Sunday, February 17, 2013

ക്രിക്കറ്റ് സ്റ്റേഡിയത്തിന് നിലംനികത്തല്‍: കോടതി ഉത്തരവ്് സര്‍ക്കാരിന് തിരിച്ചടി


കൊച്ചി: ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മാണത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഒത്താശയോടെ തൊടുപുഴയില്‍ വയല്‍ നികത്തിയ കേസിലെ രേഖകള്‍ ഹാജരാക്കാനുള്ള വിജിലന്‍സ് കോടതി ഉത്തരവ്് സര്‍ക്കാരിന് തിരിച്ചടിയായി. കേസുമായി ബന്ധപ്പെട്ട കൃഷിവകുപ്പിന്റെ ഫയല്‍ ഹാജരാക്കാനാണ് കോട്ടയം വിജിലന്‍സ് കോടതി ഉത്തരവിട്ടത്. മാര്‍ച്ച് ഒന്നിന് കേസ് വീണ്ടും പരിഗണിക്കും. കോട്ടയം വിജിലന്‍സ് കോടതി ജഡ്ജി എസ് സോമനാണ് രേഖകള്‍ ഹാജരാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. പരിസ്ഥിതി പ്രവര്‍ത്തകനായ വി ഹരീഷാണ് ഹര്‍ജിക്കാരന്‍. മന്ത്രി പി ജെ ജോസഫ്, കെസിഎ സെക്രട്ടറി ടി സി മാത്യു എന്നിവരും എതിര്‍കക്ഷികളാണ്.

നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം അട്ടിമറിച്ചാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്റ്റേഡിയം നിര്‍മാണത്തിന് വയല്‍നികത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി പി ജെ ജോസഫും നേരിട്ട് ഇടപെട്ടത്. വയല്‍ നികത്തണമെന്ന അപേക്ഷ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരുന്നത് നന്നായിരിക്കുമെന്നാണ് താന്‍ കുറിപ്പില്‍ രേഖപ്പെടുത്തിയതെന്നാണ് ഉമ്മന്‍ചാണ്ടിയുടെ വാദം. അതിനാല്‍ അധികാര ദുര്‍വിനിയോഗം ആരോപിക്കുന്നത് നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, ഉമ്മന്‍ചാണ്ടിയുടെ വാദം നിലനില്‍ക്കുന്നതല്ലെന്നും മന്ത്രിസഭ പരിഗണിക്കാന്‍ നിര്‍ദേശിച്ചതുതന്നെ അധികാര ദുര്‍വിനിയോഗവും നെല്‍വയല്‍-തണ്ണീര്‍ത്തട നിയമത്തിന് എതിരുമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കാര്‍ഷികോല്‍പ്പാദന കമീഷണറായിരുന്ന സുബ്രതോ ബിശ്വാസ് തള്ളിയ അപേക്ഷയാണ് വീണ്ടും പരിഗണിക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടത്. നെല്‍വയല്‍-തണ്ണീര്‍ത്തട നിയമപ്രകാരമുള്ള "പൊതു ആവശ്യം" എന്ന നിര്‍വചനത്തിന്റെ പരിധിയില്‍ വരാത്തതുകൊണ്ടാണ് വയല്‍ നികത്താനുള്ള അപേക്ഷ നിരസിച്ചതെന്നും കമീഷണര്‍ ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍, സ്റ്റേഡിയം നിര്‍മിക്കുന്നത് പൊതു ആവശ്യം ആയതിനാല്‍ ഇത് പരിഗണിക്കേണ്ടതാണെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ആവശ്യം.

ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കാന്‍ തൊടുപുഴ മണക്കാട്ടുള്ള 10.5 ഏക്കര്‍ ഭൂമി നികത്താനുള്ള അപേക്ഷ 2011 ആഗസ്ത് 24ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടി സി മാത്യുവാണ് മണക്കാട് പഞ്ചായത്തിന്റെ പ്രാദേശിക നിരീക്ഷണസമിതിക്ക് നല്‍കിയത്. 2012 ജൂലൈ 23ന് കാര്‍ഷികോല്‍പ്പാദന കമീഷണര്‍ ഭൂമി പരിശോധിച്ച് നികത്തരുതെന്ന് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, ടി സി മാത്യുവിന്റെ അപേക്ഷ പൊതു ആവശ്യമായി പരിഗണിക്കണമെന്നുകാട്ടി സ്ഥലം എംഎല്‍എകൂടിയായ മന്ത്രി പി ജെ ജോസഫ് ജൂലൈ 11ന് മുഖ്യമന്ത്രിക്ക് കത്തുനല്‍കി. ഇത് പരിശോധിക്കണമെന്ന കുറിപ്പോടെ മുഖ്യമന്ത്രി കമീഷണര്‍ക്ക് കൈമാറി. 2012 ജൂലൈ 23ന് കമീഷണര്‍ അപേക്ഷ തള്ളി. സ്റ്റേഡിയത്തിനായി കണ്ടെത്തിയ പത്തര ഏക്കറില്‍ ആറര ഏക്കറും കരഭൂമിയാണ്. നാല് ഏക്കര്‍ നെല്‍വയലും. ഇതില്‍ രണ്ട് ഏക്കര്‍ പരിവര്‍ത്തിത നെല്‍വയലാണെന്നാണ് പറഞ്ഞിരിക്കുന്നത്. രണ്ട് ഏക്കര്‍ സാധാരണ നെല്‍വയലും. കരഭൂമി നികത്താന്‍ ക്രിക്കറ്റ് അസോസിയേഷന് സബ് കലക്ടറുടെ അനുമതി ലഭിച്ചിരുന്നു. ഇതിന്റെ മറവിലാണ് രണ്ടേക്കറോളം നികത്തിയത്.
(ശ്രീരാജ് ഓണക്കൂര്‍)

deshabhimani 170213

No comments:

Post a Comment