Wednesday, February 20, 2013
പോസ്റ്റ്മോര്‍ട്ടം ഏത് സമയത്തും
പോസ്റ്റ്മോര്‍ട്ടം 24 മണിക്കൂറും നടത്താന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. ഇതിനായി മെഡിക്കോ ലീഗല്‍ കോഡില്‍ മാറ്റം വരുത്തിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ജില്ലാ ആശുപത്രികളിലും ജനറല്‍ ആശുപത്രികളിലും ഇത് നടപ്പാക്കും. പകല്‍വെളിച്ചത്തില്‍ മാത്രമാണ് ഇപ്പോള്‍ പോസ്റ്റ്മോര്‍ട്ടം. ഈ വ്യവസ്ഥ ഒഴിവാക്കി. 24 മണിക്കൂര്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രികളില്‍ ആവശ്യമായ അടിസ്ഥാനസൗകര്യം ഏര്‍പ്പെടുത്തും. അത്യാവശ്യമായ തസ്തികകളും അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
17,000 കോടി രൂപയുടെ വാര്‍ഷികപദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ എം ചന്ദ്രശേഖറും യോഗത്തില്‍ സംബന്ധിച്ചു. പുതിയ 25 ആയുര്‍വേദ ഡിസ്പെന്‍സറികള്‍ ആരംഭിക്കും. ഓരോന്നിലും നാലുവീതം തസ്തിക അനുവദിക്കും. ആര്‍സിസിയില്‍ 43 പുതിയ സ്റ്റാഫ് നേഴ്സ് തസ്തികയ്ക്ക് അനുമതി നല്‍കി. ഗതാഗതവകുപ്പില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ 55 പുതിയ തസ്തിക അനുവദിച്ചു. റിസര്‍വ് വനം, വന്യജീവിസങ്കേതം, ദേശീയോദ്യാനം എന്നിവിടങ്ങളിലെ വനസംരക്ഷണജീവനക്കാര്‍ക്ക് റിസ്ക് അലവന്‍സ് അനുവദിക്കും. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ ഗുരുതരമായി പരിക്കേല്‍ക്കുന്ന വനസംരക്ഷണജീവനക്കാര്‍ക്ക് സ്വകാര്യാശുപത്രിയിലും ചികിത്സാസൗകര്യം ലഭ്യമാക്കും. പട്ടികജാതി വികസന വകുപ്പിനു കീഴില്‍ തുടങ്ങുന്ന മെഡിക്കല്‍ കോളേജിന് പാലക്കാട് യാക്കരയില്‍ 50 ഏക്കര്‍ ഭൂമി നല്‍കും. എറണാകുളത്ത് കേന്ദ്ര വെയര്‍ഹൗസിങ് കോര്‍പറേഷന്റെ കണ്ടെയ്നര്‍ ഫ്രെയ്റ്റ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ എഫ്എസിടിയുടെ അധീനതയിലുള്ള 25 ഏക്കര്‍ അനുവദിച്ചു.
കഴിഞ്ഞ ദിവസം ഉദ്ഘാടനംചെയ്ത എഐസിടിഇ റീജണല്‍ ഓഫീസിന് സ്വന്തം കെട്ടിടം നിര്‍മിക്കാന്‍ തിരുവനന്തപുരം ഗവ. എന്‍ജിനിയറിങ് കോളേജ് കോമ്പൗണ്ടില്‍ 50 സെന്റ് ഭൂമി നല്‍കും. പുതുതായി ആരംഭിക്കുന്ന കേരള സ്റ്റേറ്റ് ഹൗസിങ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്റെ മെമോറാണ്ടം ഓഫ് ആര്‍ട്ടിക്കിളിന് മന്ത്രിസഭ അംഗീകാരം നല്‍കി. എറണാകുളത്ത് നാഷണല്‍ സേഫ്റ്റി കൗണ്‍സിലിന്റെ സേഫ്റ്റി ട്രെയ്നിങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കാന്‍ 50 ലക്ഷം രൂപ അനുവദിച്ചു.
അഞ്ചുവര്‍ഷം തികയ്ക്കുമെന്ന് മുഖ്യമന്ത്രി
തിരു: യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികയ്ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡിഎഫ് ഒറ്റക്കെട്ടാണ്. തന്റെ സര്‍ക്കാറിന് അധികാരത്തില്‍ തുടരാന്‍ പ്രതിപക്ഷത്തിന്റെ ഔദാര്യം വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വികസനപ്രവര്‍ത്തനങ്ങളില്‍ സഹകരണം വേണം. സര്‍ക്കാരിന് നേരിയ ഭൂരിപക്ഷമേ ഉള്ളൂ. എന്നാല്‍, ഭൂരിപക്ഷത്തില്‍ എണ്ണം പ്രശ്നമല്ല. സര്‍ക്കാര്‍ തകരുമെന്നത് മനക്കോട്ട മാത്രമാണ്. കെ ബി ഗണേശ്കുമാറിനെ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ബിയുടെ കത്ത് കിട്ടിയിട്ടുണ്ടെന്നും അത് പിന്നീട് ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
deshabhimani 210213
Labels:
ആരോഗ്യരംഗം,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment