Wednesday, February 20, 2013

സുധാകരനും ബസന്തിനുമെതിരെ കേസെടുക്കണം: വൈക്കം വിശ്വന്‍


സൂര്യനെല്ലിക്കേസില്‍ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പി ജെ കുര്യനെതിരെ അന്വേഷണം നടത്തണമെന്ന് എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കുര്യന്‍ രാജ്യസഭാ ഉപാധ്യക്ഷസ്ഥാനം രാജിവയ്ക്കണം. ഇല്ലെങ്കില്‍ കുര്യനെ പുറത്താക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണം. പെണ്‍കുട്ടിയെ അവഹേളിച്ച കെ സുധാകരന്‍ എംപിക്കും ജസ്റ്റിസ് ബസന്തിനുമെതിരെ കേസെടുക്കണമെന്നും എല്‍ഡിഎഫ് യോഗം ആവശ്യപ്പെട്ടു..

സൂര്യനെല്ലിക്കേസില്‍ യുഡിഎഫ് സര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കെ സുധാകരന്റെ അവഹേളനവും വയലാര്‍ രവി ഒരു മാധ്യമപ്രവര്‍ത്തകയോട് അസഭ്യം പറഞ്ഞതും സ്ത്രീപീഡനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ പൊതുസമീപനമാണ് തെളിയിക്കുന്നത്. സുധാകരന്‍ വേശ്യയെന്നു വിളിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയും പറയുന്നു. കുര്യനെ ഏതുവിധേനയും രക്ഷിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. കുര്യന്‍ അവകാശപ്പെടുന്ന നിരപരാധിത്വം കോടതിയില്‍ തെളിയിക്കണം. തന്നെ പീഡിപ്പിച്ചതിനെക്കുറിച്ച് 17 വര്‍ഷം മുമ്പു നല്‍കിയ മൊഴിയില്‍ ഇര ഉറച്ചുനിന്നിട്ടും ഒരു കോടതിയും കുര്യനെ വിചാരണ ചെയ്തിട്ടില്ല. രാഷ്ട്രീയപ്രേരിതമായി പതിറ്റാണ്ടുകള്‍ മുമ്പുള്ള കേസ് പൊടി തട്ടി അന്വേഷിക്കുന്ന സര്‍ക്കാര്‍ ഇത്തരം കേസുകള്‍ പുനരന്വേഷിക്കാത്തത് കേരളത്തിന് അപമാനമാണ്. സുപ്രീംകോടതി വിധിയെ വരെ ചോദ്യംചെയ്താണ് ജസ്റ്റിസ് ബസന്ത് ഇരയെ അപമാനിക്കുന്ന പദപ്രയോഗം നടത്തിയത്. ന്യായാധിപസ്ഥാനത്ത് ഇരുന്നയാള്‍ ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളാണ് ബസന്തില്‍ നിന്നുണ്ടായത്. സുധാകരനാകട്ടെ പെണ്‍കുട്ടിയെ ബാലവേശ്യ എന്നു വിളിച്ചു.

കേരളത്തിന്റെ തെരുവോരങ്ങള്‍ സ്ത്രീകള്‍ക്ക് നടന്നുപോകാന്‍ പറ്റാത്ത അവസ്ഥയിലേക്കെത്തി. സര്‍ക്കാര്‍ വാഹനത്തില്‍ വന്ന മൂന്നുപേരാണ് അമൃത എന്ന പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയത്. മൂന്നുപേര്‍ ഉള്‍പ്പെട്ട സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ മാത്രമാണ് നടപടിയെടുത്തത്. ഇപ്പോള്‍ അമൃതയ്ക്കെതിരെ കേസെടുത്തു. അതിക്രമത്തില്‍ നിന്ന് സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്നില്ലെന്നു മാത്രമല്ല അതിനെ ചോദ്യംചെയ്താല്‍ കേസില്‍ കുടുക്കുമെന്നതാണ് യുഡിഎഫ് സമീപനം. സര്‍ക്കാരിന്റെ മൂല്യബോധനപരിപാടികളില്‍ പോലും സ്ത്രീകളെ അപമാനിക്കുകയാണെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

deshabhimani 200213

No comments:

Post a Comment