Sunday, February 10, 2013

നെരൂദയുടെ ഭൗതികാവശിഷ്ടം പരിശോധനക്കായി പുറത്തെടുക്കുന്നു


സാന്റിയാഗൊ (ചിലി): പ്രശസ്ത ചിലിയന്‍ കവി പാബ്‌ലൊ നെരൂദയുടെ ഭൗതികാവശിഷ്ടങ്ങള്‍ പരിശോധനക്കായി ശവക്കല്ലറയില്‍ നിന്നും പുറത്തെടുക്കാന്‍ കോടതി ഉത്തരവിട്ടു. അഗസ്റ്റൊ പിനോഷെയുടെ നേതൃത്വത്തിലുള്ള സൈനിക ഭരണം നെരൂദയെ വിഷം കുത്തിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് കോടതി ഉത്തരവ്.

നൊബെല്‍ സമ്മാന ജേതാവായിരുന്ന നെരൂദ ചിലിയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് കൂടിയായിരുന്നു. സാല്‍വദോര്‍ അയാന്തെയുടെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ഗവണ്‍മെന്റിനെതിരെയുണ്ടായ അട്ടിമറിക്കു പിന്നാലെ 1973 ലാണ് നെരൂദ മരിച്ചത്. പ്രോസ്‌ട്രേറ്റ് കാന്‍സറായിരുന്നു 69 കാരനായ നെരൂദയുടെ മരണകാരണമെന്നാണ് വിശ്വസിച്ചിരുന്നത്. എന്നാല്‍ ജനറല്‍ പിനൊഷെയുടെ ഉത്തരവ് പ്രകാരം ആശുപത്രി അധികൃതര്‍ നെരൂദയെ വിഷം കുത്തിവച്ച് കൊല്ലുകയായിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. അദ്ദേഹത്തിന്റെ ഡ്രൈവറായിരുന്ന മാനുവല്‍ അരായ ഒസൊറിയൊ ആണ് ഇക്കാര്യം പറഞ്ഞത്.

അട്ടിമറിക്കപ്പെട്ട പ്രസിഡന്റ് അയാന്തെയുടെ ഉറ്റമിത്രമായിരുന്നു നെരൂദ. സൈനിക അട്ടിമറിയെ കടുത്ത ഭാഷയില്‍ അദ്ദേഹം വിമര്‍ശിച്ചിരുന്നു. രാജ്യദ്രോഹികളെന്നാണ് സൈനിക ഭരണത്തെ നെരൂദ അധിക്ഷേപിച്ചത്. സൈനിക അട്ടിമറിയുണ്ടായി 12-ാം ദിവസമാണ് തലസ്ഥാനമായ സാന്റിയാഗൊയിലെ ഒരാശുപത്രിയില്‍ അദ്ദേഹം മരിച്ചത്. സാന്റിയാഗൊ നഗരത്തിന് 120 കിലൊ മീറ്റര്‍ പടിഞ്ഞാറുള്ള ഐല നെഗ്ര എന്ന സ്ഥലത്താണ് നെരുദയുടെയും ഭാര്യയുടെയും ശവകുടീരങ്ങള്‍.

സൈനിക അട്ടിമറിയില്‍ വധിക്കപ്പെട്ട പ്രസിഡന്റ് സാല്‍വദോര്‍ അയാന്തെയുടെയും ഭൗതികാവശിഷ്ടം 2011 ഡിസംബറില്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കിയിരുന്നു.

janayugom 100213

No comments:

Post a Comment