Sunday, February 10, 2013

കരാര്‍ പുതുക്കിയില്ല; കായംകുളം നിലയത്തില്‍ വൈദ്യുതി ഉല്‍പ്പാദനം നിലച്ചേക്കും


കെ എസ് ഇ ബിയുമായുണ്ടായിരുന്ന കരാര്‍ പുതുക്കാത്തതിനെ തുടര്‍ന്ന് എന്‍ ടി പി സിയുടെ കായംകുളം നിലയത്തില്‍ വൈദ്യുതി ഉല്‍പ്പാദനം നിലയ്ക്കുമെന്ന് സൂചന.
350 മെഗാ വാട്ട് ശേഷിയുള്ള താപനിലയത്തില്‍ ഉത്പാദിപ്പിക്കുന്ന 325 മെഗാ വാട്ട് വൈദ്യുതിയും കെ എസ് ഇ ബിയാണ് വാങ്ങുന്നത്. സംസ്ഥാന വൈദ്യുതി വകുപ്പ് എന്‍ ടി പി സിയുമായി ഉണ്ടാക്കിയിരുന്ന കരാറിന്റെ കാലാവധി ഈ മാസം 28ന് അവസാനിക്കുകയാണ്. കരാര്‍ പുതുക്കിയില്ലെങ്കില്‍ മാര്‍ച്ച് ഒന്നുമുതല്‍ നിലയം അടച്ചിടേണ്ടിവരും.

കേരളത്തെ കൂടാതെ തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ വൈദ്യുതി ആവശ്യങ്ങള്‍ നിറവേറുന്നതിന് ലക്ഷ്യം വെച്ചാണ് ദക്ഷിണമേഖലാ പ്രൊജക്ട് എന്ന നിലയില്‍ കായംകുളം താപനിലയം എന്‍ ടി പി സി സ്ഥാപിച്ചത്. ഇവിടെ നിന്നുള്ള വൈദ്യുതി കേരളത്തിന് വേണ്ടെങ്കില്‍ മാത്രമേ ഇതര സംസ്ഥാനത്തേയ്ക്ക് കൊടുക്കാവൂ എന്നാണ് ധാരണ. പവര്‍ പര്‍ച്ചേസ് എഗ്രിമെന്റ് പുതുക്കുവാനുള്ള യാതൊരു നടപടികളും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടുമില്ല. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ വൈദ്യുതി ആവശ്യപ്പെട്ട് വന്നിട്ടുമില്ല. ഈ സാഹചര്യത്തിലാണ് കായംകുളം താപനിലയം പ്രതിസന്ധിയിലേയ്ക്ക് പോകുന്നത്.

താപനിലയത്തോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തില്‍ വിള്ളല്‍ വീഴ്ത്തിയതിന് പിന്നില്‍ രാഷ്ട്രീയ വിലപേശല്‍ ഉണ്ടെന്നും സൂചനയുണ്ട്. വൈദ്യുതി ക്ഷാമം രൂക്ഷമായ സംസ്ഥാനത്ത് എന്‍ ടി പി സിയുമായുള്ള കരാര്‍ പുതുക്കേണ്ടത് അത്യാവശ്യമായിരിക്കെ കെഎസ്ഇബി പുലര്‍ത്തുന്ന നിസംഗത ചിലരുടെ സ്ഥാപിത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും ആരോപണമുണ്ട്.

കെ പി സി സി പ്രസിഡന്റും ഹരിപ്പാട് എം എല്‍ എ യുമായ രമേശ് ചെന്നത്തലയുടെ മുന്‍കയ്യില്‍ പൊതു-സ്വകാര്യ സംരംഭം എന്ന നിലയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന മെഡിക്കല്‍ കോളജിന് എന്‍ ടി പി സിയുടെ സ്ഥലം ഉപയോഗിക്കാന്‍ ആയിരുന്നു നീക്കം. എന്നാല്‍ 125 കോടി രൂപ വിലമതിക്കുന്ന സ്ഥലം സൗജന്യമായി നല്‍കുന്നതിനെതിരെ എന്‍ ടി പി സിയിലെ ഉന്നതര്‍ തന്നെ നിലപാട് എടുത്തിരുന്നു. ഇത് രമേശ് ചെന്നിത്തലയുടെ സ്വപ്‌ന പദ്ധതിയെ തകിടം മറിക്കുന്ന രീതിയിലേയ്ക്ക് എത്തുകയും ചെയ്തു.

രമേശ് ചെന്നിത്തലയുടെ അടുത്ത അനുയായിയായ കെ എസ് ഇ ബി അംഗം എന്‍ ടി പി സിയുടെ നിലപാടിനെതിരെ ആഞ്ഞടിച്ചതും വിവാദമായിരുന്നു. പര്‍ച്ചേസ് കരാര്‍ പുതുക്കാത്തിന് പിന്നില്‍ സ്ഥാപിത രാഷ്ട്രീയമുണ്ടോ എന്ന സംശയത്തെ ബലപ്പെടുത്തുന്ന സംഭവങ്ങളായിരുന്നു ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞകുറെ നാളുകളായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതേസമയം കരാര്‍ പുതുക്കിയാലും ഇല്ലെങ്കിലും മാസംതോറും 20 കോടി രൂപ കെ എസ് ഇ ബി ഫിക്‌സഡ് ചാര്‍ജ്ജ് ഇനത്തില്‍ എന്‍ ടി പി സിയ്ക്ക് നല്‍കിക്കൊണ്ടിരിക്കുകയാണ്.

janayugom 100213

No comments:

Post a Comment