറുത്തു. നാട്ടുകാരും പെണ്‍കുട്ടിയോടും കുടുംബത്തോടുമൊപ്പം ചേര്‍ന്ന് അക്രമികളെ തുരത്താന്‍ ഇടപെട്ടു. അമൃതയുടെ സന്ദര്‍ഭോചിത നടപടിയെ സമൂഹമാകെ ശ്ലാഘിച്ചതാണ്. വിവിധകോണുകളില്‍നിന്ന് അഭിനന്ദനപ്രവാഹമായിരുന്നു ആ പെണ്‍കുട്ടിക്ക്. എല്ലാ പെണ്‍കുട്ടികളും ഇത്തരത്തില്‍ പ്രതികരിക്കണമെന്ന അഭിപ്രായമാണ് പൊതുവെ എല്ലാവരും പങ്കുവച്ചത്. ഒരു പെണ്‍കുട്ടി നടുറോഡില്‍ ആക്രമിക്കപ്പെട്ടപ്പോള്‍ സമൂഹത്തിന്റെ കൂട്ടായ പ്രതികരണമുണ്ടായെന്നതും അഭിമാനകരമാണ്. ഇതിന്റെയെല്ലാം നിറംകെടുത്തുന്നതായി പെണ്‍കുട്ടിക്കെതിരെ കേസെടുക്കാനുള്ള നിര്‍ദേശം. ഇത്തരംഘട്ടങ്ങളില്‍ നീതിന്യായവിഭാഗം വിവേചനാധികാരം ശരിയായി വിനിയോഗിക്കേണ്ടതുണ്ട്. പെണ്‍കുട്ടികള്‍ നിരന്തരം അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ അവരുടെ പ്രതികരണങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ നീതിന്യായ സംവിധാനത്തിനും ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും കഴിയണം- പ്രസ്താവനയില്‍ പറഞ്ഞു.


deshabhimani 200213

No comments:

Post a Comment